ജാതിരാഷ്‌ട്രീയം കൊടികുത്തി വാഴുന്ന ഉത്തരേന്ത്യയിലെ യാദവഗോദയില്‍ നിറഞ്ഞുകളിച്ച ഗാട്ടാ ഗുസ്തിക്കാരന്റെ അരങ്ങൊഴിയലാണ് മുലായംസിംഗ് യാദവിന്റെ മരണത്തോടെ സംഭവിച്ചിരിക്കുന്നത്. ഗുസ്തിക്കാരന്റെ അടിയും തടയും പഠിച്ച് അതീവ മെയ് വഴക്കത്തോടെ എതിരാളിയെ മലര്‍ത്തിയടിച്ചിരുന്ന ഹനുമാന്‍ ഭക്തനായ മുലായം പക്ഷേ രാഷ്‌ട്രീയത്തില്‍ ഒരുപടി കൂടി കടന്ന് എതിരാളികളോട് പലപ്പോഴും സന്ധിചെയ്തിരുന്നു. എന്തായാലും മൂന്നുതവണ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയും ഒരുതവണ രണ്ടു മന്ത്രിസഭകളിലായി ഇന്ത്യന്‍ പ്രതിരോധമന്ത്രിയുമായി അദ്ദേഹം. എന്തായാലും മുലായംസിംഗിന്റെ മരണം ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ യാദവമുന്നേറ്റത്തിലെ വഴിത്തിരിവാകുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
1939 നവംബര്‍ 22ന് യുപിയിലെ ഇറ്റാവ ജില്ലയിലെ സായ്ഫായ് ഗ്രാമത്തില്‍ സുധര്‍സിംഗിന്റെയും മൂര്‍ത്തീദേവിയുടെയും മൂത്തമകനായി ജനനം. കര്‍ഷകകുടുംബത്തില്‍ ജനിച്ച് മണ്ണിന്റെ മണമറിഞ്ഞു വളര്‍ന്ന മുലായം കെ കെ കോളജില്‍ ചേര്‍ന്ന് പഠിക്കാനാരംഭിച്ചപ്പോഴാണ് രാം മനോഹര്‍ ലോഹ്യ എന്ന ഇന്ത്യകണ്ട എക്കാലത്തെയും മികച്ച സോഷ്യലിസ്റ്റ് നേതാവുമായി അടുക്കുന്നത്. ലോഹ്യ എഡിറ്ററായിരുന്ന ജാന്‍ എന്ന പത്രത്തിന്റെ സ്ഥിരം വായനക്കാരനായിരുന്ന മുലായം വൈകാതെ സോഷ്യലിസ്റ്റ് ചിന്താഗതി പിന്തുടരാനും ആരംഭിച്ചു. കലാലയം പഠനകാലത്തു തന്നെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച മുലായം ഒരുതവണ യൂണിയന്‍ പ്രസിഡന്റായി വിജയിച്ചു. അക്കാലത്ത് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ നിരവധി റാലികളിലും പ്രക്ഷോഭങ്ങളിലും മുലായം പങ്കെടുത്തിരുന്നു. അധ്യാപകനാകണമെന്ന ആഗ്രഹം മുന്‍നിര്‍ത്തി മുലായം ആഗ്ര സര്‍വകലാശാലയില്‍ നിന്ന് ബി റ്റി ബിരുദവും രാഷ്‌ട്രതന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. പക്ഷേ പിതാവ് സുധര്‍സിംഗിന് മൂത്തമകനെ ഗുസ്തിക്കാരനാക്കണമെന്നായിരുന്നു ആഗ്രഹം. പിതാവിന്റെ ആഗ്രഹസാഫല്യത്തിനായി മുലായം ഗുസ്തിയും പഠിച്ചു. നിരവധി ഗുസ്തിമത്സരങ്ങളില്‍ പങ്കെടുത്ത മുലായം താന്‍ മോശക്കാരനല്ലെന്ന് എതിരാളികള്‍ക്ക് വളരെവേഗം മനസ്സിലാക്കി കൊടുത്തു. അങ്ങനെ മെയ്ന്‍പുരിയിലെ ഗുസ്തിമത്സരവേദിയില്‍വച്ചാണ് മുലായത്തിന്റെ ജീവിതത്തിലെ വഴിത്തിരിവുണ്ടാകുന്നത്. തട്ടിലെ ഗുസ്തി വെടിഞ്ഞ് മുലായം രാഷ്‌ട്രീയഗോദയിലേക്ക് ഇറങ്ങുന്നത് ഇവിടെ നിന്നുമാണ്. പില്ക്കാലത്ത് മുലായത്തിന്റെ രാഷ്‌ട്രീയഗുരുവായി തീര്‍ന്ന പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായ നത്തുസിംഗിനെ പരിചയപ്പെടുന്നത് ഇവിടെ വച്ചായിരുന്നു. ഫലമോ 1967ല്‍ ജന്മദേശമായ സായ്ഫായ് ഗ്രാമം ഉള്‍പ്പെടുന്ന മെയ്ന്‍പുരി മണ്ഡലത്തില്‍ നിന്ന് സോഷ്യലിസ്റ്റ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച് യുപി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. അങ്ങനെ വീണതു വിദ്യയാക്കുന്ന മുലായം ഗുസ്തിയെക്കാളും തനിക്കിണങ്ങുന്നത് രാഷ്‌ട്രീയമാണെന്ന് തിരിച്ചറിഞ്ഞു. ലോഹ്യയുടെ മരണശേഷം ജെപി എന്ന ജയപ്രകാശ് രാജ്‌നാരായണന്‍ നേതൃത്വം നല്കിയ സോഷ്യലിസ്റ്റ് വിഭാഗത്തിന്റെ യുവത്വം തുളുമ്പുന്ന മുഖമായ മുലായത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
1974ല്‍ മുലായം മറ്റുചില രാഷ്‌ട്രീയപ്പാര്‍ട്ടികളുമായി ചേര്‍ന്ന് ഭാരതീയ ലോക്ദള്‍ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി. തുടര്‍ന്ന് 75ല്‍ അടിയന്തരാവസ്ഥയുടെ ഞെരിച്ചിലില്‍ മുലായവും ജയിലിലടയ്‌ക്കപ്പെട്ടു. അതിനു മുമ്പുതന്നെ സോഷ്യലിസ്റ്റ് നേതാവായിരുന്ന ചരണ്‍സിംഗിന്റെ രാഷ്‌ട്രീയവുമായും മുലായം അടുത്തു. ജയില്‍വാസം വാസ്തവത്തില്‍ മുലായത്തിനെ തികഞ്ഞ രാഷ്‌ട്രീയക്കാരനായി മാറാന്‍ സഹായിച്ചു എന്നതാണ് സത്യം. അടിയന്തരാവസ്ഥ പിന്‍വലിച്ചതിനെ തുടര്‍ന്ന് 1977ല്‍ ജനതാപാര്‍ട്ടി ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ച മുലായം സഹകരണമൃഗസംരക്ഷണഗ്രാമീണ വ്യവസായവകുപ്പുകളുടെ മന്ത്രിയായി.
കേന്ദ്രത്തിലെ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാസര്‍ക്കാര്‍ അകാലചരമം അടഞ്ഞതോടെ ചരണസിംഗ് കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായി. ആ സര്‍ക്കാരിനും അധികം ആയുസ്സുണ്ടായില്ല. അങ്ങനെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോയി. തുടര്‍ന്ന് 1980ല്‍ ആഞ്ഞടിച്ച കോണ്‍ഗ്രസ് തരംഗത്തില്‍ മുലായത്തിനും കാലിടറി. സായ്ഫായ് നിവാസിയായ കോണ്‍ഗ്രസിലെ ബല്‍റാം സിംഗില്‍ നിന്ന് മുലായത്തിന് പരാജയം രുചിക്കേണ്ടിവന്നു. പക്ഷേ ഗുസ്തിക്കാരന്റെ മെയ് വഴക്കത്തോടെ ആ പരാജയത്തില്‍ നിന്ന് വഴുതിമാറി മുലായം ലോക്ദളിന്റെ സംസ്ഥാന പ്രസിഡന്റായി അവരോധിക്കപ്പെട്ടു. തുടര്‍ന്ന് 1984ല്‍ ചരണ്‍സിംഗ് പുതുതായി രൂപീകരിച്ച ദളിത് മസ്ദൂര്‍ കിസാന്‍ പാര്‍ട്ടിയുടെ സംസ്ഥാനപ്രസിജന്റായും മുലായം നിയോഗിക്കപ്പെട്ടു.
അടിവച്ച് അടിവച്ച് രാഷ്‌ട്രീയഗോദയില്‍ മുന്നേറിയിരുന്ന മുലായം 1989 ഡിസംബര്‍ 5ന് യുപി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. കേന്ദ്രത്തിലെ രാജീവ് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ തിരഞ്ഞെടുപ്പില്‍ തോല്പിച്ച് ബിജെപിയുടെ പിന്തുണയോടെ വി.പി. സിംഗിന്റെ നേതൃത്വത്തിലുള്ള ജനതാസര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മുലായത്തിന്റെയും ഗ്രാഫ് ഉയരാന്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പിന് മുമ്പു തന്നെ കത്തിക്കയറിയ അയോധ്യപ്രക്ഷോഭം വി.പി. സിംഗ് അധികാരമേറ്റശേഷം വര്‍ധിതവീര്യത്തോടെ രാജ്യത്തെമ്പാടും അലയടിച്ചു. കൂട്ടത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവായി എല്‍.കെ. അദ്വാനി രഥയാത്ര നടത്താനും ആരംഭിച്ചു. രാമക്ഷേത്രം അയോധ്യയില്‍ തന്നെ നിര്‍മിക്കും എന്ന ബിജെപിയുടെ മുദ്രാവാക്യം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയത് യുപി മുഖ്യമന്ത്രിയായിരുന്ന മുലായംസിംഗിനായിരുന്നു. എക്കാലവും തന്നോടൊപ്പം നിന്നിട്ടുള്ള മുസ്ലിം വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താന്‍ ഏതറ്റം വരെ പോകാനും മുലായം മടിച്ചില്ല. അങ്ങനെ അടിമുടി മുസ്ലിംപ്രീണനമായതോടെ മുലായത്തിന് മൗലാന മുലായം എന്ന പേരുവീണു.
ഏതുവിധേനെയും രഥയാത്ര യുപിയില്‍ പ്രവേശിക്കാതിരിക്കാന്‍ മുലായം പതിനെട്ടടവും പയറ്റി. ഒടുവില്‍ 1990 ഒക്ടോബര്‍ 24ന് ബീഹാറില്‍ വച്ച് ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാര്‍ രഥയാത്ര തടഞ്ഞ് അദ്വാനിയെ അറസ്റ്റുചെയ്തു. തത്കാലം മുലായം രക്ഷപ്പെട്ടെങ്കിലും ആ അറസ്റ്റ് വി.പി. സിംഗ് സര്‍ക്കാരിന്റെ പതനത്തിലേക്കാണ് വഴിവച്ചത്. രഥയാത്രയും രാമക്ഷേത്ര നിര്‍മാണവും അയോധ്യപ്രക്ഷോഭവും തണുപ്പിക്കാന്‍ മുലായത്തിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ‘മണ്ഡല്‍’ പരിപാടി വിജയിച്ചുമില്ല. വി.പി. സിംഗ് വീണതോടെ ജനതാദള്‍ പിളര്‍ന്നു. കോണ്‍ഗ്രസ് പിന്തുണയോടെ ചന്ദ്രശേഖരന്‍ പ്രധാനമന്ത്രിയായി. കളം അറിഞ്ഞു കളിക്കുന്ന മുലായത്തിലെ രാഷ്‌ട്രീയക്കാരന്‍ സമയം ഒട്ടും പാഴാക്കിയില്ല. ചന്ദ്രശേഖറിനൊപ്പം ചേര്‍ന്ന് കളം മാറ്റി ചവിട്ടി. പക്ഷേ അതുകൊണ്ട് തീര്‍ന്നില്ല. കര്‍സേവകരെ പിരിച്ചുവിടാനും അയോധ്യപ്രക്ഷോഭം അടിച്ചമര്‍ത്താനും മുലായം യുപി പോലീസിന് നിര്‍ദ്ദേശം നല്കി. ഇതിന്റെ ഭാഗമായി 1990 ഒക്ടോബര്‍ 30നും നവംബര്‍ 2നും കര്‍സേവകര്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ മുലായം ഉത്തരവിട്ടു. ഏതാണ്ട് 50ലധികം കര്‍സേവകരാണ് ആ പോലീസ് വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടത്. അമ്പതിനായിരത്തിലധികം കര്‍സേവകരെ നേരിടാന്‍ ഉത്തര്‍പ്രദേശ് പോലീസ് സേനയുടെ 28,000 പോലീസുകാരെയാണ് മുലായം നിയോഗിച്ചത്. പോലീസ് ഇടപെട്ട് കര്‍സേവകരെ തടഞ്ഞെങ്കിലും സംന്യാസിമാരുടെ നേതൃത്വത്തില്‍ 10,000 ത്തിലധികം കര്‍സേവകര്‍ പോലീസ് ബാരിക്കേഡ് ഭേദിച്ച് തര്‍ക്കഭൂമിയില്‍ പ്രവേശിച്ചു. കൊല്‍ക്കത്തയില്‍ നിന്നുള്ള രാമഭക്തരായ കോത്താരി സഹോദരന്മാര്‍ തര്‍ക്കമന്ദിരത്തിന് മുകളില്‍ കയറി രാമപതാക പാറിച്ചു. തുടര്‍ന്ന് സംന്യാസിമാര്‍ മന്ദിരത്തിനുള്ളില്‍ പ്രതിഷ്ഠിച്ചിരുന്ന രാമവിഗ്രഹത്തില്‍ പൂജ നടത്തി. അയോധ്യയ്‌ക്ക് മുകളിലൂടെ ഒരു കാക്കയെ പോലും പറക്കാന്‍ അനുവദിക്കില്ലെന്ന മുലായത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനേറ്റ കനത്ത അടിയായിരുന്നു ഈ സംഭവം. അങ്ങനെയാണ് പവിത്രമായ രാമജന്മഭൂമിയില്‍ പോലീസ് വെടിവയ്‌പ്പുണ്ടായതും അനേകം കര്‍സേവകര്‍ മരിച്ചുവീണതും. നവംബര്‍ 2നും ഇതുതന്നെ സംഭവിച്ചു. പോലീസ് വെടിവയ്‌പ്പില്‍ കോത്താരി സഹോദരങ്ങളടക്കം കൊല്ലപ്പെട്ടു. ജനവികാരം എതിരായതോടെ 1991 ജനുവരി 24ന് മുലായം സിംഗ് രാജിവച്ചു. ബിജെപിയിലെ കല്യാണ്‍സിംഗ് മുഖ്യമന്ത്രിയായി.
ഇക്കാലയളവില്‍ നിസ്സാരകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചു. രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങി. മുലായം രാജിവച്ചതോടെ മായാവതി യുപി മുഖ്യമന്ത്രിയായി. അതിനും അധികം ആയുസ്സുണ്ടായില്ല. വൈകാതെ യുപി രാഷ്‌ട്രപതി ഭരണത്തിനു കീഴിലായി. 1993 ഡിസംബര്‍ 5ന് വീണ്ടും യുപി മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന മുലായം 95 ജൂണ്‍ 3ന് രാജിവച്ചു. ഇക്കുറി ബിജെപി പിന്തുണയോടെ മായാവതി യുപി മുഖ്യമന്ത്രിയായി. മായാവതിയെ പിന്തുടര്‍ന്ന് 2003 ആഗസ്ത് 29ന് മുഖ്യമന്ത്രിയായ മുലായം 2007 മെയ് 11 വരെ ആ കസേരയില്‍ അമര്‍ന്നിരുന്നു. പക്ഷേ മായാവതിക്കായി വീണ്ടും സ്ഥാനം ഒഴിഞ്ഞുകൊടുക്കാനായിരുന്നു മുലായത്തിന്റെ വിധി. പിന്നീട് 2012ല്‍ മൃഗീയ ഭൂരിപക്ഷത്തോടെ സമാജ് വാദിപാര്‍ട്ടി അധികാരത്തിലെത്തിയെങ്കിലും പുത്രവാത്സല്യം മുന്‍നിര്‍ത്തി യുപിയുടെ മുഖ്യമന്ത്രിക്കസേര മുലായം മകന്‍ അഖിലേഷ് യാദവിന് നല്കുകയായിരുന്നു. അങ്ങനെ മൂന്നു വ്യത്യസ്ത തവണകളിലായി ആറുവര്‍ഷവും 274 ദിവസവുമാണ് മുലായംസിംഗ് യാദവ് യുപിയുടെ മുഖ്യമന്ത്രിയായത്. തരാതരം ബിജെപി ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ നേടി അധികാരം നിലനിര്‍ത്താന്‍ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു. അധികാരം ലഹരിയായി കൊണ്ടു നടന്നിരുന്ന മുലായം ഒടുവില്‍ പിന്തുടര്‍ച്ചാവകാശിയായി മകനെ വാഴിച്ച് തട്ടകം രാജ്യതലസ്ഥാനമായ ന്യൂദല്‍ഹിയിലേക്ക് മാറ്റിയെങ്കിലും തിരിച്ചുവരവുണ്ടായില്ല. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ സമവായത്തിലൂടെ പ്രധാനമന്ത്രിയാകാമെന്നായിരുന്നു അദ്ദേഹത്തിന്റെ മോഹം. പക്ഷേ ഗുജറാത്തില്‍ നിന്ന് രാജ്യമെമ്പാടും ആഞ്ഞുവീശിയ മോദിതരംഗം മുലായത്തിന്റെ മോഹത്തെ കടപുഴക്കിയെറിഞ്ഞു.
രാഷ്‌ട്രീയത്തില്‍ വിജയപരാജയങ്ങളുടെ മധുരവും കയ്പും ആവോളം നുണഞ്ഞ മുലായം പക്ഷേ മക്കള്‍ രാഷ്‌ട്രീയത്തില്‍ നിന്ന് മോചിതനായിരുന്നില്ല. ആദ്യ ഭാര്യ മാലതീദേവി 2002ല്‍ മരച്ചതോടെ 2003ല്‍ സാധനാഗുപ്ത എന്ന സ്ത്രീയെ വിവാഹം ചെയ്തു. മാലതീദേവിയില്‍ ജനിച്ചമകനാണ് അഖിലേഷ് യാദവ്. മാലതീദേവി ജീവിച്ചിരിക്കെ തന്നെ സാധനാ ഗുപ്ത എന്ന സ്ത്രീയുമായി അദ്ദേഹത്തിന് ബന്ധുണ്ടായിരുന്നതായി എതിരാളികള്‍ പ്രചരിപ്പിച്ചിരുന്നു. മാലതീ ദേവിയുടെ മരണത്തിനുശേഷം മുലായം സാധനാഗുപ്തയെ വിവാഹം ചെയ്തു. ഇവര്‍ക്കാകട്ടെ ആദ്യ വിവാഹത്തില്‍ ജനിച്ച പ്രതീക് യാദവ് എന്നൊരു മകനുണ്ട്. സാധനാഗുപ്തയുമായുള്ള വിവാഹത്തെ തുടര്‍ന്ന് ആദ്യകാലത്തൊന്നും വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പിന്നീട് മുലായത്തെ മുന്‍നിര്‍ത്തി അവര്‍ പിന്‍സീറ്റ് െ്രെഡവിംഗ് ആരംഭിച്ചതോടെ പ്രശ്‌നങ്ങളും ഉടലെടുത്തു. പാര്‍ട്ടി പൂര്‍ണമായും കൈപ്പിടിയിലൊതുക്കിയ അഖിലേഷ് പിതാവിന്റെ സഹോദരന്മാരെയും തനിക്കൊപ്പം നിര്‍ത്തി. ഇത് ഒരുവേള മുലായത്തിന്റെ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കുള്ള വഴിയില്‍ വരെ എത്തിച്ചു. എങ്കിലും ആരോഗ്യം ക്ഷയിച്ച മുലായം ആ പഴയ ഗുസ്തിക്കാരന്റെ മെയ് വഴക്കത്തോടെ തന്ത്രങ്ങളൊരുക്കി കാത്തിരുന്നു.
2014ലും 2019ലും അദ്ദേഹം യുപിയില്‍ നിന്ന് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2017ല്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ മത്സരത്തിനിറങ്ങിയ സമാജ് വാദിപാര്‍ട്ടിയെ മുച്ചൂടും തകര്‍ത്ത് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ബിജെപി ഉത്തര്‍പ്രദേശിന്റെ ഭരണം പിടിച്ചെടുക്കുന്ന കാഴ്ച മുലായത്തിന് നിസ്സഹായനായി നോക്കിനില്‌ക്കേണ്ടിവന്നു. ആ കാഴ്ച 2022ലും ആവര്‍ത്തിച്ചെങ്കിലും അഖിലേഷിന് പ്രതിപക്ഷനേതാവാകാനുള്ള അവസരമെങ്കിലും ലഭിച്ചെന്ന ആശ്വാസത്തിലായിരുന്നു ആ പഴയ ഗാട്ടാ ഗുസ്തിക്കാരന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: