ചെന്നൈ : ഓണ്‍ലൈന്‍ റമ്മിയും സൈബര്‍ ചൂതാട്ടങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ നിരോധനം. കളിക്കുന്നവര്‍ക്കെതിരെ മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുമെന്ന് ഉത്തരവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ പണം നഷ്ടമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിരവധി ചെറുപ്പക്കാര്‍ അടക്കം ആത്മഹത്യ ചെയ്തതോടെയാണ് തമിഴ്‌നാടിന്റെ ഈ നടപടി.
ഈ മാസം 26ന് തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവി ഒപ്പുവെയ്‌ക്കുകയും ഇത് പ്രാബല്യത്തില്‍ വരുകയും ചെയ്തിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ. ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള സമിതി നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചുകൊണ്ടാണ് ഈ നടപടി.
ഓണ്‍ലൈന്‍ ചൂതാട്ടത്തെ നിയന്ത്രിക്കാന്‍ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ നടപ്പാക്കിയ തമിഴ്‌നാട് ഗെയിമിങ് ആന്‍ഡ് പോലീസ് ലോസ് നിയമഭേദഗതി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് മറികടക്കുന്നതാണ് പുതിയ നിയമം. ഓണ്‍ലൈന്‍ ചൂതാട്ടങ്ങളില്‍ പങ്കെടുത്ത് കടക്കാരായതോടെ നിരവധി വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തിട്ടുള്ളത്. പ്രമുഖ താരങ്ങളാണ് ഓണ്‍ലൈന്‍ റമ്മി, ചൂതാട്ടങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്നത്. ഇത് യുവാക്കളെ ഈ ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ പ്രേരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിരോധനം കൊണ്ടുവന്നിരിക്കുന്നത്.
പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായം സ്വരൂപിച്ചശേഷം ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൂതാട്ടത്തിന് നിരോധനം ഏര്‍പ്പെടുത്തിയത് കൂടാതെ മറ്റ് ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കാനായി ചീഫ് സെക്രട്ടറി റാങ്കിലുള്ള വിരമിച്ച ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഗെയിമിങ് അതോറിട്ടിയും രൂപീകരിച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കില്‍ കുറയാത്ത വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍, ഓണ്‍ലൈന്‍ ഗെയിമിങ് വിദഗ്ധന്‍, മനശാസ്ത്രജ്ഞന്‍ എന്നിവരും അതോറിട്ടിയിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: