ശ്രീനഗര്‍ : നിസ്കാര സമയത്തെ സൂചനയായി ബാങ്കു വിളി ഉയര്‍ന്നതോടെ പ്രസംഗം നിര്‍ത്തിവെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീര്‍ ബാരാമുള്ളയില്‍ റാലി നടത്തുന്നതിനിടയാണ് തൊ്ട്ടടുത്തുള്ള മുസ്ലിം പള്ളിയില്‍ നിന്നും ബാങ്കു വിളി ഉയര്‍ന്നതിന് പിന്നാലെ അദ്ദേഹം തന്റെ പ്രസംഗം അല്പ സമയത്തേയ്ക്ക് നിര്‍ത്തിവെച്ചത്. ഇതിന്റെ ദൃശ്യങ്ങളും വൈറലായിട്ടുണ്ട്.
നോര്‍ത്ത് കാശ്മീര്‍ ജില്ലയിലെ ഷൗക്കത്ത് അലി സ്റ്റേഡിയത്തില്‍ അര മണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. പ്രസംഗം തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴാണ് സമീപത്തെ പള്ളിയില്‍ നിന്ന് ബാങ്കു വിളി ഉയര്‍ന്നത്. ഈ സമയം പള്ളിയില്‍ എന്തെങ്കിലും നടക്കുന്നുണ്ടോയെന്ന് അമിത് ഷാ വേദിയിലിരുന്നവരോട് ചോദിച്ചു. ബാങ്കു വിളിക്കുന്നുണ്ടെന്ന് വേദിയിലുള്ളവര് അറിയിച്ചതോടെ തന്റെ പ്രസംഗം നിര്‍ത്തിവെയ്ക്കുകയായിരുന്നു.
പിന്നീട് ബാങ്കു വിളി അവസാനിച്ചപ്പോള്‍ സദസ്സിന്റെ അനുവാദം കൂടി വാങ്ങിയശേഷമാണ് അദ്ദേഹം പ്രസംഗം തുടര്‍ന്നത്. അമിത്ഷായുടെ ഈ നടപടിയെ വേദിയിലുള്ളവര് വന്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ആഭ്യന്തര മന്ത്രിക്കൊപ്പം ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) സഹമന്ത്രി ജിതേന്ദര്‍ സിങ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.
രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങളും അഴിമതിയും ഇല്ലാതാക്കി എല്ലാ മേഖലകളിലും വികസനം കൊണ്ടുവരുന്നതിനും ജമ്മു കശ്മീരിലെ എല്ലാ മേഖലകളിലും ഒന്നാമതെത്തിക്കുന്നതിനുമാണ് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മുന്‍ സര്‍ക്കാര്‍ യുവാക്കളുടെ കൈകളില്‍ കല്ലും ബോംബും വെച്ച് കൊടുത്തപ്പോള്‍ മോദി സര്‍ക്കാര്‍ ഇവരുടെ കൈയ്യില്‍ കമ്പ്യൂട്ടറും തൊഴിലും നല്‍കുകയാണ് ചെയ്യുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കശ്മീരിലെ വികസനം മന്ദഗതിയിലായതിന് കാരണം ‘അബ്ദുള്ളകളും മുഫ്തികളും നെഹ്റു’ കുടുംബവുമാണെന്നാണ് അമിത് ഷാ ആരോപിച്ചിരുന്നു. കശ്മീര്‍ ജനതയ്ക്ക് വേണ്ടി അവര്‍ ഒന്നും ചെയ്തില്ല. അഴിമതിയും ദുര്‍ഭരണവും വികസനമില്ലായ്മയുമാണ് ഇക്കൂട്ടരുടെ മുഖമുദ്രയെന്നും അമിത് ഷാ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: