തിരുവനന്തപുരം : എംജി റോഡ് പാര്‍ക്കിങ് ഏരിയ സ്വകാര്യ ഹോട്ടലിന് വാടകക്ക് നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വിശദീകരണവുമായി നഗരസഭ. പാര്‍ക്കിങ് ഏരിയ വാടകയ്ക്ക് നല്‍കുന്നത് പതിവാണെന്നും നഗരസഭയുടെ മറുപടിയില്‍ പറയുന്നുണ്ട്. റോഡില്‍ പാര്‍ക്കിങ്ങിന് അനുമതി നല്കാന് സര്‍ക്കാരിന് പോലും അവകാശമില്ലാതിരിക്കേയാണ് തിരുവനന്തപുരം നഗരസഭയുടെ ഈ നടപടി.
എന്നാല്‍ 2017 മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ പാര്‍ക്കിങ് ഏരിയ വാടകയ്ക്ക് നല്‍കുന്നുണ്ട്. വാടകയ്ക്ക് എടുക്കുന്നയാള്‍ മാസം തോറും അതിനുള്ള പണം നേരിട്ട് നഗരസഭയില്‍ അടയ്ക്കുന്നതാണ് രീതി. അതേസമയം പാര്‍ക്കിങ്ങിനായി എത്തുന്ന പൊതുജനങ്ങളെ തടസപ്പെടുത്തരുതെന്നും കരാറില്‍ പറയുന്നുണ്ട്. ഇത് ലംഘിച്ചതായി കണ്ടെത്തിയാല്‍ സ്വകാര്യ ഹോട്ടലുമായുണ്ടാക്കിയ കരാര്‍ റദ്ദ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നുണ്ട്.
അതിനിടെ പിഡബ്ല്യൂഡി റോഡ് അനുമതിയില്ലാതെ നഗരസഭ സ്വകാര്യ ഹോട്ടലിന് വാടകക്ക് നല്‍കിതാണോയെന്നാണ് പൊതുമരാമത്ത് വകുപ്പും പരിശോധിക്കും. സംഭവം വിവാദമായതോടെ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയറോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി.
തിരുവനന്തപുരം എംജി റോഡില്‍ ആയുര്‍വേദ കോളേജിന് എതിര്‍വശത്ത് അടുത്തിടെ ആരംഭിച്ച അന്ന ഭവന് എന്ന സ്വകാര്യ ഹോട്ടലിലിന്റെ മുന്നിലെ പാര്‍ക്കിങ് ഏരിയയാണ് നഗരസഭ വിട്ടു നല്‍കിയത്. മേയര്‍ ആര്യരാജേന്ദ്രന്റെ നേതൃത്വത്തില്‍ ട്രാഫിക് ഉപദേശക സമിതി യോഗം ചേര്‍ന്നാണ് ഹോട്ടലിന് മുന്നിലുള്ള ഏരിയ പ്രതിമാസസസ 5,000 രൂപ നിരക്കില്‍ അവരുടെ പാര്‍ക്കിങ് ഏരിയയാക്കി വിട്ടു നല്‍കിയത്. തുടര്‍ന്ന് ഹോട്ടലിന് മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്യാനെത്തിയ പൊതുജനങ്ങളെ സെക്യൂരിറ്റി തടഞ്ഞതോടെയാണ്് കരാര്‍ പുറത്തറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: