ശ്രീനഗര്‍: പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ ജമ്മു കശ്മീരിലെ തീവ്രവാദം തുടച്ചുനീക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിനെ രാജ്യത്തെ ഏറ്റവും സമാധാനമുള്ള പ്രദേശമാക്കി മാറ്റുമെന്നും അമിത് ഷാ വെല്ലുവിളിച്ചു.
ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. 1990മുതല്‍ ജമ്മുകശ്മീരില്‍ 42,000 പേരുടെ ജീവനെടുത്ത തീവ്രവാദം എന്ന ശാപം ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും ഗുണം ചെയ്തിട്ടുണ്ടോ എന്നും ഷാ ചോദിച്ചു.
“ചിലര്‍ പറയുന്നത് പാകിസ്ഥാനുമായി നമ്മള് ചര്‍ച്ച നടത്തണമെന്നാണ്. എന്തിനാണ് നമ്മള് പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നത്? നമ്മള് ചര്‍ച്ച നടത്തില്ല. പകരം ബാരാമുള്ളയിലെ ജനങ്ങളുമായി നമ്മള് ചര്‍ച്ച നടത്തും. കശ്മീരിലെ ജനങ്ങളുമായി ചര്‍ച്ച നടത്തും. മോദി സര്‍ക്കാര്‍ തീവ്രവാദത്തെ സഹിക്കില്ല. രാജ്യത്തെ ഏറ്റവും സമാധാനമുള്ള പ്രദേശമാക്കി ജമ്മു കശ്മീരിനെ മാറ്റാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.” – അമിത് ഷാ പറഞ്ഞു.
“മോദിയുടെ ഭരണ മാതൃക കശ്മീരില്‍ വികസനവും തൊഴിലും കൊണ്ടുവന്നു. ഗുപ്കര്‍ മോഡല്‍ ഭരണം (മെഹ്ബൂബ മുഫ്തിയുടെ പിഡിപി, അബ്ദുള്ളമാരുടെ നാഷണല്‍ കോണ്‍ഫറന്‍സ് ഭരണങ്ങള്‍) യുവാക്കളുടെ കയ്യില്‍ കല്ലുകളും തോക്കുകളുമാണ് നല്‍കിയത്. ഇനി, പാകിസ്ഥാന് അധീന കശ്മീരില്‍ എത്ര ഇടത്ത് വൈദ്യുതി ഉണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ കശ്മീരിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതി ബന്ധം കൊണ്ടുവന്നു”. – അമിത് ഷാ ബിജെപിയുടെ ഭരണ നേട്ടങ്ങള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: