നാഗ്പൂര്‍: ദേശീയ പുനരുത്ഥാനത്തിന് സ്ത്രീപുരുഷ സമത്വം അനിവാര്യമാണെന്നും അടുക്കളയില്‍ പരിമിതപ്പെടേണ്ടുന്ന രണ്ടാം തരം പൗരത്വമല്ല സ്ത്രീയുടേതെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ ആര്‍എസ്എസ് വിജയദശമി മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്. അത് മാതൃശക്തിയാണ്. ഭാരതീയപാരമ്പര്യം ഉദ്ഘോഷിക്കുന്നത് സ്ത്രീപുരുഷ ശക്തിയുടെ പരസ്പരപൂരകത്വമാണ്. വ്യക്തിനിര്‍മ്മാണ പ്രക്രിയയില്‍ രാഷ്ട്രീയ സ്വയംസേവക സംഘവും രാഷ്ട്ര സേവികാ സമിതിയും ഒരേ ദിശയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയജീവിതത്തിന്റെ എല്ലാ മേഖലയിലും സാമാജിക പങ്കാളിത്തം ഉറപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി നയം രൂപീകരിക്കേണ്ടതുണ്ട്. ജനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് വിഭവങ്ങളുണ്ടാകുന്നില്ലെങ്കില് അത് ഒരു ഭാരമാകും. അതേസമയം ജനസംഖ്യ ഒരു ആസ്തിയാണെന്ന തലവുമുണ്ട്. ഇന്ന് നമ്മുടേത് ചെറുപ്പക്കാരുടെ രാജ്യമാണ്. അമ്പത് കൊല്ലം കഴിയുമ്പോള്‍ അവര്‍ മുതിര്‍ന്നവരാകും. അന്ന് അവരെ സംരക്ഷിക്കാന്‍ എത്ര ചെറുപ്പക്കാരുണ്ടാകും എന്നത് ചിന്തനീയമാണ്. പരിസ്ഥിതിയെയും ആരോഗ്യത്തെയുമെല്ലാം ബാധിക്കുന്ന വിഷയമെന്ന നിലയില്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ജനസംഖ്യാനയം രൂപീകരിക്കണം.
വൈവിധ്യമാര്‍ന്ന ചികിത്സാരീതികള്‍ സംയോജിപ്പിക്കുന്ന ഒരു ആരോഗ്യ സംരക്ഷണ സംവിധാനം സര്‍ക്കാര്‍ വികസിപ്പിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. മാതൃകകള്‍ നിരവധിയുണ്ടെങ്കിലും അവയെയൊന്നും പരിഗണിക്കാതെ ആളുകള്‍ സ്വന്തം ശീലങ്ങളില്‍ മുറുകെപ്പിടിച്ചാല്‍ ആരോഗ്യപൂര്‍ണസമാജം എങ്ങനെ സാധ്യമാകുമെന്ന് അദ്ദേഹം ചോദിച്ചു.സത്യം, അനുകമ്പ, ഹൃദയ വിശുദ്ധി, തപസ്സ് എന്നിവയാണ് എല്ലാ വിശ്വാസങ്ങളെയും സഹയാത്രികരാക്കുന്ന നാല് തത്വങ്ങള്‍. വൈവിധ്യത്തെ നിലനിര്‍ത്തിക്കൊണ്ട് ഒരുമിച്ചു ചേര്‍ക്കുന്ന ഇതിനെയാണ് ധര്‍മ്മം എന്ന് വിളിക്കുന്നത്. ഇവിടെ എല്ലാ വൈവിധ്യങ്ങള്‍ക്കും സ്വീകാര്യതയും ആദരവും സുരക്ഷിതത്വവുമുണ്ട്. സങ്കുചിതത്വവും മതമൗലികവാദവും ആക്രാമികതയും അഹന്തയുമല്ലാതെ മറ്റൊന്നും ആരും ഉപേക്ഷിക്കേണ്ടതില്ല. സത്യം, അനുകമ്പ, ശാരീരികവും ആന്തരികവുമായ പരിശുദ്ധി, ഈ മൂന്നിന്റെയും സമര്‍പ്പിതഭാവമല്ലാതെ മറ്റൊന്നും നിര്‍ബന്ധവുമല്ല. ഭാരതത്തോടുള്ള ഭക്തി, പൂര്‍വികരുടെ ആദര്‍ശങ്ങള്‍, രാജ്യത്തിന്റെ മഹത്തായ സംസ്കാരം ഈ മൂന്ന് തൂണുകളാണ് സ്നേഹത്തോടെയും വാത്സല്യത്തോടെയും ഒരുമിച്ച് സഞ്ചരിക്കേണ്ട നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്നതും സുഗമമാക്കുന്നതും. ഇതാണ് നമ്മുടെ സ്വത്വവും രാഷ്ട്ര ധര്‍മ്മവും. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആര്‍എസ്എസ് സമാജത്തെ സംഘടിപ്പിക്കുന്നത്. ആരെയും എതിര്‍ക്കാതെ, എല്ലാവരെയും സംഘം സംഘടിപ്പിക്കുന്നു. ഭയപ്പെടുത്തുകയോ ഭയപ്പെടുകയോ ചെയ്യുന്നത് ഹിന്ദുസമാജത്തിന്റെ സ്വഭാവമല്ലെന്നതിന് ചരിത്രം സാക്ഷിയാണ്. ഇത്തരത്തിലുള്ള ഒരു സംഘടിത ഹിന്ദു സമാജം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത് ആര്‍ക്കും വിരുദ്ധമല്ല.
ഉദയ്പൂരുകള്‍ ആവര്‍ത്തിക്കരുത്. അത്തരം സംഭവങ്ങള്‍ക്ക് ഏതെങ്കിലും സമുദായം പൂര്‍ണമായും ഉത്തരവാദികളാണെന്ന് കരുതുന്നില്ല. അതിനെതിരെ ഇസ്ലാമികസമൂഹത്തിലെ ചില പ്രമുഖര്‍ പ്രതിഷേധിച്ചു. അത്തരം പ്രതിഷേധങ്ങള്‍ ഒറ്റപ്പെട്ട പ്രതിഭാസങ്ങളാകാന് പാടില്ല. എത്ര ആഴത്തിലുള്ള പ്രകോപനത്തോടുമുള്ള പ്രതിഷേധങ്ങള്‍ നിയമങ്ങളുടെയും ഭരണഘടനയുടെയും അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആയിരിക്കണം. നമ്മള് ഭാരതത്തില്നിന്നുള്ളവരാണ്, ഒരേ പൂര്‍വ്വികരില്‍ നിന്നും ശാശ്വത സംസ്കാരത്തില്‍ നിന്നും വന്നവരാണ്, നമ്മള് ഒന്നാണ്, ഇത് മാത്രമാണ് സമാജമെന്ന നിലയില്‍ ഏകതാരകമന്ത്രമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: