ബെംഗളൂരു: ഒരു കമ്പനിയില്‍ ജോലിക്കാരനായിരിക്കെ, കൂടുതല്‍ വരുമാനത്തിനായി മറ്റു കമ്പനികളില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നതിനെയാണ് മൂണ്‍ലൈറ്റിംഗ് എന്ന് വിളിക്കുന്നത്. ഇന്ന് ഇന്ത്യയുടെ ഐടി മേഖലയില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായി മൂണ്‍ലൈറ്റിംഗ് മാറിയിരിക്കുന്നു.
ഈയിടെ വിപ്രോ 300 ജീവനക്കാരെയാണ് മൂണ്‍ലൈറ്റിങ്ങിന്റെ പേരില്‍ പിരിച്ചുവിട്ടത്. തങ്ങളുടെ കമ്പനിയില്‍ മൂണ്‍ലൈറ്റിങ് അനുവദിക്കില്ലെന്ന നിപാടിലാണ് ഇപ്പോഴത്തെ ചെയര്‍മാനും അസിംപ്രേംജിയുടെ മകനുമായ റിഷാദ് പ്രേംജി. വിപ്രോയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ തങ്ങളുടെ എതിരാളികളായ കമ്പനികളില്‍ കൂടി പാര്‍ട് ടൈം ജോലി ചെയ്ത ജീവനക്കാരെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
ഐബിഎമ്മും മൂണ്‍ലൈറ്റിംഗ് പ്രവണതയ്ക്ക് എതിരാണ്. കോവിഡ് കാലത്ത് ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആരംഭിച്ചതോടെയാണ് പലരും പാര്‍ട് ടൈമായി മറ്റ് ജോലികള്‍ കൂടി ചെയ്യുന്ന പ്രവണത വര്‍ധിച്ചത്. ഇന്‍ഫോസിസും മൂണ്‍ലൈറ്റിംഗിനെതിരാണ്. പ്രധാന ജോലി ചെയ്തതിന് ശേഷം ബാക്കിസമയം മറ്റ് കമ്പനികളില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നത് നല്ല പ്രവണതയല്ലെന്ന് ഇന്‍ഫോസിസ് പറയുന്നു. ഈയിടെ പുതിയ ജോലിക്കാരെ എടുത്തപ്പോള്‍ കമ്പനി നല്കിയ തൊഴില്‍ കരാറില്‍ മൂണ്‍ലൈറ്റിംഗ് ചെയ്യരുതെന്ന് കര്‍ശനമായി വിലക്കിയിട്ടുണ്ട്.
അതേ സമയം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മൂണ്‍ലൈറ്റിംഗിനെ അനുകൂലിക്കുന്നു. “ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് ആത്മവിശ്വാസം കൂടുതലാണ്. അവരുടെ നൈപുണ്യം ഉപയോഗിച്ച് കൂടുതല്‍ വരുമാനം നേടുക എന്ന മനോഭാവം ടെകികള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണ്. ഈ പ്രവണതയ്ക്കെതിരായി, കമ്പനികള്‍ അവരുടെ ജീവനക്കാരെ മൂണ്‍ലൈറ്റിങ്ങിന്‍രെ പേരില്‍ തടയാന്‍ തുടങ്ങിയാല്‍ പരാജയപ്പെടുകയേ ഉള്ളൂ.” – രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
“പല ടെകികളും ഒരു ഐടി കമ്പനിയില്‍ മുഴുവന്‍ സമയ ജോലി ചെയ്യുമ്പോള്‍ തന്നെ സ്വന്തം സ്റ്റാര്‍ട്ടപ്പുകളില്‍ തന്നെ ബാക്കി സമയം ചെലവിടാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഒരു കമ്പനിയില്‍ ചേര്‍ന്ന് കഴിഞ്ഞാല്‍ അവിടെത്തന്നെ ജീവിതകാലം മുഴുവന്‍ ജോലി ചെയ്യുന്ന പ്രവണതയെല്ലാം എന്നേ അവസാനിച്ചു. ഇനി പല ദൗത്യങ്ങള്‍ക്കായി തങ്ങളുടെ സമയം പകുത്ത് നല്കി ജോലി ചെയ്യുന്ന ജീവനക്കാരുടെ കാലമാണ് വരുന്നത് “- രാജീവ് ചന്ദ്രശേഖര്‍ വിശദമാക്കുന്നു.
ടെക് മഹീന്ദ്ര സിഇഒ സി.പി.ഗുര്‍ണാനി പക്ഷെ ജീവനക്കാര്‍ അധികം പണം നേടുന്നതിനായി അധിക ജോലി മറ്റൊരു കമ്പനിയില്‍ ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നു. ജീവനക്കാര്‍ മൂണ്‍ലൈറ്റിംഗ് ചെയ്യുന്നത് വഞ്ചനയാണെന്ന വിപ്രോയുടെ നിലപാടിനെ സ്വാഗതം ചെയ്യാനാവില്ലെന്ന് മുന്‍ ഇന്‍ഫോസിസ് ഡയറക്ടര്‍ മോഹന്‍ദാസ് പൈ പറയുന്നു. “തൊഴില്‍ കരാര്‍ അനുസരിച്ച് ഇത്ര മണിക്കൂര്‍ നേരം ഒരു കമ്പനിയില്‍ ജോലി ചെയ്യാം എന്ന കരാറിലാണ് ഒപ്പുവെയ്ക്കുന്നത്. അതിന് ശേഷമുള്ള മണിക്കൂറുകളില്‍ ഒരു ജീവനക്കാരന് എന്ത് ചെയ്യുന്നു എന്നത് ആ ജീവനക്കാരന്റെ സ്വാതന്ത്ര്യമാണ്.”- മോഹന്‍ദാസ് പൈ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: