ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്‍
അഴിമതിയിലും സ്വജനപക്ഷപാതത്തിലും അടിമുടി ആരോപണ വിധേയരായി നില്‍ക്കുന്ന ഇടതുസര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും കൊണ്ടുവരുന്ന നിയമവിരുദ്ധബില്ലുകളിലും ഓര്‍ഡിന്‍സുകളിലും, കണ്ണടച്ച് ഒപ്പിടില്ലെന്നും ചാന്‍സിലര്‍ പദവിയിലും ലോകായുക്ത നിയമത്തിലും വെള്ളം ചേര്‍ക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും പറഞ്ഞതിന് ഗവര്‍ണറെ ഇടതുപക്ഷം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. നിയമത്തെസറസഴറിച്ചും ഭരണ സംവിധാനങ്ങളെ കുറിച്ചും അവഗാഹമുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാടുകള്‍ ശരിയല്ലെന്ന് പറയാന്‍ രാഷ്‌ട്രീയ അന്ധത ബാധിച്ചവര്‍ക്കേ സാധിക്കുകയുള്ളൂ. ആവശ്യത്തിന് ഗവര്‍ണരുടെ കാലുപിടിച്ച് സമ്മര്‍ദ്ദിലാക്കാനും അല്ലാത്തപ്പോള്‍ അപമാനിക്കാനും അപായപ്പെടുത്താനും ഇടതുപക്ഷം നടത്തിയ ശ്രമങ്ങള്‍ക്കെല്ലാം കേരളം ദൃക്‌സാക്ഷിയാണ്.
ചരിത്ര കോണ്‍ഗ്രസ് സമ്മേളനത്തില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിക്കുന്ന ഒരു ലേഖനം, കേരളം ശിരസ് താഴ്‌ത്തേണ്ടിവന്ന സന്ദര്‍ഭം എന്ന പേരില്‍ സെപ്തംബര്‍ 21ന് കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ. പി. ശിവദാസന്‍ എഴുതിയിട്ടുണ്ട്. ഗവര്‍ണറെ താഴ്‌ത്തിക്കെട്ടാനുള്ള ശ്രമമാണ് ആ ലേഖനമെങ്കിലും ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് ഒന്നും മറയ്‌ക്കാതെ അദ്ദേഹം എഴുതുകയും സമ്മതിക്കുകയും ചെയ്യുന്നുണ്ട്. ആ പരിപാടിയില്‍ ആദ്യന്തം പങ്കെടുത്ത വ്യക്തിയാണ് അദ്ദേഹം.
”ശാന്തമായി തുടങ്ങിയ സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പ്രസംഗിക്കാന്‍ തുടങ്ങിയതോടെ അസ്വസ്ഥമാകാന്‍ തുടങ്ങി. എഴുതി തയ്യാറാക്കിയ പ്രസംഗം മാറ്റിവച്ച് തികച്ചും രാഷ്‌ട്രീയപരവും സമ്മേളനത്തിന് ചേരാത്തതുമായ പരാമര്‍ശങ്ങള്‍ നടത്തി സമ്മേളനത്തിനെത്തിയവരെ പ്രകോപിപ്പിക്കാനാണ് ഗവര്‍ണര്‍ മുതിര്‍ന്നത്.”
അതിന് മുമ്പ് രാജ്യസഭാംഗം കെ.കെ.രാഗേഷും പ്രശസ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബും നടത്തിയ പ്രസംഗങ്ങള്‍ക്കിടയില്‍ ഹിന്ദുത്വ അജണ്ട നടപ്പാനുദ്ദേശിച്ച പൗരത്വ ഭേദഗതി നിയമത്തെ പരാമര്‍ശിച്ചുവെന്നും ലേഖകന്‍ പറയുന്നു. ഇന്ത്യയുടെ ചരിത്രത്തിനും ബഹുസ്വരതയ്‌ക്കും മതനിരപേക്ഷതയ്‌ക്കും സംസ്‌കാരത്തിനും എതിരായ പ്രവണതകളില്‍ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നുവരുന്നതിനെക്കുറിച്ചാണ് അവര്‍ പ്രസംഗിച്ചതെന്നും ലേഖകന്‍ പറയുന്നു.
അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ശാസ്ത്രീയചരിത്രരചന പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന പരിപാടി. അവിടെവച്ച് ഗവര്‍ണര്‍ രാഷ്‌ട്രീയം പറഞ്ഞു എന്നാണാരോപണം. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികളെക്കുറിച്ച് തെറ്റായ പരാമര്‍ശങ്ങള്‍ നടത്തി പച്ചയായ രാഷ്‌ട്രീയം പറഞ്ഞത് രാഗേഷും ഇര്‍ഫാന്‍ ഹബീബുമാണെന്ന് ഡോ. ശിവദാസന്റെ ലേഖനം വായിക്കുന്ന ആര്‍ക്കും മനസ്സിലാകും. അതിനുള്ള മറുപടിയായാണ് ഗവര്‍ണര്‍ സംസാരിച്ചത്. പ്രസംഗവേദിയിലുണ്ടായിരുന്ന ഇര്‍ഫാന്‍ഹബീബും രാഗേഷും അസ്വസ്ഥമായതും ഗവര്‍ണറെ അപമാനിക്കാന്‍ ശ്രമിച്ചതും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതുമെല്ലാം ദൃശ്യങ്ങളിലൂടെ നമ്മള്‍ മനസ്സിലാക്കി. അവിടെയുണ്ടായ സംഭവങ്ങള്‍ക്ക് കാരണക്കാരന്‍ ഗവര്‍ണറല്ലെന്നും ബോധ്യമായി. സ്വാഭാവിക പ്രതികരണമാണ് അന്നവിടെയുണ്ടായതെന്ന വാദവും നിലനില്‍ക്കുന്നതല്ല. സ്വാഭാവിക പ്രതികരണത്തിനപ്പുറം ആസൂത്രിതമായ ഗൂഢാലോചനയാണെന്ന ആരിഫ്മുഹമ്മദ്ഖാന്റെ വാദമാണ് കൂടുതല്‍ പ്രസക്തമായത്.
ലേഖനം തുടരുന്നതിങ്ങനെ: ”സദസ്സിന് മുന്‍നിരയിലുണ്ടായിരുന്ന രാജ്യത്തെ പ്രമുഖ ചരിത്രപണ്ഡിതന്‍മാര്‍ എഴുന്നേറ്റ് പരസ്പരം സംസാരിച്ചു. പ്രതിഷേധം പ്രകടിപ്പിക്കാന്‍ തുടങ്ങി. ഗവേഷകരും വിദ്യാര്‍ത്ഥികളും തങ്ങള്‍ക്ക് പ്രതിനിധികള്‍ എന്ന നിലയ്‌ക്ക് ലഭിച്ച ചെറുപുസ്തകങ്ങളുടെ പുറം ചട്ടയില്‍ പ്രതിഷേധ വാചകങ്ങള്‍ എഴുതി ഉയര്‍ത്തിക്കാണിക്കാനും തുടങ്ങി.”
ചരിത്രകോണ്‍ഗ്രസില്‍ ഇതുവരെ നടന്നിട്ടില്ലാത്ത സംഭവങ്ങളാണ് അന്നുനടന്നതെന്ന് പറയുന്ന ലേഖകന്‍ തുടരുന്നതിങ്ങിനെയാണ്: ”ഗവര്‍ണര്‍ തന്റെ തരംതാണപ്രസംഗം തുടരാനും മുന്‍പ് സംസാരിച്ച ചരിത്രകാരന്‍മാരേയും രാജ്യസഭാംഗത്തേയും കൂടുതല്‍ പ്രകോപിപ്പിക്കാനുമാണ് മുതിര്‍ന്നത്. കേരള ഗവര്‍ണര്‍ ഷെയിം, ഷെയിം എന്ന് പ്രതിനിധികള്‍ വിളിച്ചുപറയന്നുണ്ടായിരുന്നു.” ഇര്‍ഫാന്‍ ഹബീബ്, നിങ്ങള്‍ ആസാദിനേയല്ല ഗാന്ധിയെ ഇല്ലാതാക്കിയ ഗോഡ്‌സേയെയാണ് പരാമര്‍ശിക്കേണ്ടതെന്നു വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്നും ലേഖകന്‍ പറയുന്നു.
അതോടെ ചരിത്ര കോണ്‍ഗ്രസില്‍ എന്താണ് നടന്നതെന്ന് വ്യക്തം. ഗവര്‍ണറെ ക്ഷണിക്കുക. പ്രസംഗിക്കുമ്പോള്‍ തടസ്സപ്പെടുത്തുക, അപമാനിക്കുക, കയ്യേറ്റം ചെയ്യുക എന്നിവയാണ് നടന്നതെന്ന് ദേശാഭിമാനിവരെ സമ്മതിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും വീരവാദങ്ങള്‍ മുഴക്കുന്നവര്‍, ഗവര്‍ണര്‍ക്ക് അവയെല്ലാം നിഷേധിക്കുകയാണ് ചെയ്തത്. അതിനുമപ്പുറം, ഭരണഘടനാ പദവിവിയിലിരിക്കുന്ന അദ്ദേഹത്തെ അപമാനിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഗവര്‍ണര്‍ പ്രസംഗിക്കുന്ന മൈക്ക് പിടിച്ചുമാറ്റുന്നതും ഷര്‍ട്ടിന് പിടിക്കുന്നതും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടുന്നതുമെല്ലാം നാം ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതുമാണ്.
കേരള മുഖ്യമന്ത്രിക്കെതിരെ കറുത്ത തുണികാണിച്ചതിനും വിമാനത്തില്‍ കയറി മുദ്രാവാക്യം വിളിച്ചതിനും വധശ്രമത്തിന് കേസെടുത്ത പോലീസ് കേരള ഗവര്‍ണറെ അതിനീചമായി അപമാനിച്ചതിനും അപായപ്പെടുത്താന്‍ ശ്രമിച്ചതിനുമെതിരായി കേസെടുത്തില്ല എന്നത് കേരളത്തിലെ നിയമവാഴ്ചയെകുറിച്ച് സംശയമുയരാന്‍ ഇടയക്കി. തെറ്റുചെയ്യുന്നത് സ്വന്തക്കാരായാല്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്ന സര്‍ക്കാരാണ് പിണറായിയുടേതെന്ന് കൂടുതല്‍ ബോധ്യമായി. ഗവര്‍ണര്‍ക്കു പോലും നീതിലഭിക്കാത്ത നാടായി കേരളം മാറി.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള വലിയ ഗൂഢാലോചന ഗവര്‍ണറെ ആക്രമിച്ചതിനു പിന്നിലുണ്ട്. അലിഗഡില്‍ നിന്നു ഡല്‍ഹിയില്‍ നിന്നും വന്നവര്‍ക്ക് ഇവയിലെല്ലാം ഗൗരവമേറിയ പങ്കുണ്ടെന്നുറപ്പാണ്. അല്ലെങ്കില്‍ ഒരു ഗവര്‍ണറെ അപമാനിക്കുന്നതിനും അപായപ്പെടുത്താന്‍ പോന്നതരത്തില്‍ പെരുമാറുന്നതിനും അവര്‍ ശ്രമിക്കുമായിരുന്നില്ല. സംസ്ഥാന ഗവര്‍ണര്‍ ഇത്തരത്തില്‍ ഉപദ്രവിക്കപെട്ടിട്ട് ഒരു നടപടിയും കൈക്കൊള്ളാത്ത പോലീസും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ കൂട്ടുപ്രതികളാണ്.
ഗവര്‍ണറുടെ പ്രസംഗമല്ല കേരളം ശിരസ് താഴ്‌ത്തേണ്ടിവന്ന സന്ദര്‍ഭം എന്ന് ദേശാഭിമാനിയേയും ലേഖനമെഴുതിയ ഡോ. ശിവദാസിനേയും ഓര്‍മ്മപ്പെടുത്തട്ടെ. മറിച്ച് ചരിത്ര കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടി സമ്മേളനം വിളിച്ച്, പുളിച്ച രാഷ്‌ട്രീയം പ്രസംഗിച്ച് അതിനു മറുപടി പറയുമ്പോള്‍ അസഹിഷ്ണുത കാണിക്കുന്ന നടപടിയാണ് കേരളം ശിരസ് കുനിക്കാനിടയാക്കുന്നത് എന്ന് മനസ്സിലാക്കണം. കോണ്‍ഗ്രസുകാര്‍ മുടിചൂടാമന്നന്‍മാരായി വിരാജിക്കുന്ന കാലത്ത് മൂല്യങ്ങളുടെ പേരില്‍ അധികാരം വലിച്ചെറിഞ്ഞയാളാണ് ആരിഫ് മുഹമ്മദ്ഖാന്‍ എന്നതറിയാത്തവരല്ലെ പിണറായിയും കൂട്ടരും. ഫാസിസം നടപ്പിലാക്കുന്നവരാണ് ഇടതുപക്ഷമെന്ന് കൂടുതല്‍ ഉറപ്പിച്ചു കാട്ടിത്തരുകയാണ് കേരള സര്‍ക്കാര്‍.
ഇതിനുമുന്‍പും സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ടവര്‍ നടത്തിയ ശരിസ് കുനിക്കേണ്ടിവന്ന സന്ദര്‍ഭങ്ങള്‍ ഈ ലേഖനമെഴുതിയ ചരിത്ര പ്രൊഫസറിന്റെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ കേരള മുഖ്യമന്ത്രിയുടെ ജന്മനാട്ടിലെ ഒരു പ്രൈമറി വിദ്യാലയത്തിലെ ക്ലാസ് മുറിയില്‍ക്കയറി പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് പട്ടാപ്പകല്‍ ഒരധ്യാപകനെ വെട്ടിനുറുക്കിയപ്പോള്‍ നിങ്ങളുടെ തലകുനിഞ്ഞില്ലങ്കിലും ലോകത്തിനുമുന്നില്‍ കേരളം ശിരസ്സ് താഴ്‌ത്തി നിന്നു. കേരള നിയമസഭയുടെ ശ്രീകോവിലില്‍ കയറി ഇ.പി.ജയരാജനും ഇന്നത്തെ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയും പരിവാരങ്ങളും അക്രമം കാണിച്ചപ്പോഴും സ്പീക്കറുടെ ചേമ്പറും മറ്റും നശിച്ചപ്പോഴും നിങ്ങളുടെ തലകുനിയാതെ നിന്നു. പക്ഷേ, കേരളം എന്ന സംസ്ഥാനം, അവിടുത്തെ സാധാരണക്കാരായ ജനങ്ങള്‍ ലോകത്തിനുമുന്നില്‍ ശിരസ് താഴ്‌ത്തി. നിങ്ങളെ ഓര്‍ത്തു ലജ്ജിച്ചു. നിങ്ങളോടൊപ്പം നടക്കുകയും, പിന്നീട് നിങ്ങള്‍ക്കെതിരാകുകയും ചെയ്ത എം.വി.രാഘവനോടുള്ള പക തീര്‍ക്കാന്‍ മിണ്ടാപ്രാണികളെ ചുട്ടികരിച്ചതും വാതരോഗികളെ തല്ലിയോടിച്ചതും പിണറായിയുടെ തട്ടകത്തില്‍ നിന്നായിരുന്നു എന്നോര്‍ക്കുക. അന്നും നിങ്ങളുടെ തലകുനിഞ്ഞില്ല. ഞങ്ങള്‍ മലയാളികള്‍ തലകുനിച്ചു.
ജീവിതം മുഴുവന്‍ സിപിഎമ്മിന് വേണ്ടി സമര്‍പ്പിച്ച ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി അതിക്രൂരമായി കൊന്നപ്പോഴും അതു ചെയ്ത സീപിഎമ്മുകാരായ നിങ്ങള്‍ക്ക് അഭിമാനമായിരുന്നു. ഇത്രവലിയ ക്രൂരത ചെയ്ത സിപിഎം എന്ന പ്രസ്ഥാനം കേരളത്തില്‍ മാത്രമാണല്ലോ ഉള്ളതെന്നാലോചിച്ച്, വിഷമിച്ച്, ഞങ്ങള്‍ ലോകത്തിനുമുന്നില്‍ തലകുനിച്ചു നിന്നു. ഇതിനെല്ലാം തിരിച്ചടികളുണ്ടാകുക എന്നത് കാലത്തിന്റെ നീതിയാണ്. അതുണ്ടാകുക തന്നെ ചെയ്യും. ”ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ, പതിതരേ നിങ്ങള്‍ തന്‍ പിന്‍മുറക്കാര്‍…” എന്ന കവിവചനം ഓര്‍ക്കാന്‍ സിപിഎം തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: