കഴിഞ്ഞദിവസം മോട്ടോര്‍ വാഹന വകുപ്പിന് ആവേശം വളരെ കൂടുതലായിരുന്നു. നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസുകള്‍ പിടികൂടാനായിരുന്നു ഈ വീരശൂര പരാക്രമങ്ങള്‍. ഓടിയും ചാടിയും പിടിച്ചു, പല ബസുകളും. പലവിധ നിയമലംഘനങ്ങളും കണ്ടെത്തി. യാത്രക്കാരെ ആനന്ദത്തില്‍ ആറാടിക്കാന്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന ശബ്ദവിന്യാസങ്ങളും ഡാന്‍സ് ബാറുകള്‍ തോല്ക്കുന്നവിധം വെളിച്ച സംവിധാനവുമാണ് മിക്ക ടൂറിസ്റ്റ് ബസിന്റെയും അകം മുഴുവന്‍.
എതിരെ വരുന്ന വാഹനങ്ങളുടെ ശ്രദ്ധതിരിക്കുന്ന രീതിയില്‍ മുന്‍വശത്തെ ലൈറ്റ് കൊണ്ടുള്ള അലങ്കാരങ്ങളും കുട്ടികളെ ആകര്‍ഷിക്കാന്‍ ബസിന്റെ വിവിധ വശങ്ങളില് നിന്ന് പുക ഉയരുന്ന സംവിധാനവും വേഗപ്പൂട്ട് വിച്ഛേദിച്ചതുമൊക്കെയാണ് ഇന്നലെ എംവിഡി പിടികൂടിയത്. ടൂറിസ്റ്റ് ബസില്‍ അതെല്ലാം ഉണ്ടെന്ന് ഈ ഉദ്യോഗസ്ഥര്‍ അറിഞ്ഞത് ഇന്നലെയാണോയെന്ന് പലര്‍ക്കും സംശയം തോന്നാം.
നിയമലംഘനത്തിന്റെ പേരില്‍ ഇന്നലെ ടൂര്‍ പോയതും പോകാനിരുന്നതുമായ നിരവധി കുട്ടികളെ അവര്‍ സഞ്ചരിക്കേണ്ടിയിരുന്ന ബസ്സുകളുടെ നിയമലംഘനത്തിന്റെ പേരില്‍ മടക്കി അയച്ചു. രണ്ടു ദിവസം മുന്‍പ് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്റെ പുറകിലിടിച്ച് 9 ജീവനുകള്‍ പൊലിയുന്നതുവരെ ഇവര്‍ എവിടെയായിരുന്നു എന്ന് ജനങ്ങള്‍ ചോദിക്കുന്നു.
എംവിഡി യുടെ സ്പീഡ് ക്യാമറകള്‍ എന്തു ചെയ്യുകയായിരുന്നു ഇത്രയും നാള് എന്ന ചോദ്യവുമുയരുന്നുണ്ട്. കോടികള്‍ മുടക്കി സംസ്ഥാനത്തുടനീളം എത്ര ക്യാമറകള്‍ സ്ഥാപിച്ചു എന്നുവരെ ഇവര്‍ക്ക് നിശ്ചയമുണ്ടോ? ഇവയെല്ലാം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണെങ്കില്‍ ഒരു ദിവസം എത്ര നിയമലംഘനങ്ങള്‍ ഇവര്‍ക്ക് പിടികൂടാന്‍ കഴിയും. മുളന്തുരുത്തി മുതല്‍ വടക്കഞ്ചേരി വരെ അമിത വേഗത്തിലോടി അപകടമുണ്ടാക്കിയ ബസ്സിന്റെ നിയമലംഘനം എത്ര സ്പീഡ് ക്യാമറകളില്‍ രേഖപ്പെടുത്തി എന്നതും ഒരുദ്യോഗസ്ഥനും പറഞ്ഞുകേട്ടില്ല. ബസ് ഒരു ടോള്‍ ബൂത്ത് കടക്കുമ്പോള്‍ അവരുടെ ക്യാമറയിലെ ദൃശ്യങ്ങളാണ് ജനങ്ങള്‍ കണ്ടത്.
നിയമലംഘകര്‍ക്ക് ശരിയായ രീതിയില്‍ ശിക്ഷ കൊടുത്തിരുന്നുവെങ്കില്‍ അപകടങ്ങള്‍ ഒരുപരിധിവരെ കുറയ്ക്കാമായിരുന്നില്ലേ. സ്പീഡ് ഗവര്‍ണര്‍ എന്ന സംവിധാനം ബസുകളില്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ കണക്ഷന് വിച്ഛേദിച്ചിട്ടാണ് ഭൂരിപക്ഷം ബസുകളും ഓടുന്നത്. പരിശോധനയ്ക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യം അറിയുമ്പോള്‍ വേഗത്തില്‍ ഇടാവുന്ന കൊളുത്തുകള്‍ വച്ചാണ് പല ബസ്സുകളിലും തട്ടിപ്പ്. നാട്ടുകാര്‍ക്കെല്ലാം ഇതറിയാം. മോട്ടോര്‍ വാഹനവകുപ്പിന് അറിയുമോ എന്നറിയില്ല.
ടൂറിസ്റ്റ് ബസുകള്‍ പിടികൂടാന്‍ ഇറങ്ങിപ്പുറപ്പെട്ട എംവിഡി ഉദ്യോഗസ്ഥര്‍ക്ക് നിരത്തില്‍ ജനങ്ങള്‍ക്കും വാഹനയാത്രക്കാര്‍ക്കും ദുരിതം വിതച്ച് അപകടമുണ്ടാക്കി ചീറിപ്പായുന്ന സ്വകാര്യബസുകളെ നിയന്ത്രിക്കാന്‍ എന്തേ കഴിഞ്ഞില്ല എന്ന ചോദ്യത്തിന് മറുപടിയില്ല. എന്തെങ്കിലും അപകടം നടന്നാല്‍ നാലു ദിവസം റോഡില്‍ എംവിഡിയുടെ തിരക്കും റോഡ് ഷോയുമാണ്. അതു തന്നെ ഈ സംഭവത്തിലും ഇവരില്‍ നിന്ന് പ്രതീക്ഷിച്ചാല്‍ മതി. എംവിഡി രണ്ടാഴ്ച്ച കൊണ്ട് കേരളത്തിലെ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിച്ച് നിയമലംഘനം അവസാനിപ്പിക്കുന്നത് കാണാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്.
തലശ്ശേരി ബസ് സ്റ്റാന്റില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ പുറത്ത് നിര്‍ത്തി മഴ നനയിച്ച സംഭവം സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ കണ്ടതാണ്. പൊടുന്നനെ മഴ പെയ്തപ്പോള്‍ കുട കൈയില്‍ ഇല്ലാതിരുന്ന വിദ്യാര്‍ത്ഥികളാണ് ബസിനു പുറത്ത് മഴ കൊണ്ട് നില്‍ക്കേണ്ട ഗതികേടിലായത്. ഇതിന്റെ വീഡിയോ ആരോ എടുത്തത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. വിദ്യാര്‍ത്ഥി സംഘടനകളും വിഷയം ഏറ്റെടുത്തു. ബസ് പോലീസ് പിടിച്ചെടുക്കുകയും ആര്‍ടിഒ ഇടപെട്ട് ബസിനെതിരെ 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഇത് തലശ്ശേരിയില്‍ മാത്രം നടക്കുന്ന ഒരു പ്രതിഭാസമല്ല. മഴയത്തും വെയിലത്തും ബസില്‍ കയറാന്‍ ജീവനക്കാരുടെ ആജ്ഞ കാത്തുനില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എന്നും ദുരിതം തന്നെയാണ്. ഇതിനൊരു അറുതി വരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
വിനോദയാത്ര പോകാനുള്ള ബസിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ റോഡില്‍ പരിശോധനക്ക് ഇറങ്ങിയ എംവിഡി ഉദ്യോഗസ്ഥര്‍ ആദ്യം ചെയ്യേണ്ടത് സ്കൂളില്‍ പോകുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ ആട്ടിപ്പായിച്ചും പുറത്ത് നിര്‍ത്തിയും ദുരിതം തീര്‍ക്കുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെയും ബസ് ഉടമകള്‍ക്കെതിരെയും നടപടി എടുക്കുക എന്നുള്ളതാണ്. ഇതിനൊന്നും കഴിയാത്ത ഇവര്‍ തങ്ങളുടെ ഇടപെടല്‍ നടത്തിയെന്നു കാണിക്കാനായി ചില വിഷയങ്ങളില്‍ അമിതശ്രദ്ധ ചെലുത്തുന്നത് കാണുമ്പോള്‍ സഹതാപം തോന്നും. സ്വന്തം കഴിവുകേട് മറച്ചുവെക്കാനുള്ള കുതന്ത്രമായി മാത്രമേ ഇതിനെ ജനങ്ങള്‍ മനസ്സിലാക്കൂ.
ടൂറിസ്റ്റ് ബസ് വാടകയ്ക്ക് ഏല്‍പ്പിക്കാന്‍ വരുന്ന വിദ്യാര്‍ഥികളും അധ്യാപകരും ബസിനുള്ളിലെ സംവിധാനങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാത്രമേ യാത്രതീരുമാനിക്കൂ എന്ന് കഴിഞ്ഞ ദിവസം ഒരു ബസ് ഉടമ വെളിപ്പെടുത്തിയിരുന്നു. ബസിന്റെ ഉള്ളിലെ ശബ്ദ സംവിധാനവും പുകയും വെളിച്ച വിതാനങ്ങളും നോക്കി മാത്രമേ അവര്‍ ബസ് ഏല്‍പ്പിക്കുകയുള്ളൂ. ഇല്ലെങ്കില്‍ മറ്റു ബസ് തേടി പോകുമത്രെ. ഇങ്ങനെയൊക്കെ പ്രതികരണം വന്നാലും മോട്ടോര്‍ വാഹന വകുപ്പ് ചെറുവിരല്‍ അനക്കാന്‍ വഴിയില്ല. എല്ലാ ബസുകളിലും അനധികൃതമായി ചെയ്തുവരുന്ന എല്ലാ കാര്യങ്ങളും കര്‍ശനമായി നീക്കം ചെയ്താല്‍ പിന്നെ എങ്ങനെയാണ് ഒരു ബസില്‍ ഇല്ലാത്ത സൗകര്യം തേടി കുട്ടികളും അധ്യാപകരും മറ്റു ബസുകള്‍ തേടി പായുന്നത്. ചില ബസുകളില്‍ മാത്രം നിയമങ്ങള്‍ പാലിക്കുമ്പോള്‍ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി നിരത്തിനെ രക്തക്കളമാക്കുകയാണ് ഭൂരിപക്ഷം ബസ്സുകളും. ഇവരെ തളയ്ക്കാതെ, ഇവര്‍ക്കെതിരെ നടപടിയെടുക്കാതെ, ഇപ്പോള്‍ കാണിക്കുന്ന ‘ഗിമ്മിക്കുകള്‍’ ജനരോഷത്തില്‍ നിന്ന് രക്ഷനേടുന്നതിനു മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: