ന്യൂയോര്‍ക്ക്: കോവിഡാനന്തര ലോകത്ത് ദരിദ്രരാഷ്‌ട്രങ്ങളുടെ സുസ്ഥിര വികസനത്തിന് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ന്യുയോര്‍ക്കില്‍ ഇന്ത്യ – യുഎന്‍ഡിപി അഞ്ചാം വാര്‍ഷികാഘോഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏറ്റവും കുറച്ച് വികസിച്ച രാജ്യങ്ങളുടെ (എല്‍ഡിസി) ദുര്‍ബല പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സുസ്ഥിര വികസനലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.
ദക്ഷിണ – ദക്ഷിണ സഹകരണത്തിന് അടിവരയിടുന്നതായിരുന്നു ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ നയം. നൂറ് രാജ്യങ്ങളിലേക്ക് 240 ദശലക്ഷത്തിലധികം വാക്‌സീന്‍ എത്തിക്കാന്‍ കഴിഞ്ഞത് ഇതിന്റെ ഭാഗമായാണ്. കഴിഞ്ഞ 75 വര്‍ഷത്തിനിടെ വികസ്വര രാജ്യങ്ങള്‍ക്കായി നിരവധി വികസനരൂപ രേഖകള്‍ തയാറാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. സാങ്കേതിക വിദ്യ, സാമ്പത്തിക ഉള്‍ക്കൊള്ളല്‍, പ്രതിരോധ വാക്‌സിനുകള്‍ തുടങ്ങി വിവിധ രൂപത്തിലാണ് ഇത് മറ്റ് രാജ്യങ്ങള്‍ക്ക് സഹായകമായത്. വികസ്വര രാജ്യങ്ങള്‍ക്ക് പിന്തുണയേകാന്‍ ഇന്ത്യ ഇനിയും തയ്യാറാണ്.
കാലാവസ്ഥാ പ്രതിരോധം, പാരിസ്ഥിതിക സുസ്ഥിരത, ലിംഗസമത്വം, പുനരുപയോഗ ഊര്‍ജം, മാതൃആരോഗ്യം, ശുദ്ധജലം, ശുചിത്വം, തുടങ്ങി നിരവധി സുപ്രധാന മേഖലയില്‍ ഇന്ത്യ – യുഎന്‍ വികസന ഫണ്ട് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ദക്ഷിണമേഖലയിലെ വികസ്വര രാജ്യങ്ങള്‍ പല തലത്തിലും പരസ്പരം ഐക്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘സുസ്ഥിരവികസനം’ എല്ലാവര്‍ക്കും എന്ന ലക്ഷ്യത്തിനായി പരസ്പര ബഹുമാനത്തോടെയും മനുഷ്യകേന്ദ്രീകൃതമായും പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: