സുനീഷ് മണ്ണത്തൂര്‍
ജീവന്‍ എത്രയൊക്കെ ശ്രമിച്ചാലും സാധിക്കാത്തതും ഈശ്വരാനുഗ്രഹം കൊണ്ടുമാത്രം സാധിക്കേണ്ടതുമായ മൂന്നുകാര്യങ്ങള്‍ ഉണ്ട്. മനുഷ്യനായി ജനിക്കുക, മോക്ഷേച്ഛയുണ്ടായിത്തീരുക, ഈശ്വരസ്വരൂപനായ ഒരു ആചാര്യനെ കണ്ടുകിട്ടാനും അദ്ദേഹത്തെ ആശ്രയിക്കാനും സാധിക്കുക എന്നീ മൂന്നുകാര്യങ്ങള്‍ സാധിച്ചവന്‍ ധന്യനാണ്. അവന്റെ ജന്മം സഫലവുമാണ്. അതിനാല്‍ ഈ മൂന്നുകാര്യങ്ങളും സാധിച്ച സുകൃതികളായ മനുഷ്യര്‍ ആയുഷ്‌കാലത്തില്‍ ഒരു നിമിഷവും വെറുതെ കളയാതെ മോക്ഷപ്രാപ്തിക്കായി പരിശ്രമിക്കുകതന്നെ ചെയ്യണം. അങ്ങനെ ചെയ്യാത്തവന്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും.
എല്ലാ വ്യക്തികള്‍ക്കും ഓരോ നിയോഗങ്ങള്‍ ജഗദീശ്വരന്‍ കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. ആ നിയോഗമായിരിക്കാം വേദാമൃതാനന്ദപുരി സ്വാമികളെ മാതാ അമൃതാനന്ദമയിദേവിയുടെ അരുമ ശിഷ്യനാക്കിത്തീര്‍ത്തതും. പരിപൂര്‍ണ്ണ കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കടുംബത്തില്‍ ജനിച്ച മുല്‍ക്ക് രാജ് എന്ന പൂര്‍വ്വാശ്രമ നാമമുള്ള സ്വാമി നീണ്ട 32 വര്‍ഷമായി അമ്മയോടൊപ്പമുണ്ട്.
- എല്ലാ ഗുരുക്കന്മാര്‍ക്കും തങ്ങളുടെ കുട്ടിക്കാലമാണ് ആത്മീയതയിലേക്ക് കടന്നുവരുവാനുള്ള പാതയൊരുക്കിയത്. 1960 കാലട്ടത്തില്‍ ജനിച്ച അങ്ങയുടെ ആ ബാല്യകാലം ഓര്‍ത്തെടുക്കാമോ?
എറണാകുളം എളംകുളത്തെ പ്രമുഖ കമ്മ്യൂണിസ്റ്റ് കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ വീട്ടില്‍ രാമായണ പാരായണത്തിനോ, ഭഗവത്ഗീത അടക്കമുള്ള മതഗ്രന്ഥങ്ങള്‍ പഠിക്കാനോ ഹൈന്ദവ വേദശാസ്ത്രപഠനങ്ങള്‍ക്കോ സാഹചര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എനിക്ക് ഹൈന്ദവമായ അറിവുകള്‍ കുറവായിരുന്നു. ആകെ ഉണ്ടായിരുന്നത് പരമാര ഭഗവതിക്ഷേത്രത്തിലെ ദര്‍ശനം മാത്രമായിരുന്നു. പിന്നീട് എളംകുളം പൊന്നേത്ത് ഭഗവതിക്ഷേത്രം, തമ്മനം അനന്തപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, താണിപ്പറമ്പ് ഭഗവതിക്ഷേത്രം, എറണാകുളം ശിവക്ഷേത്രം എന്നിവ സന്ദര്‍ശിക്കുമായിരുന്നു. ഈ കാലത്താണ് അനന്തപുരം ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന ആര്‍എസ്എസ് ശാഖയിലെത്തിയത്. അവിടെ നിന്നാണ് രാഷ്‌ട്രഭക്തിയും ഹൈന്ദവാശയങ്ങളും കൂടുതല്‍ മനസ്സിലാക്കുവാന്‍ സാധിച്ചത്.
- ആര്‍എസ്എസ് ശാഖയില്‍ പോയിട്ടും കലാലയ ജീവിതത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടതായി കേട്ടിട്ടുണ്ട്. എന്താണ് അങ്ങനെ സംഭവിച്ചത്?
പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം നേടുവാനായി ഞാന്‍ എറണാകുളം മഹാരാജാസ് കോളജിലാണ് എത്തിയത്. ബിരുദകാലഘട്ടത്തില്‍ എന്റെ സുഹൃത് വലയത്തില്‍ ഭൂരിഭാഗവും ഇടത് അനുഭാവികളായിരുന്നു. ആ സമയങ്ങളില്‍ ആര്‍എസ്എസുമായി ബന്ധപ്പെടുവാനുള്ള സാഹചര്യം ലഭിച്ചിരുന്നുമില്ല. ഞാന്‍ ആര്‍എസ്എസ് ശാഖയുമായി ബന്ധപ്പെട്ടിരുന്നത് എന്റെ വീട്ടുകാര്‍ക്കും താല്‍പര്യമില്ലായിരുന്നു. ഈ സാഹചര്യങ്ങളൊക്കെയാണ് എന്നെ അക്കാലത്ത് ഇടതുപക്ഷത്തിലേക്ക് അടുപ്പിച്ചത്. എന്നാല്‍ 1983 ല്‍ ബിരുദം പൂര്‍ത്തിയാക്കി മൂന്നു വര്‍ഷം ഞാന്‍ ജോലി ചെയ്തു. 1987 ല്‍ വീണ്ടും മഹാരാജാസില്‍ തന്നെ എംഎക്കു ചേര്‍ന്നു. ഈ സമയത്ത് എനിക്ക് ഇടതുപക്ഷ രാഷ്‌ട്രീയവുമായി ഒരു ബന്ധവുമില്ലായിരുന്നു. അന്നും തികഞ്ഞ ഈശ്വരഭക്തനായിരുന്നു. പിന്നീട് സംഘത്തിന്റെ ആശയങ്ങളെ അടുത്തറിയുവാന്‍ സാധിച്ചു.
- എങ്ങനെയാണ് അങ്ങ് അമ്മയിലേക്ക് എത്തിച്ചേര്‍ന്നത്. അത് ഓര്‍ത്തെടുക്കാമോ?
1986ലാണ് അച്ഛന്റെ സുഹൃത്തായ ചിത്രാ ഹോര്‍ഡിംഗ്‌സ് ഉടമ മാധവേട്ടന്റെ നിര്‍ബന്ധപ്രകാരം ഞങ്ങള്‍ കുടുംബ സമേതം അമ്മയെ എറണാകുളത്ത് സന്ദര്‍ശിക്കുന്നത്. കുടുംബങ്ങളിലെ മറ്റാര്‍ക്കും ആ ദര്‍ശനത്തില്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും എനിക്ക് വല്ലാത്തൊരു അനുഭവമായിരുന്നു. എന്റെ ജീവിതത്തെ മാറ്റിമറിച്ച നിമിഷമായിരുന്നു അത്. അതുവരെ അനുഭവിക്കാത്ത ഒരു മാതൃസ്‌നേഹമാണ് എനിക്ക് ലഭിച്ചത്. അമ്മയുടെ ഒരൊറ്റ ആശ്ലേഷം സ്‌നേഹത്തിന്റെ അവാച്യമായ ആത്മീയ അനുഭൂതി പ്രദാനം ചെയ്തു. അന്ന് മനസ്സില്‍ ഞാന്‍ ഉറപ്പിച്ചു, അമ്മയാണ് എന്റെ ഗുരു. തുടര്‍ന്ന് അയുദ്ധ് (അമൃത യുവധര്‍മ്മ ധാര) എന്ന് യൂത്ത് വിംഗില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അമ്മയുടെ ആദ്യകാല യുവജനക്കൂട്ടായ്മയില്‍ എനിക്ക് തുടക്കംമുതല്‍ പ്രവര്‍ത്തിക്കുവാനായി. അക്കാലത്ത് ഞങ്ങള്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ സദാ സേവന സന്നദ്ധരായി അമ്മയുടെ ആശയപ്രചാരകന്മാരായി ഉണ്ടായിരുന്നു. അമ്മയുടെ അനുവാദത്തോടെ കലൂരില്‍ ഒരു ചെറിയ ഷെഡ് ഉണ്ടാക്കി അവിടെ ഭജനയും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും ക്യാമ്പുകളും സംഘടിപ്പിച്ചു. അതില്‍ മുഴുവന്‍ ചെറുപ്പക്കാരായിരുന്നു. ഇക്കൂട്ടത്തില്‍ പലരും ഇപ്പോഴും മഠത്തിലെ അന്തേവാസികളാണ്. ചിലര്‍ എന്നോടൊപ്പം 2020 ല്‍ സംന്യാസ ദീക്ഷ സ്വീകരിച്ചു. മറ്റ് പലരും ബ്രഹ്മചാരികളായി ആശ്രമത്തിലുണ്ട്.
- പല ഭക്തരും പറഞ്ഞു കേട്ടിട്ടുണ്ട്, അമ്മയുടെ സ്‌നേഹം നിര്‍വ്വചനാതീതമാണെന്ന്. എങ്ങനെയാണ് അങ്ങേക്ക് അത് അനുഭവപ്പെട്ടത്?
അമ്മയെ കണ്ടപ്പോള്‍ ഉണ്ടായ സ്‌നേഹത്തില്‍ ഞാന്‍ അലിഞ്ഞുപോയി. അമ്മയുടെ ആത്മീയ പ്രഭാവത്തില്‍ ആരും അലിഞ്ഞ് പോകും. ഒന്ന് ആശ്ലേഷിച്ചാല്‍ മതി, അമ്മയുടെ സ്‌നേഹം നദിപോലെ ഒഴുകും. ജനങ്ങളുമായി ഇത്രയും അടുത്തിടപഴകിയ സംന്യാസികളോ സംന്യാസിനിമാരോ വേറെ ഇല്ല. അമ്മ ചെയ്യുന്നത് സ്‌നേഹം എല്ലാവര്‍ക്കും പകര്‍ന്നു നല്‍കുകയാണ്. ഏറെ ആത്മീയശക്തിയുള്ളയാളാണ് അമ്മ. അമ്മയുടെ അടുത്ത് ആര്‍ക്കും വരാം. ഭക്തരെ തൊട്ടനുഗ്രഹിക്കുന്നതിലൂടെയും അവരെ ആശ്‌ളേഷിക്കുന്നതിലൂടെയും അവര്‍ക്ക് ഒരു ആത്മീയ ഉണര്‍വ് ഉണ്ടാകുന്നുണ്ട്. ഇന്നത്തെ കാലത്ത് ആരും സ്‌നേഹം പ്രകടിപ്പിക്കുന്നില്ല. എന്നാല്‍ അമ്മ ആരുടെയും മുഖം നോക്കാതെ വാരിപ്പുണരും. ഇതുതന്നെയാണ് അമ്മയുടെ വാല്‍സല്യവും. ഇക്കാലത്ത് ലോകത്ത് ഏറ്റവും ദാരിദ്രം സ്‌നേഹത്തിനാണ്. അത് ആത്മീയതയിലൂടെ ലഭിക്കും. മനുഷ്യരില്‍ ആത്മീയ ലക്ഷ്യബോധം ഉണ്ടാക്കാനും, മനസ്സുകള്‍ക്ക് മാറ്റം ഉണ്ടാക്കാനും കഴിയുന്നത് ആത്മീയ ഗുരുക്കന്മാര്‍ക്ക് മാത്രമാണ്. അത്തരത്തില്‍ ലോകത്തിലെ ആത്മീയ ഗുരുവാണ് അമ്മ.
- ആശ്രമത്തില്‍ അമ്മയ്‌ക്കൊപ്പം ചേര്‍ന്നതിനുശേഷമുള്ള ഓര്‍മ്മകള്‍ പങ്ക് വയ്‌ക്കാമോ?
1988 എം.എ പഠനത്തിനുശേഷമാണ് വള്ളിക്കാവിലെ ആശ്രമത്തില്‍ എത്തിചേര്‍ന്നത്. വീട്ടുകാരില്‍നിന്ന് കനത്ത എതിര്‍പ്പുകള്‍ ഉണ്ടായിട്ടും അമ്മയുടെ ആശ്രിതനായി ജീവിക്കുവാന്‍ തീരുമാനിച്ചു. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ചെറിയ കുടിലുകള്‍ കെട്ടിയ ആശ്രമമായിരുന്നു. അമ്മ ദര്‍ശനം നല്‍കുന്ന കളരിയുടെയും പുതിയ ആശ്രമ മന്ദിരത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരുന്നു. വള്ളിക്കാവ് ആശ്രമം എന്നത് ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും അമ്മയുടെ തീവ്രതപസ്സിന്റേയും പുണ്യഭൂമി ആണ്. അക്കാലങ്ങളിലും അവിടെ സേവന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.
വളരെ കുറച്ച് ഭക്തന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അമ്മയുടെ ആഴ്ചയിലെ മൂന്ന് ദിവസത്തെ ദേവീഭാവദര്‍ശനത്തിന് വലിയ തിരക്കായിരുന്നു. അന്ന് ഭജനകള്‍ നടത്തിയിരുന്നത് മൈക്ക് പോലും ഇല്ലാതെയാണ്. എന്നാല്‍ ആ ഭജനകള്‍ ഉണ്ടാക്കിയിരുന്ന ആത്മീയ അന്തരീക്ഷം വളരെ വലുതായിരുന്നു. അമ്മയുടെ സ്‌നേഹത്തിനും വാല്‍സല്യത്തിനുമപ്പുറം ആശ്രമത്തിലെ ഒരോ വ്യക്തികള്‍ക്കും നല്‍കുന്ന പരിഗണന എന്നെ അത്ഭുതപ്പെടുത്തി. അന്തേവാസികള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഒരോ ജോലികളിലും അമ്മ പങ്കുചേര്‍ന്നിരുന്നു. ആശ്രമത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ അമ്മ കോണ്‍ക്രീറ്റ് പണിക്ക് കുട്ടയുമായി ഇറങ്ങി. അന്തേവാസികള്‍ക്കൊപ്പം അമ്മ സെപ്റ്റിടാങ്ക് വൃത്തിയാക്കുന്നതും ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഇതിനുപരി ഓച്ചിറക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷയാചിക്കുന്ന കുഷ്ഠരോഗിയായ ദത്തന്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ അയാളുടെ വൃണങ്ങള്‍ അമ്മ തന്റെ നാക്കുകൊണ്ട് ശുചിയാക്കിയത് എന്റെ കണ്ണുകളെ ഈറനണിയിച്ചു. ചിട്ടയായ ആത്മീയ ജീവിതത്തോടെയാണ് ഏവരും അമ്മയോടൊപ്പം കഴിഞ്ഞിരുന്നത്. കൃത്യമായ ജപവും ധ്യാനവും സേവനവും അമ്മ നിഷ്‌കര്‍ഷിച്ചിരുന്നു.
- തന്റെ ജീവിതം ഇനി അമ്മയ്‌ക്കൊപ്പമാണെന്ന് എങ്ങനെയാണ് അങ്ങേക്ക് തോന്നിത്തുടങ്ങിയത്?
1986 ന് മുന്നേ അമ്മയെക്കുറിച്ച് എനിക്ക് കേട്ടുകേള്‍വി ഉണ്ടായിരുന്നു. ഒരിക്കല്‍ ചോറ്റാനിക്കര ക്ഷേത്രം ദര്‍ശനം കഴിഞ്ഞ് മടങ്ങവേ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിന്റെ മുന്നില്‍ എത്തിയപ്പോള്‍ അവിടെ വ്യത്യസ്തമാര്‍ന്ന ശബ്ദത്തിലുള്ള ഭജന ഞാന്‍ ശ്രദ്ധിച്ചു. ബസ്സിലായിരുന്നു യാത്ര. മുന്‍സീറ്റില്‍ ഇരുന്നവര്‍ പറയുന്നത് കേട്ടു, വള്ളിക്കാവിലമ്മ ദര്‍ശനം നല്‍കുന്നതിനായി ഇവിടെ വന്നിട്ടുണ്ടെന്ന്. അന്നാണ് ആ ശബ്ദം ആദ്യമായി കേട്ടത്. കുറച്ച് നാളുകള്‍ക്കു ശേഷം മഹാരാജാസിലെ സുഹൃത്തുക്കളുമായി എറണാകുളത്ത് കറങ്ങുന്നതിനിടെ അമ്മ എറണാകുളം ടിഡിഎം ഹാളില്‍ ഉണ്ടെന്നറിഞ്ഞു. ഇതേ തുടര്‍ന്ന് ഞങ്ങള്‍ ടിഡിഎം ഹാളില്‍ പോയി. ഏതാനും ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നാമത് കുടുംബവുമായി പോയപ്പോഴാണ് എന്റെ മനസ്സില്‍ അമ്മ പ്രതിഷ്ഠിതമായത്. ടിഡിഎം ഹാളില്‍ കണ്ടിട്ടും അവഗണിച്ച മഹാത്മാവിനെയാണ് മൂന്നാം വട്ടം ഞാന്‍ അവിടെ കണ്ടത്. അതെന്റെ ജീവിതത്തില്‍ ആദ്യ ദര്‍ശനമായിരുന്നു. അന്ന് എറണാകുളം സൗത്തിലെ ഒരു വീട്ടില്‍ വെച്ചായിരുന്നു ദര്‍ശനം നല്‍കിയിരുന്നത്.
- ഹിന്ദുമതത്തിലെ ഗുരുക്കന്മാരേയും പുരാണങ്ങളേയും അവഹേളിക്കുവാനും ഇല്ലാതാക്കുവാനും ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നതായി കാണാം. എന്തുകൊണ്ടാണ് ഇവര്‍ നമ്മുടെ സംസ്‌കാരത്തെ നശിപ്പിക്കുവാന്‍ തുനിഞ്ഞിറങ്ങുന്നത്?
ഹൈന്ദവ സമൂഹം സംഘടിക്കുന്നതിനേയും ഏകീകരിക്കുന്നതിനേയും ഭയപ്പെടുന്നവരാണ് ഇത്തരം പ്രവര്‍ത്തനങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. സംന്യാസിമാരേയും ഹിന്ദു ദൈവങ്ങളേയും അവഹേളിക്കുക എന്നത് കേരളത്തിലെ ഒരു പ്രവണതയാണ്. മറ്റുള്ള മതങ്ങളിലെ ആത്മീയ നേതാക്കളോട് അനാദരവ് കാണിക്കുവാന്‍ ആരും മുതിരാറില്ല. മറ്റ് മതങ്ങളിലെ പ്രവാചകന് എതിരെയോ, അല്ലെങ്കില്‍ അവരുടെ മതത്തിലെ ദുരാചരങ്ങള്‍ക്കെതിരെയോ സംസാരിക്കുവാന്‍പോലും ആരും തയ്യാറല്ല. ഇന്ന് വര്‍ഗീയ ചേരിതിരിവ് വര്‍ദ്ധിച്ചിരിക്കുകയാണ്. പക്ഷേ ഹിന്ദുസമൂഹത്തിലെ ചെറിയ പ്രശ്‌നം പോലും പെരുപ്പിച്ച് കാണിക്കുകയാണ്. ഹിന്ദുസമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന ഒരു മഹാത്മാവ് ഉണ്ടെങ്കില്‍ താറടിച്ച് കാണിക്കുകയാണ് ചിലരുടെ പതിവ്.
ഒരു കാലത്ത് നമ്മുടേതായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍ എന്നിവ വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന് ആ മേഖലകളിലും ഹിന്ദു സമൂഹവും വിവിധ ആശ്രമങ്ങളും സംഘപരിവാര്‍ സംഘടനകളും പ്രവര്‍ത്തിക്കുവാന്‍ തയ്യാറായിരിക്കുകയാണ്. ഈ പ്രവര്‍ത്തന മികവുകൊണ്ട് നമുക്ക് ആത്മീയ ദാരിദ്ര്യം അനുഭവപ്പെടുന്നില്ല. ഇതുമൂലം നമ്മുടെ ഇടയിലുള്ള മതപരിവര്‍ത്തനങ്ങളും ചൂഷണങ്ങളും വളരെ അധികം കുറഞ്ഞിട്ടുണ്ട്. ഈ ഉണര്‍വിനെ ഭയപ്പെടുന്നവരാണ് കുല്‍സിത പ്രവര്‍ത്തനങ്ങളിലൂടെ ഹിന്ദുത്വം തകര്‍ക്കുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ നമ്മുടെ സനാതന ധര്‍മ്മത്തില്‍ ഏവര്‍ക്കും തുല്യപ്രാധാന്യമാണ് നല്‍കുന്നത്. അതിന് ഉദാഹരണമാണ് ഗള്‍ഫ് രാജ്യങ്ങളിലും മറ്റ് വിദേശ രാജ്യങ്ങളിലും ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കും ഹൈന്ദവ ആചാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നത്. കേരളത്തില്‍ ഇതിനെ അവഗണിക്കുമ്പോഴാണ് മറ്റ് രാജ്യങ്ങള്‍ ഹൈന്ദവതയെ സ്വീകരിക്കുന്നത്. ഹിന്ദുസമൂഹം എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മാത്രം ഏകീകരിക്കപ്പെടുകയും, വിഷയം അവസാനിച്ചാല്‍ വിഘടിക്കുന്ന പ്രവണതയുമാണ് കേരളത്തില്‍ കാണാനാവുന്നത്. ഇതിന് മാറ്റം വരണം.
- ഹിന്ദുസമൂഹം ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് അകന്നുപോയതായി അങ്ങേക്ക് തോന്നുന്നുണ്ടോ?
ഹിന്ദുസമൂഹത്തിന് ഇന്നും ആത്മീയ അജ്ഞത ഉണ്ട്. ആത്മീയ തത്വങ്ങള്‍ എന്താണെന്നു പോലും അറിയില്ല. അതിന്റെ തത്വങ്ങള്‍ പഠിക്കുവാന്‍ തയ്യാറാവുന്നില്ല. ഇതരമതത്തില്‍പ്പെട്ടവര്‍ തങ്ങളുടെ തലമുറയ്‌ക്ക് മതപരമായ അറിവുകളും മറ്റും പകര്‍ന്നു നല്‍കുമ്പോള്‍ ഹൈന്ദവകുടുംബങ്ങളില്‍ നാമജപം പോലും അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ കുടുംബത്തില്‍ നിന്ന് ആരെങ്കിലും ഒരാള്‍ സംന്യാസ ജീവിതത്തിലേക്ക് പോകുമെന്ന് കേള്‍ക്കുന്നത് അരോചകമായിട്ടാണ് പലര്‍ക്കും തോന്നുന്നത്. എന്നാല്‍ മറ്റുമതത്തിലുള്ളവര്‍ പുതുതലമുറയ്‌ക്ക് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. ഇത് നമ്മള്‍ തിരിച്ചറിയണം. ഹൈന്ദവത എന്താണെന്നും, നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുകളും വേദങ്ങളും എന്താണെന്നും വരുംതലമുറയെ പഠിപ്പിക്കേണ്ടത് ഓരോ ഹിന്ദുവിന്റേയും കടമയാണ്. അനാചാരങ്ങളില്‍പ്പെട്ട് വലയുകയാണ് ഹിന്ദുസമൂഹം. ലക്ഷങ്ങള്‍ മുടക്കി ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിനൊപ്പം ഹിന്ദു സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കണം. പല സപ്താഹ വേദികളും ആളൊഴിഞ്ഞ ഊട്ടുപുരകളായി മാറുന്നത് കണ്ടിട്ടുണ്ട്. ഇതെല്ലാം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
- പൊതുവേ കണ്ണൂര്‍ ജില്ലയില്‍ ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക എന്നത് ദുഷ്‌കരമായിരുന്നല്ലോ. അവിടെ അതിക്രമങ്ങള്‍ നേരിട്ടതായി കേട്ടിട്ടുണ്ട്. എങ്ങനെ ആയിരുന്നു കണ്ണൂരിലെ പ്രവര്‍ത്തനങ്ങള്‍?
കണ്ണൂര്‍ ജില്ലയില്‍ 1994 മുതല്‍ ഞാന്‍ 15 വര്‍ഷക്കാലം മഠത്തിന്റെ ചുമതലക്കാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തലശ്ശേരി, കാസര്‍ഗോഡ്, കാഞ്ഞങ്ങാട് ഭാഗങ്ങളിലായിരുന്നു പ്രധാന പ്രവര്‍ത്തനം. ഞാന്‍ അവിടെ ചെന്നപ്പോള്‍ ആശ്രമം ഇല്ല. പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടായി. കയ്യേറ്റശ്രമംവരെ ഉണ്ടായിട്ടുണ്ട്. പല പരിപാടികളില്‍ ഞാന്‍ പങ്കെടുക്കാതിരിക്കാന്‍ പലരും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. സംഘര്‍ഷഭരിത പ്രദേശങ്ങളായ പാട്യം, കൂത്തുപറമ്പ്, പയ്യന്നൂര്‍ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പയ്യന്നൂരില്‍ ആശ്രമം തീയിട്ട് നശിപ്പിച്ചിട്ടുണ്ട്.
ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പിന്നീട് ഭാഗവത ആചാര്യനുമായി മാറിയ സുബ്രഹ്യമണ്യം തിരുമുമ്പിന്റ ക്ഷേത്രത്തില്‍ എനിക്കൊരു സ്വീകരണം ഒരുക്കിയിരുന്നു. അദ്ദേഹത്തിന്റെ മകളായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ഞാന്‍ വരുന്നത് അറിഞ്ഞെത്തിയ അക്രമികള്‍ പരിപാടി തടസ്സപ്പെടുത്തി എന്നെ അക്രമിക്കുവാനും ഒരുങ്ങി. തുടര്‍ന്ന് പരിപാടി നടക്കാതെ ഞാന്‍ മടങ്ങി. അമ്മയുടെ ചിത്രം വയ്‌ക്കുന്നതിനുവരെ വിലക്കുണ്ടായിരുന്നു. അമ്മയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കടുത്ത ഭീക്ഷണികള്‍ നേരിട്ടിട്ടുണ്ട്. പക്ഷേ ഇന്ന് കാലം മാറി. അവിടെ നമ്മള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയാണ് ലഭിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ഒട്ടനവധി ക്ഷേത്രങ്ങളും സ്‌കൂളുകളും നടത്തിവരുന്നുണ്ട്. പൊതുവേ അക്രമ രാഷ്‌ട്രീയത്തിന്റെ പേരില്‍ പഴികേള്‍ക്കുന്ന നാടാണ് കണ്ണൂര്‍. കണ്ണൂര്‍ എന്നത് കണ്ണന്റെ ഊര് കൂടിയാണ്. വലിയ സ്‌നേഹം പങ്കിടുന്ന മനുഷ്യരെയാണ് അവിടെ കാണാനാവുക. 1999 ഏപ്രില്‍ ആദ്യമായി തലശ്ശേരിയില്‍ ബ്രഹ്മസ്ഥാന ക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ചു. പിന്നീട് കണ്ണൂരിലും ക്ഷേത്രപ്രതിഷ്ഠ നടത്തി. 1888 ല്‍ ശ്രീനാരായണഗുരുദേവന്‍ അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠ നടത്തി കൃത്യം 100 വര്‍ഷം തികയുന്ന വേളയില്‍ കൊടുങ്ങല്ലൂരില്‍ അമ്മ ആദ്യമായി ബ്രഹ്മസ്ഥാന പ്രതിഷ്ഠ നടത്തിയത്. ഇത് വലിയൊരു സാമൂഹ്യ മാറ്റത്തിന് തുടക്കംകുറിച്ചു.
- ഇന്നത്തെ യുവതലമുറ മദ്യത്തിനും മയക്കുമരുന്നിനും മറ്റ് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ആശ്രമത്തിന്റ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?
ആശ്രമത്തിന്റെ നേതൃത്വത്തില്‍ കോളജുകളിലും സ്‌കൂളുകളിലും അവബോധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. അവബോധ ക്ലാസ്സുകള്‍ക്ക് പുറമേ സാമൂഹിക പാരിസ്ഥിതിക രംഗത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കാന്‍ പലതരത്തിലുള്ള സെമിനാറുകളും പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ക്യാമ്പയിനുകള്‍ ‘അയുദ്ധി’ന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍വരെ നടത്താറുണ്ട്. കൂടാതെ വ്യക്തിപരമായ കൗണ്‍സിലിങ്ങുകളും ആശ്രമം നടത്തുന്നുണ്ട്.
- ഹൈന്ദവ കുടുംബങ്ങളില്‍ നിന്ന് മൂല്യങ്ങള്‍ നഷ്ടപ്പെട്ടതായി അങ്ങേക്ക് തോന്നുന്നുണ്ടോ. എന്താണ് മാതാപിതാക്കള്‍ക്കായി പറയുവാനുള്ളത്?
മൂല്യാധിഷ്ഠിതമായ ജീവിതം കുടുംബങ്ങളില്‍ നിന്നുതന്നെ ഉണ്ടാവണം. കുട്ടികള്‍ക്ക് എന്താണോ വേണ്ടത് അത് നല്‍കി അവരെ പ്രലോഭിപ്പിക്കുവാന്‍ പുറത്ത് ഒരുകൂട്ടമാളുകള്‍ നില്‍ക്കുകയാണ്. അത് നമ്മള്‍ തിരിച്ചറിയണം. കുട്ടികള്‍ക്ക് നമ്മള്‍ നല്‍കുന്ന സ്‌നേഹത്തിനും കരുതലിനുമൊപ്പം നന്മതിന്മകളെ തിരിച്ചറിയാന്‍ അവരെ പ്രാപ്തരുമാക്കണം. മൊബൈല്‍ ഫോണ്‍ മുതല്‍ സ്‌നേഹം വരെ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടികളെ സാമൂഹ്യവിരുദ്ധര്‍ വലവീശിപ്പിടിക്കുന്നത്. നമ്മള്‍ ജാഗ്രത കൈവിടരുത്. ഭാരത സംസ്‌കാരത്തിന്റേയും ദേശീയതയുടെയും മൂല്യങ്ങളും, ഹൈന്ദവ ഗ്രന്ഥങ്ങളുടെ തത്വവശങ്ങളും കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. അതല്ലെങ്കില്‍ വലിയ ദുരന്തത്തിലേക്കായിരിക്കും ഹിന്ദുസമൂഹം ചെന്നെത്തുക. കാലാനുസൃതമായി നമ്മുടെ വേദഗ്രന്ഥങ്ങളെ മനസ്സിലാക്കുകയും, അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുവാനും ശ്രമിക്കണം. അമ്മയെപ്പോലുള്ള മഹാത്മാക്കളുടെ ജീവിതം നമുക്കെന്നും പ്രചോദനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: