മുംബൈ : പഴം ഇറക്കുമതിയുടെ മറവില്‍ മലയാളികള്‍ മുംബൈയിലേക്ക് ലഹരിമരുന്നുമായി അയച്ച കണ്ടെയ്നര്‍ പിടിയില്‍. മലപ്പുറം സ്വദേശി മന്‍സൂര്‍ തച്ചംപറമ്പില്‍, അടുത്തിടെ ഡിആര്‍ഐയുടെ പിടിയിലായ കാലടി സ്വദേശി വിജിന് എന്നിവര്‍ ചേര്‍ന്ന് അയച്ചതാണ് കണ്ടെയ്നര്‍. വിപണിയില്‍ 520 കോടിയാണ് ഇതിന് വിലമതിക്കുന്നത്.
വിജിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓറഞ്ചിന്റെ കാര്‍ട്ടണുകളില്‍ ഒളിപ്പിച്ച വിധത്തിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ നേരത്തെ ഇറക്കിയ ഗ്രീന്‍ ആപ്പിള്‍ കണ്ടെയ്നര്‍ പരിശോധിച്ചതോടെ ഇതില്‍ നിന്നും ലഹരി മരുന്ന് കണ്ടെത്തി. 50 കിലോയോളം കൊക്കെയ്നാണ് പഴങ്ങളുടെ മറവില്‍ ഈ കണ്ടെയ്നറില്‍ നിന്നും ഡിആര്‍ഐ സംഘം കണ്ടെത്തിയത്. സംഭവത്തിലും വിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പഴങ്ങളുടെ ഇറക്കുമതിയുടെ മറവില്‍ മന്‍സൂറും വിജിനും ഇതുവരെ 1978 കോടിയുടെ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. 2018 മുതല്‍ ഇവര്‍ ഇത്തരത്തിലുള്ള ഇടപാട് നടത്തിയെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. വിജിന് വര്‍ഗീസിന്റെ കമ്പനിയായ യമ്മി ഇന്റര്‍നാഷണല്‍ ഫുഡ്സ് എന്ന കമ്പനിയുടെ പേരിലാണ് ഇറക്കുമതികള്‍ നടന്നിട്ടുള്ളത്. കാസര്‍കോട് സ്വദേശിയും സുഹൃത്തുമായ മന്‍സൂര്‍ തച്ചന് പറമ്പന്‍ എന്നയാളാണ് പിടികൂടിയ കണ്സൈന്മെന്റ് എത്തിക്കാന്‍ മുന്‍കൈ എടുത്തതെന്ന് വിജിന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുമ്പ് പലവട്ടം മന്‍സൂറുമായി ചേര്‍ന്ന് പഴവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മന്‍സൂറിന് പങ്കില്ലെന്നാണ് കുടുംബം പറയുന്നത്.
കോവിഡ് കാലത്ത് ദുബായിലേക്ക് മാസ്ക് കയറ്റി അയതിനെ തുടര്‍ന്നാണ് മന്‍സൂറും വിജിനും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. മന്‍സൂറുമായി 70:30 അനുപാതത്തിലാണ് വിജിന് ലാഭം പങ്കുവെച്ചിരുന്നത്. വിജിന്റെ സഹോദരനും യമ്മി ഇന്റര്‍നാഷണല്‍ ഫുഡ്സ് എന്ന സ്ഥാപനത്തിന്റെ സഹ ഉടമയുമായ ജിബിന്‍ വര്‍ഗീസിനെ കേന്ദീകരിച്ചും അന്വേഷണം നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: