ഒമാന്‍: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ രണ്ടു ദിവസത്തെ ഔദ്യോഗിക ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയായി. ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദ്ര് അല്‍ബുസൈദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വാര്‍ത്താ, വിവര കൈമാറ്റത്തില്‍ ഇന്ത്യയും ഒമാനും ധാരണയിലെത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണലും (എഎന്‍ഐ) ഒമാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഒമാന്‍ വാര്‍ത്താ ഏജന്‍സി(ഒഎന്‍എ)യും കരാറില്‍ ഒപ്പുവച്ചു.
ഒമാനില്‍ റുപേ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനും നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ(എന്‍പിസിഐ)യും തമ്മില്‍ ധാരണാപത്രം ഒപ്പിട്ട ചടങ്ങും കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക ബന്ധത്തിന്റെ പുതിയ വാതില്‍ തുറക്കുന്നതാണ് നീക്കമെന്ന് വി. മുരളീധരന് പറഞ്ഞു.
ഒമാനിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്യാമ്പ് സന്ദര്‍ശിച്ച മന്ത്രി മസ്കറ്റിലെ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്തു. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഒമാനിലെ ആദ്യ മഹാത്മാഗാന്ധി പ്രതിമ വി. മുരളീധരന് അനാച്ഛാദനം ചെയ്തു. ഇന്ത്യ-ഒമാന്‍, ഒരു രാഷ്ട്രീയ യാത്ര എന്ന വിഷയത്തില്‍ ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് സേതുനാഥ് പ്രഭാകരന്റെ ചിത്രപ്രദര്‍ശനവും എംബസിയുടെ പുതുതായി രൂപകല്‍പ്പന ചെയ്ത ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: