ടെഹ്റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ കര്‍ശനനടപടികള്‍ തുടരുന്നതിനിടെ നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളും സമരത്തില്‍ അണിനിരക്കുന്നു. ഹിജാബുകള്‍ വലിച്ചെറിഞ്ഞാണ് പള്ളിക്കൂടങ്ങളില്‍ നിന്ന് പൊതുനിരത്തിലേക്ക് പെണ്‍കുട്ടികള്‍ പ്രതിഷേധവുമായിറങ്ങിയത്. മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന് ശേഷമാരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഒരു മാസത്തോളമാകുമ്പോഴാണ് സമരം പള്ളിക്കൂടങ്ങളിലേക്കും പടരുന്നത്.
ടെഹ്‌റാനിലെ പ്രശസ്തമായ ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ കഴിഞ്ഞയാഴ്ച റാലി നടത്തിയ വിദ്യാര്‍ഥികളെ ഇറാന്‍ പോലീസ് മാരകമായാണ് നേരിട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആണും പെണ്ണുമടങ്ങുന്ന വിദ്യാര്‍ഥി പ്രക്ഷോഭകരെ സര്‍വകലാശാലാ കെട്ടിടത്തിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പോലീസ് വലിച്ചിഴച്ചു. സമരം അടിച്ചമര്‍ത്താന്‍ ഭീകരമായ അക്രമം നടത്തുന്നതിനിടെയാണ് ഭരണകൂടത്തെ ഞെട്ടിച്ച് സ്‌കൂള്‍ കുട്ടികളും നിരത്തിലിറങ്ങിയത്.
ഹിജാബുകള്‍ വലിച്ചെറിഞ്ഞ വിദ്യാര്‍ഥികള്‍ മതമേധാവികളുടെയും ഭരണാധികാരികളുടെയും ചിത്രങ്ങള്‍ പൊതുനിരത്തില്‍ കീറിയെറിഞ്ഞു. പ്രക്ഷോഭത്തെ അനുകൂലിച്ച് സ്വേച്ഛാധിപതിക്ക് മരണം എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന്റെ പേരില്‍ തിങ്കളാഴ്ച ടെഹ്‌റാന്‍ പട്ടണത്തിന് പടിഞ്ഞാറ് കരാജിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പളിനെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തട്ടമുപേക്ഷിച്ച, ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ചിത്രങ്ങള്‍ കീറിയെറിഞ്ഞ് പ്രതിഷേധമുയര്‍ത്തിയത്. നൂറുകണക്കിന് കുട്ടികള്‍ അണിനിരന്ന മാര്‍ച്ചിന്റെ വീഡിയോദൃശ്യങ്ങള്‍ ലോകമാധ്യമങ്ങളില്‍ നിറയുകയാണ്. കരാജിനടുത്ത് ഗോഹര്‍ദാഷ്ടിലും ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യമുയര്‍ത്തി പെണ്‍കുട്ടികള്‍ റാലി നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ഥിനികള്‍ ക്ലാസ് മുറികളില്‍ നിന്ന് പുറത്തിറങ്ങി ഫ്ളാഷ്മോബുകളില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും വ്യാപകമാണ്. ആയത്തുള്ള ഖൊമേനിയുടെ മതസേനയായ ബാസിജിക്കെതിരെയും പെണ്‍കുട്ടികള്‍ മുദ്രാവാക്യം മുഴക്കുന്നുണ്ട്.
അതേസമയം പതിനാറുവയസ്സുകാരായ കുട്ടികള്‍ സോഷ്യല്‍മീഡിയാ കാമ്പയിനുകള്‍ക്കടിപ്പെട്ടാണ് പ്രതിഷേധത്തിനിറങ്ങിത്തിരിക്കുന്നതെന്ന് ഇറാന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസെരി കുറ്റപ്പെടുത്തി. സര്‍വകലാശാലകളും ശാസ്ത്ര-വിദ്യാഭ്യാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഒരുവിഭാഗത്തിന്റെ നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രി യൂസഫ് നൂറിയെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍മീഡിയാ ഹാന്‍ഡിലുകളെ കര്‍ശനമായി നിയന്ത്രിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധക്കാരെ നേരിടാന്‍ കൈത്തോക്കുകള്‍ മുതല്‍ കലാഷ്‌നികോവ് റൈഫിളുകള്‍ വരെയാണ് ഉപയോഗിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടുന്നു. ഭരണകൂട അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് കടന്നതായും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: