തിരുവനന്തപുരം : എംജി റോഡ് പാര്‍ക്കിങ് ഏരിയ സ്വകാര്യ ഹോട്ടലിന് വാടകയ്ക്ക് നല്‍കിയത് വിവാദമായതോടെ കരാര്‍ റദ്ദാക്കി വിവാദം ഒഴിവാക്കാന്‍ നീക്കവുമായി തിരുവനന്തപുരം നഗരസഭ. റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് അനുമതി നല്കാന് സര്‍ക്കാരിന് പോലും അവകാശമില്ല, അതിനിടെയാണ് നഗരസഭ പാര്‍ക്കിങ് ഏരിയ പ്രതിമാസം 5000 രൂപയ്ക്ക് വിട്ട് നല്‍കിയത്. ഇതിനെതിരെ നിരവധി പ്രതിഷേധം ഉയര്‍ന്നതോടെയാണ് നഗരസഭ ഉത്തരവ് റദ്ദാക്കാന്‍ ഒരുങ്ങിയത്.
കൂടാതെ പാര്‍ക്കിങ് ഏരിയ സ്വകാര്യ ഹോട്ടലിന് വിട്ടു നല്‍കിയത് നിയമ വിരുദ്ധമാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പൊതുമരാമത്ത് വകുപ്പിന് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. സംഭവം വിവാദത്തിലേക്ക് നീങ്ങുന്നത് ഒഴിവാക്കുന്നതിനായാണ് നഗരസഭയുടെ ഇപ്പോള്‍ ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്. 2017 മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ പാര്‍ക്കിങ് ഏരിയ വാടകയ്ക്ക് നല്‍കുന്നുണ്ട്. വാടകയ്ക്ക് എടുക്കുന്നയാള്‍ മാസം തോറും അതിനുള്ള പണം നേരിട്ട് നഗരസഭയില്‍ അടയ്ക്കുന്നതാണ് രീതി. അതേസമയം പാര്‍ക്കിങ്ങിനായി എത്തുന്ന പൊതുജനങ്ങളെ തടസപ്പെടുത്തരുതെന്നും കരാറില്‍ പറയുന്നുണ്ട്. ഇത് ലംഘിച്ചതായി കണ്ടെത്തിയാല്‍ സ്വകാര്യ ഹോട്ടലുമായുണ്ടാക്കിയ കരാര്‍ റദ്ദ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നുണ്ട്.
അതിനിടെ സംഭവം വിവാദമായതോടെ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്ന് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വാടകയ്ക്ക് നല്‍കിയത് നിയമ വിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നഗരസഭ ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്.
തിരുവനന്തപുരം എംജി റോഡില്‍ ആയുര്‍വേദ കോളേജിന് എതിര്‍വശത്ത് അടുത്തിടെ ആരംഭിച്ച അന്ന ഭവന് എന്ന സ്വകാര്യ ഹോട്ടലിലിന്റെ മുന്നിലെ പാര്‍ക്കിങ് ഏരിയയാണ് നഗരസഭ വിട്ടു നല്‍കിയത്. മേയര്‍ ആര്യരാജേന്ദ്രന്റെ നേതൃത്വത്തില്‍ ട്രാഫിക് ഉപദേശക സമിതി യോഗം ചേര്‍ന്നാണ് ഹോട്ടലിന് മുന്നിലുള്ള ഏരിയ പ്രതിമാസസസ 5,000 രൂപ നിരക്കില്‍ അവരുടെ പാര്‍ക്കിങ് ഏരിയയാക്കി വിട്ടു നല്‍കിയത്. തുടര്‍ന്ന് ഹോട്ടലിന് മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്യാനെത്തിയ പൊതുജനങ്ങളെ സെക്യൂരിറ്റി തടഞ്ഞതോടെയാണ്് കരാര്‍ പുറത്തറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: