ന്യൂദല്‍ഹി: ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയില്‍ 28 കോടി രൂപ വിലവരുന്ന വാച്ചുകളും ആഢംബര വസ്തുക്കളും പിടികൂടി. ചൊവ്വാഴ്ച ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. വജ്രം പതിച്ച ഒരു വാച്ചിന് മാത്രം 27 കോടി രൂപ വില വരും. ഇതുകൂടാതെ വിലപിടിപ്പുള്ള മറ്റ് ആറ് വാച്ചുകളും ഏഴ് ടൈംപീസുകളും വൈരക്കല്ലുകള്‍ പതിച്ച ബ്രേസ്ലെറ്റും ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 14 പ്രോയും പിടിച്ചെടുത്തിട്ടുണ്ട്.
പ്രമുഖ അമേരിക്കന്‍ വാച്ച് നിര്‍മ്മാതാക്കളായ ജേക്കബ് ആന്‍ഡ് കമ്പനിയാണ് 27,09,26,051 വിലവരുന്ന വാച്ച് നിര്‍മ്മിച്ചത്. 18 കാരറ്റ് വൈറ്റ് ഗോള്‍ഡും വജ്രവും ഉപയോഗിച്ചുള്ള ഈ വാച്ച് പ്രത്യേക ആവശ്യപ്രകാരമാണ് നിര്‍മിച്ചത്. 76 വജ്രങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. മാന്വല്‍ വൈന്‍ഡിങ് സംവിധാനമുള്ള വാച്ചാണിത്. ഇതിന്റെ സ്കെലിറ്റന്‍ ഡയലിലും വജ്രങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. യാത്രക്കാരനില്‍ നിന്ന് പിടികൂടിയ മറ്റ് വാച്ചുകളില്‍ സ്വിസ് ലക്ഷ്വറിയുടെ 31 ലക്ഷം രൂപ വിലയുള്ള ഒരു പിയാഗെറ്റ് ലൈംലൈറ്റ് സ്റ്റെല്ല വാച്ചും അഞ്ച് റോളക്സ് വാച്ചുകളും ഉള്‍പ്പെടുന്നു. റോളക്സ് വാച്ചുകള്‍ക്ക് ഓരോന്നിനും 15 ലക്ഷം രൂപ വിലവരും.
വിലകൂടിയ സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ അടയ്ക്കേണ്ടി വരുന്ന നികുതി വെട്ടിക്കാനാണ് യാത്രക്കാരന് വാച്ചുകള്‍ ഉള്‍പ്പെടെ കടത്താനുള്ള ശ്രമം നടത്തിയത്. ദല്‍ഹി വിമാനത്താവളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ കസ്റ്റംസ് വേട്ടയാണിതെന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് കമ്മീഷണര്‍ സുബൈര്‍ റിയാസ് കാമിലി അറിയിച്ചു. 60 കിലോ സ്വര്‍ണം പിടിച്ചെടുക്കുന്നതിന് തുല്യമായ വസ്തുക്കളാണ് പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. വന്‍തിരക്കുള്ള സമയത്ത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാണ്ടാക്കാതെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്ന് ദല്‍ഹി കസ്റ്റംസ് സോണിന്റെ ചീഫ് കമ്മിഷണര്‍ സുര്‍ജിത് ഭുജാപല്‍ പറഞ്ഞു. കള്ളക്കടത്ത് തടയുന്നതിലൂടെ സാമ്പത്തിക അതിര്‍ത്തികള്‍ സംരക്ഷിക്കുന്നത് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കസ്റ്റംസ് കസ്റ്റഡിയിലെടുത്ത യാത്രക്കാരനും അമ്മാവനും ദുബായില്‍ ഉള്‍പ്പെടെ ആഢംബര വാച്ചുകളുടെ റീട്ടെയില്‍ സ്റ്റോര്‍ നടത്തുന്നുണ്ടെന്നാണ് കസ്റ്റംസിന് നല്കിയ വിവരം. ദല്‍ഹിയിലെ ഒരു ഉപഭോക്താവിനായി കൊണ്ടു വന്നതായിരുന്നു വാച്ചുകള്‍. എന്നാല്‍ ഉപഭോക്താവു മായുള്ള കൂടിക്കാഴ്ച നടന്നില്ല. ഉപഭോക്താവിന്റെ പേര് വെളിപ്പെടുത്താന്‍ പ്രതി തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: