പാലക്കാട്: കമ്മ്യൂണിസ്റ്റ്-ഇസ്ലാമിക് അവിശുദ്ധ കൂട്ടുകെട്ട് അപകടകരമായ സൂചനയാണെന്ന് ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന്. പോപ്പുലര്‍ഫ്രണ്ട് അടക്കമുള്ള ഭീകരവാദസംഘടനകളെ രാജ്യത്ത് നിരോധിച്ചപ്പോള്‍ അനുകൂലമായി പ്രതികരിച്ചില്ലെന്ന് മാത്രമല്ല സംഘത്തിനെതിരെയും ഇത്തരത്തിലുള്ള നടപടി ഉണ്ടാവണമെന്നാണ് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. വിജയദശമയിടോനുബന്ധിച്ച് പാലക്കാട് സംഘജില്ലയുടെ ആഭിമുഖ്യത്തില്‍ കോട്ടമൈതാനത്ത് നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഭരണ തണലില്‍ ഇസ്ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടുമ്പോള്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നു. രാജ്യവ്യാപകമായി ഈ സംഘടനകളുടെ ഓഫീസുകളും, വീടുകളും എന്‍ഐഎ റെയ്ഡ് നടത്തി നേതാക്കളെ അറസ്റ്റ് ചെയ്തപ്പോള്‍ കേരളത്തില്‍ മാത്രമാണ് ഹര്‍ത്താലിന് ആഹ്വാനമുണ്ടായത്. രാജ്യത്ത് മറ്റൊരിടത്തും അക്രമങ്ങളുണ്ടായില്ലെന്നതും ഓര്‍ക്കേണ്ടതുണ്ട്.
എന്നാല്‍, കേരളത്തില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടപ്പോള്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. പോലീസ് യഥാസമയം ഉണര്‍ന്നിരുന്നുവെങ്കില്‍ അക്രമത്തെ അടിച്ചമര്‍ത്താന്‍ കഴിയുമായിരുന്നു. സംസ്ഥാനത്തെ ഇവരുടെ ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ പോലും നിയമപ്രകാരമുള്ള നടപടിയെടുത്താല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞത്.
കേരളത്തിലെ ആയിരത്തോളം ഉന്നതരടക്കമുള്ള പോലീസുകാര്‍ക്ക് പോപ്പുലര്‍ഫ്രണ്ടുമായി ബന്ധമുണ്ടെന്ന എന്‍ഐഎയുടെ കണ്ടെത്തല്‍ ഗുരുതര ഭീഷണിയാണ് ഉയര്‍ത്തുന്നത്. പോലീസ് സേനയുടെ നീക്കങ്ങള്‍ ഇവര്‍ വഴിയാണ് ചോര്‍ത്തിക്കൊടുക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഒരുവിഭാഗത്തിന്റെ വോട്ട് നേടിയെടുക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത്, വന്‍ ആപത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. സമൂഹത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായിരിക്കുന്ന സംഘടനകളെ ലോകം മുഴുവന്‍ നിരോധിച്ചിട്ടുണ്ട്.
വിവിധ രംഗങ്ങളില്‍ ഭാരതം ശക്തമായ മുന്നേറ്റം നടത്തുമ്പോള്‍ പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. കഴിഞ്ഞ 75 വര്‍ഷത്തിനിടക്ക് സമസ്തരംഗങ്ങളിലും രാജ്യം ശക്തമായ നിലയില്‍ മുന്നോട്ട് പോകുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലുള്ള പരിശ്രമങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉണ്ടാവുന്നത്. എന്നാലിത് വിജയിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ മുഖമുദ്ര ഹിന്ദുത്വമാണ്. സമസ്ത മേഖലയിലും ശക്തിപ്രാപിച്ച ഭാരതത്തെ ലോകമിന്ന് അംഗീകരിച്ചു. സാമ്പത്തിക ശക്തികളില്‍ മുന്നില്‍ നില്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഭാരതത്തിന്റെ ശബ്ദത്തെ ലോകം കാതോര്‍ക്കുന്നു. 97 വര്‍ഷത്തെ സംഘത്തിന്റെ പ്രവര്‍ത്തനം രാജ്യത്ത് സമൂലമായ പരിവര്‍ത്തനത്തിന് വേദിയൊരുക്കി. സംഘം കടന്നുചെല്ലാത്ത മേഖലകള്‍ ഇന്ന് രാജ്യത്തില്ല. സേവനപ്രവര്‍ത്തനങ്ങളിലൂടെ ജനമനസുകള്‍ കീഴടക്കാന്‍ സംഘത്തിന് കഴിഞ്ഞുവെന്നതിന് ഉദാഹരണങ്ങളേറെയാണ്. അധികാരത്തിന്റെ തണലിലല്ല, മറിച്ച് പ്രവര്‍ത്തനത്തിലൂടെയാണ് സംഘത്തിന്റെ വളര്‍ച്ചയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചേറ്റൂര്‍ കുടുംബാംഗവും റിട്ട.റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനുമായ സി. കൃഷ്ണന്‍കുട്ടി അധ്യക്ഷതവഹിച്ചു.
ജില്ലാ കാര്യവാഹ് എ.സി. രാജേന്ദ്രന്, വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, ജില്ലാ സംഘചാലക് എം. അരവിന്ദാക്ഷന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: