ഗുരുവായൂര്‍: ക്ഷേത്രത്തിലെ തിക്കും തിരക്കും മുതലെടുത്ത് യുവതിയുടെ പണമടങ്ങിയ ബാഗ് കവര്‍ന്ന മോഷ്ടാവിനെ പൊലീസ് പിടികൂടി. വയനാട് മേപ്പാട് കരിമണ്ണില്‍ രേണുക എന്ന വിളിപ്പേരുള്ള ഹസീന (40) ആണ് അറസ്റ്റിലായത്.
കൂടെ ഉണ്ടായിരുന്ന ഭര്‍ത്താവ് മുങ്ങി. ക്ഷേത്രം കൊടിമരത്തിന് അടുത്തുവെച്ചായിരുന്നു മോഷണം. ഗുരുവായൂര്‍ ടെമ്പിള്‍ എസ് ഐ ബാലചന്ദ്രനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹസീനയില്‍ നിന്ന് 13,244 രൂപയും മൂന്ന് പഴ്സുകളും കണ്ടെടുത്തു.
പാലക്കാട് പെരുവെമ്പ് ചോറക്കോട് സ്വദേശിനി ഓമനയുടെ ബാഗാണ് കവര്‍ന്നത്. ഇവര്‍ കുടുംബസമേതം ഭഗവാനെ തൊഴാന്‍ ക്യൂനില്ക്കുന്നതിനിടെയാണ് ബാഗ് മോഷ്ടിച്ചത്. മോഷണം ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഹസീനയെ പിടികൂടി. ഇതോടെ അവര്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളെജിലും എത്തിച്ചു.
ഹസീനയുടെ ഭര്‍ത്താവ് കൃഷ്ണന് നായര്‍ എന്ന വിളിപ്പേരുള്ള ഉസ്മാന് (40) വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഉസ്മാനും ഹസീനയും 12 വയസ്സുള്ള മകനുമൊത്ത് കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിലെത്തി ലോഡ്ജെടുത്തത്. മകനെ മുറിയില്‍ പൂട്ടിയിട്ടശേഷമാണ് ഇരുവരും മോഷണത്തിന് ഇറങ്ങിത്തിരിച്ചത്.
മെഡിക്കല്‍ കോളെജില്‍ നിന്നും വിട്ടയച്ച ശേഷം ഹസീനയെ പൊലീസ് സ്റ്റേഷനില്‍ കൊണ്ട് വന്ന് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി ടെമ്പിള്‍ സിഐ പ്രേമാനന്ദ കൃഷ്ണന് പറഞ്ഞു.. പിന്നീട് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: