കോഴിക്കോട്: ആര്‍എസ്എസിനെതിരെ തെറ്റായ വസ്തുതകള്‍ പ്രസിദ്ധീകരിച്ചതില്‍ മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു. നിലപാട് ശരിയെന്ന് വാദിച്ച് സുപ്രീം കോടതിവരെ പോയി വാദിച്ച് അവിടെയും തോറ്റശേഷമാണ് മാതൃഭൂമിയുടെ ഖേദപ്രകടനം എന്നതാണ് ഏറ്റവും ശ്രദ്ധേയം.
2022 ഒക്ടോബര്‍ ഒമ്പത് ലക്കം മാതൃഭൂമി വാരികയിലാണ് ഖേദംപ്രകടിപ്പിച്ചത്. 2011 ഫെബ്രുവരി 27, മാര്‍ച്ച് അഞ്ച് ലക്കങ്ങളില്‍ ‘ആര്‍എസ്എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ’യെന്ന കവര്‍പേജ് തലക്കെട്ടോടെ ‘ഭീകരതയുടെ വൈറസ്’ എന്ന ലേഖനം പ്രസിദ്ധീകരിച്ചതിനാണ് പത്രാധിപര്‍ ഖേദപ്രകടനം നടത്തിയിരിക്കുന്നത്. ബദ്രി റെയ്നയുടേതായിരുന്നു ലേഖനം. ഇതിനെതിരെ അന്നത്തെ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഫയല്‍ ചെയ്ത കേസ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ തുടരുന്നതിനിടെയാണ് മാതൃഭൂമിയുടെ ഖേദപ്രകടനം.
സ്വാമി അസീമാനന്ദ ഹരിയാനയിലെ പഞ്ച്കുള ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ മൊഴിയെ അടിസ്ഥാനമാക്കിയെന്ന നിലയില്‍ പ്രസിദ്ധീകരിച്ച ലേഖനം വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് അഡ്വ.കെ.കെ. ബാലറാം 2013 മാര്‍ച്ച് 19 ന് മാതൃഭൂമിക്കെതിരെ വക്കീല്‍നോട്ടീസ് അയച്ചിരുന്നു. ആര്‍എസ്എസ്സിനെ തേജോവധംചെയ്യാന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന ആസൂത്രണമാണ് സ്വാമി അസീമാനന്ദയുടെ പേരില്‍ വ്യാജമൊഴി ഉണ്ടാക്കിയത്. മൊഴി സ്വമേധയാ നല്‍കിയതല്ലെന്നും ബലം പ്രയോഗിച്ച് ഒപ്പിടുവിച്ചതാണെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് 2019 ല്‍ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ബദ്രി റെയ്ന അന്വേഷണത്തിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലേഖനമാണെന്നായിരുന്നു മാതൃഭൂമി വക്കീല്‍ നോട്ടീസിന് ആദ്യം മറുപടി നല്‍കിയത്.
മറുപടി അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മാതൃഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ എം.എന്‍. രവിവര്‍മ്മ, മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്, അന്നത്തെ എഡിറ്റര്‍ കെ.കെ. ശ്രീധരന്‍നായര്‍, ഡെപ്യൂട്ടി എഡിറ്റര്‍ എം.പി. ഗോപിനാഥ്, അസിസ്റ്റന്റ് എഡിറ്റര്‍ കമല്‍റാം സജീവ്, ലേഖകന്‍ ബദ്രി റെയ്ന പരിഭാഷക കെ.പി. ധന്യ തുടങ്ങി ഒമ്പത് പേരെ പ്രതിചേര്‍ത്തായിരുന്നു കേസ്.
കേസ് തള്ളണമെന്നാവശ്യപ്പെട്ട് മാതൃഭൂമി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് തള്ളി. പരാതിക്കാരന് കേസ് ഫയല്‍ ചെയ്യാന്‍ അധികാരമില്ലെന്നും ആര്‍എസ്എസ് നിര്‍വചിക്കപ്പെട്ട സംഘടനയല്ലെന്നുമുള്ള മാതൃഭൂമിയുടെ വാദം കോടതി അംഗീകരിച്ചില്ല. ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ സംഘടനയിലെ ആര്‍ക്കും പരാതി ഫയല്‍ചെയ്യാന്‍ അവകാശമുണ്ടെന്നും കേസില്‍ അതിവേഗം നിയമാനുസൃതമായ നടപടിയെടുക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് സോഫി തോമസാണ് ജനുവരി ഏഴിന് ഹര്‍ജി തള്ളി സുപ്രധാനവിധി പുറപ്പെടുവിച്ചത്. മാതൃഭൂമി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിവിധി ശരിവച്ചുകൊണ്ട് കേസ് വിചാരണക്കോടതിയില്‍ തുടരാനായിരുന്നു വിധി. ഇതിനെത്തുടര്‍ന്നാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് തുടര്‍ന്നത്. ഇതിനിടയിലാണ് മാതൃഭൂമി ഖേദം പ്രകടിപ്പിച്ചുകൊണ്ട് ലേഖനത്തിലെ വസ്തുതകള്‍ ശരിയല്ലെന്ന് അംഗീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: