കൊല്ലം: ജോലിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുന്ന മേലുദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുന്ന രീതിയില്‍ കെട്ടിച്ചമച്ച കേസുകള്‍ വ്യാപിക്കുന്നതായി വനിതാ കമ്മിഷന് അംഗം ഷാഹിദാ കമാല്‍. തൊഴിലിടങ്ങളിലെ പീഡന കേസുകള്‍ എന്ന വ്യാജേനയുള്ള പരാതികള്‍ പ്രോത്സാഹിപ്പിക്കില്ലന്നും വ്യക്തമാക്കി.
നിയമപരമായി കമ്മീഷന്റെ അധികാരപരിധിയില്‍ വരാത്ത പരാതികള്‍ മുന്നിലെത്തുന്നത് സമയനഷ്ടത്തിനൊപ്പം പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും പഞ്ചായത്ത്തലത്തില്‍ സംഘടിപ്പിച്ചിട്ടും കുടുംബപ്രശ്നങ്ങളുടെ എണ്ണം കുറയുന്നില്ല എന്നും നിരീക്ഷിച്ചു. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിംഗില്‍ 120 പരാതികള്‍ പരിഗണിച്ചതില്‍ 44 എണ്ണം തീര്‍പ്പാക്കി. മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് തേടുന്നതിന് അയച്ചു. 73 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
കമ്മീഷന് അംഗം ഇന്ദിര രവീന്ദ്രന്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനിത റാണി, അഭിഭാഷകരായ സരിത, ജയ കമലാസനന്, ബെച്ചി, ഹേമ, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: