കോഴിക്കോട്: മുക്കം എൻഐടിയിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം ടെക്‌നീഷ്യന്‍ അജയകുമാര്‍ (56), ഭാര്യ ലിനി (48) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയായ മകന്‍ ചികിത്സയിലാണ്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ കരുനാഗപ്പള്ളി സ്വദേശികളാണ്.
കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം അജയകുമാര്‍ അടുക്കളയിലെ പാചകവാതക സിലിണ്ടര്‍ തുറന്നുവിടുകയായിരുന്നു. കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും മകൻ രക്ഷപ്പെട്ടെന്നും പോലീസ് പറഞ്ഞു. ഇവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ നിന്ന് തീ ഉയരുന്നത് കണ്ട് അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ആത്മഹത്യ ചെയ്യുംമുന്‍പ് ഭാര്യയെയും മകനെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് അജയകുമാര്‍ ക്വാഴ്‌ട്ടേഴ്‌സില്‍ എത്തിയത്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഇയാള്‍ മകന്‍ അര്‍ജിത്തിനെയും വകവരുത്താന്‍ ശ്രമിച്ചു. മകനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ചു. എന്നാല്‍ അപകടം മണത്ത അര്‍ജിത്ത് വിരല്‍കൊണ്ട് മൂക്ക് പൊത്തിപ്പിടിച്ച് അനങ്ങാതെ കിടന്നതോടെ മരിച്ചുവെന്ന് കരുതി അജയകുമാര്‍ പിന്തിരിഞ്ഞു. പിന്നാലെ ഇയാള്‍ തീ കൊളുത്തി.
അജയകുമാര്‍ തീയിടുന്ന സമയം അടുക്കളയിലെ വാതില്‍ തുറന്ന് മകന്‍ രക്ഷപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ അര്‍ജിത്തിന് നേരിയ പൊള്ളലേറ്റു. എന്‍ഐടി ക്യാമ്പസിലെ സ്‌പ്രിംഗ് വാലി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അര്‍ജിത്ത്. ദമ്പതികളുടെ മകള്‍ കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ ബിആര്‍ക്കിന് പഠിക്കുകയാണ്. ഇന്നലെയാണ് മകള്‍ വീട്ടില്‍ നിന്ന് കോട്ടയത്തേയ്‌ക്ക് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: