കൊല്ലം: കടലാസ് രഹിത ഭരണനിര്‍വഹണം ജില്ലയില്‍ വേഗത്തിലാക്കാന്‍ നടപടികളായി. ഇതിനായി റവന്യൂ സബ് ഓഫീസുകളുടെ മേധാവിമാര്‍ക്ക് കളക്ടര്‍ എട്ടിന നിര്‍ദേശങ്ങള്‍ സര്‍ക്കുലറായി നല്‍കിയിട്ടുണ്ട്.
റവന്യൂ വകുപ്പിന്റെ കമ്പ്യൂട്ടര്‍വല്‍കരണത്തിന്റെ ഭാഗമായി ഇ-ഓഫീസ് സംവിധാനം എല്ലാ ഓഫീസുകളിലും പൂര്‍ണമായി നടപ്പാക്കാനുള്ള പ്രയത്നത്തിലാണ് ജില്ലാ ഭരണകൂടം. കടലാസ് രഹിത ഭരണനിര്‍വഹണം ഉറപ്പാക്കാനായി നിലവില്‍ ഇ ഓഫീസ് സംവിധാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന റവന്യൂ വകുപ്പിലെ ഓഫീസുകളില്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഓഫീസുകളുമായി കത്തിടപാടുകള്‍ സെന്‍ട്രല്‍ രജിസ്ട്രി യൂണിറ്റ് മുഖേന മാത്രമാക്കി. ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കേണ്ട ചുമതല കളക്ടര്‍ക്കാണ്.
ജില്ലയില്‍ ഇ ഓഫീസ് മുഖേന പ്രവര്‍ത്തിക്കുന്ന രണ്ട് റവന്യൂ ഡിവിഷണല്‍ ഓഫീസുകളും ആറ് താലൂക്ക് ആഫീസുകളും പൂര്‍ണമായും ഇനി ഇ ഓഫീസ് സംവിധാനത്തിലാകും. ഇത് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഫിസിക്കലായി കൈകാര്യം ചെയ്തുവന്നിരുന്ന എല്ലാ ഫയലുകളും സമയബന്ധിതമായി ഇ ഓഫീസ് ഫയലാക്കി മാറ്റണമെന്ന് ഓഫീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇ ഓഫീസ് തപാല്‍ മാനേജ്മെന്റ്, ഫിസിക്കല്‍ തപാല്‍ സ്കാനിംഗ് എന്നിവയ്ക്കും സിആര്‍യു മെയിലിന്റെയും ഓഫീസ് ഓദ്യോഗിക മെയിലിന്റെയും ചെക്കിംഗ് എന്നിവയ്ക്കും പരിശീലനം നേടിയ കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ സെക്ഷനില്‍ നിയോഗിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം.
ഇ ഓഫീസ് ഡിസ്ട്രിബ്യൂഷന്‍, ഡെസ്പാച്ച് എന്നിവയ്ക്ക് സെന്‍ട്രല്‍ രജിസ്ട്രി യൂണിറ്റ് (സിആര്‍യു) ഫലപ്രദമായി ഉപയോഗിക്കേണ്ട സാഹചര്യത്തിലാണിത്. ഇ ഓഫീസ് സംവിധാനത്തില്‍ പ്രവര്‍ത്തിച്ചുവരികയും അതേസമയം ബന്ധിപ്പിക്കാത്തതുമായ ഓഫീസുകളുമായുള്ള കത്തിടപാടുകള്‍ സിആര്‍യു മെയില്‍ മുഖേന നടത്തേണ്ടതാണ്. ഇതിന് ബന്ധപ്പെട്ട ഓഫീസുകളുടെ സിആര്‍യു മെയില്‍ ഐഡി, സെക്ഷനുകളില്‍ ലഭ്യമാക്കാന്‍ ഓഫീസ് മേധാവികള്‍ക്കും കളക്ടര്‍ നിര്‍ദേശം നല്കി. ഇ ഓഫീസ് സംവിധാനം ജില്ലയിലെ റവന്യൂ ഓഫീസുകളിലും ഉടനടി നടപ്പാക്കണം. സഹായത്തിനായി ജില്ലാ ഐടി സെല്ലിന്റെ സഹായം തേടാമെന്നും സര്‍ക്കുലര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: