ന്യൂദല്‍ഹി: ചൈനയ്‌ക്ക് പകരം ഇന്ത്യയെ ലോകത്തിന്റെ തന്നെ ഫാക്ടറിയാക്കി മാറ്റാനുള്ള മോദിയുടെ നീക്കം വിജയത്തിലേക്ക്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ആപ്പിള്‍ ഐ ഫോണിന്റെ കയറ്റുമതി ഏപ്രില്‍ മുതലുള്ള അഞ്ച് മാസങ്ങളില്‍ 100 കോടിയില്‍ അധികമായി. ഇതോടെ ഇന്ത്യ ഇലക്ട്രോണിക്സ് ഉല്‍പാദനരംഗത്ത് ഒരു ശക്തിയായി വളര്‍ന്നുവരാനുള്ള ശ്രമത്തില്‍ പുരോഗതി കൈവരിക്കുകയാണ്. ഇക്കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ഇലക്ട്രോണിക്സ് വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പരിശ്രമങ്ങളും സഹായകമായിട്ടുണ്ട്.
യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയില്‍ നിര്‍മ്മിച്ച ഐ ഫോണുകളുടെ കയറ്റുമതി 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 250കോടി ഡോളര്‍ ആയി ഉയരും. ഇത് 2022 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ നേടിയ 130 കോടി ഡോളറിന്റെ ഇരട്ടിയാകും.
ഇപ്പോള്‍ ഐഫോണ്‍ ഉല്‍പാദനത്തിന്റെ ചെറിയൊരു പങ്ക് മാത്രമേ ഇന്ത്യയില്‍ നടക്കുന്നുള്ളൂ. ഇന്ത്യയെ ചൈനയ്‌ക്ക് പകരമുള്ള ലോകത്തിന്റെ ഫാക്ടറിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആപ്പിള്‍ ഐ ഫോണുകള്‍ നിര്‍മ്മിച്ചിരുന്നത് ചൈനയിലാണ്. എന്നാല്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന്റെ യുഎസ് വിരുദ്ധ നിലപാട് കാരണമാണ് ആപ്പിള്‍ മറ്റ് ഉല്‍പാദനകേന്ദ്രങ്ങള്‍ വേണമെന്ന് ആലോചിച്ചത്. ഈ അവസരം മോദിയുടെ നേതഡത്വത്തിലുള്ള സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. മാത്രമല്ല, സേവനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇന്ത്യയെ ഉല്‍പാദനമേഖലയിലേക്ക് കൂടി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് മോദി സര്‍ക്കാര്‍. ഇത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ വലിയ സംഭാവന ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.
“ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദനത്തിന്റെ തോതും കയറ്റുമതിയും ഇന്ത്യയില്‍ ആരോഗ്യകരമായി വളരുകയാണ്. ആപ്പിളിന്റെ ചൈന പ്ലസ് വണ്‍ തന്ത്രത്തില്‍ (ചൈനയ്‌ക്ക് പുറമെ മറ്റ് ഉല്‍പാദനകേന്ദ്രങ്ങള്‍ സൃഷ്ടിക്കല്‍) ഇന്ത്യ കൂടി സുപ്രധാന പങ്ക് കൈവരിക്കുകയാണ്.”- ടെക് ഗവേഷണ കമ്പനിയായ ഐഡിസിയിലെ അനലിസ്റ്റ് നവ്കേന്ദര്‍ സിങ്ങ് പറയുന്നു. ഇന്ത്യയില്‍ ഉല്‍പാദനം നടത്തുന്ന കമ്പനികള്‍ക്ക് സാമ്പത്തിക ഉത്തേജനം നല്‍കാനുള്ള ഇന്ത്യയുടെ പദ്ധതി വിജയിക്കുന്നുവെന്നതിന്റെ സൂചന കൂടിയാണിത്.
ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദകരായ തയ് വാനില്‍ നിന്നുള്ള കരാറടിസ്ഥാനത്തില്‍ ഉല്‍പാദനം നടത്തുന്ന കമ്പനികളായ ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പ്, വിസ്ട്രന്‍ കോര്‍പ്, പെഗട്രൊണ്‍ കോര്‍പ് എന്നിവരാണ് ഇപ്പോള്‍ ദക്ഷിണേന്ത്യയിലുള്ള ഉല്‍പാദനപ്ലാന്‍റുകളില്‍ ഐ ഫോണുകള്‍ നിര്‍മ്മിച്ചുവരുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ നിര്‍മ്മിച്ചത് ഏകദേശം 30 ലക്ഷം ഐഫോണുകളാണ്. ചൈനയിലാകട്ടെ ഒരു വര്‍ഷം നിര്‍മ്മിക്കുന്നത് ഏകദേശം 23 കോടി ഐ ഫോണുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: