ശ്രീനാരായണന്‍ മൂത്തേടത്ത്
ഭാരതത്തിന്റെ ഏകതയെ അരക്കിട്ടുറപ്പിക്കുന്ന വിധത്തില്‍ ആസേതുഹിമാചലം ജനങ്ങള്‍ ഒരു സംസ്‌കാരമാകുന്ന പൊന്‍നൂലില്‍ കോര്‍ത്തെടുക്കപ്പെട്ട സുവര്‍ണഹാരമാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് ഉപനിഷദ് വേദേതിഹാസപുരാണഗ്രന്ഥങ്ങളൊക്കെത്തന്നെ. വേദങ്ങളും ഉപനിഷദുമൊക്കെ കൈകാര്യം ചെയ്യുന്നത് വിദ്യയുടെ ഉയര്‍ന്നതലവും നിലവാരവുമാകുമ്പോള്‍ ഇതിഹാസങ്ങളും പുരാണങ്ങളും ഈ വിദ്യയെ സാധാരണക്കാരനു മനസ്സിലാകുന്ന കഥാകാവ്യരീതിയില്‍, സനാതനഭാരതത്തിലെ ജനങ്ങളുടെ സാമൂഹികവും വ്യക്തിപരവുമായ ജീവിതത്തെയും ആചാരക്രമങ്ങളെയും കാര്‍ഷിക വ്യാവസായിക രീതികളെയും പ്രകൃത്യാരാധനയെയും പ്രകൃതി സംരക്ഷണത്തെയും സ്വാധീനിച്ചിരിക്കുന്നുവെന്നത് ഇന്നും തിരിച്ചറിയാവുന്നതാണ്.
രാമായണവും, മഹാഭാരതവും വര്‍ത്തമാനകാല സമൂഹത്തിലും ചെലുത്തുന്ന സ്വാധീനം അതിമനോഹരമാണ്. ഇന്നും വ്യക്തിജീവിതത്തിലും കാര്‍ഷികസംസ്‌കാരത്തിലും ആദികാവ്യമായ രാമായണത്തിനുള്ള സ്വാധീനത്തിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നായി പറയാവുന്നതാണ് തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രാചരവുമായി ബന്ധപ്പെട്ട് തൊട്ടടുത്ത ചെമ്മാപ്പിള്ളിയില്‍ നടക്കുന്ന ശ്രീരാമന്‍ചിറകെട്ടല്‍.
സീതാദേവിയെ മോചിപ്പിക്കുന്നതായി പോകവേ ശ്രീരാമചന്ദ്രനും സൈന്യവും ചേര്‍ന്ന് രാമേശ്വരത്തില്‍നിന്നു ലങ്കയിലേക്ക് സമുദ്രത്തില്‍ ചിറകെട്ടുകയുണ്ടായി. ഇതിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ടാണ് ചെമ്മാപ്പിള്ളിയിലെ ചിറകെട്ടുമഹോത്സവം നടക്കുന്നത്.
കന്നിമാസത്തിലെ തിരുവോണം നാളില്‍ നടക്കുന്ന ചിറകെട്ടിന് ഭഗവാന്‍ ശ്രീരാമന്‍ (തൃപ്രയാര്‍ തേവര്‍) നേതൃത്വം നല്‍കുന്നുവെന്നാണ് വിശ്വാസം. ഓണാഘോഷത്തിനും ഈ ചിറകെട്ടുമഹോത്സവവുമായി ബന്ധമുണ്ട്. ചിറകെട്ടുന്നതിന്റെ വിളംബരമായി തലേദിവസം കുമ്മാട്ടി ഊരുചുറ്റി മാലോകരെ ചിറകെട്ടിന്റെ വിവരമറിയിക്കുന്നു. പിറ്റേന്ന് കാലത്ത് തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രനട തുറന്ന് നിയമവെടി മുഴങ്ങുന്നതോടെ ചിറകെട്ടോണം, തേവരോണം എന്നെല്ലാം അറിയപ്പെടുന്ന മഹോത്സവത്തിന് തുടക്കമാകുന്നു.
ഓണത്തിന് തൃക്കാക്കരയപ്പപ്രതിഷ്ഠയെന്ന പോലെ തൃക്കാക്കരയപ്പന്റെ സാന്നിദ്ധ്യം വേണമെന്നതാണ് ഇവിടെ ആചാരം. തൃക്കാക്കരയപ്പനെ ശ്രീരാമന്‍ചിറയില്‍ എഴുന്നള്ളിച്ചു വച്ചു കൊണ്ടാണ് ചിറകെട്ടോണം തുടങ്ങുന്നത്. ശേഷം ആചാരപ്രകാരമുള്ള ചടങ്ങുകള്‍ തുടങ്ങുന്നു. അന്നു രാത്രി തൃപ്രയാര്‍ ക്ഷേത്രനട നേരത്തെ അടയ്‌ക്കും. പിന്നീട് തൃപ്രയാര്‍ തേവര്‍ ചെമ്മാപ്പിള്ളിയിലെത്തി ചിറകെട്ടിന് നേതൃത്വം നല്കുന്നുവെന്നാണ് സങ്കല്പം. ഈ സമയത്ത് ക്ഷേത്രത്തിന്റെ സംരക്ഷണം ഹനുമാന്‍, വിഷ്ണുമായ തുടങ്ങിയ അംഗരക്ഷകര്‍ക്കുള്ളതാണ്.
താന്ന്യം പഞ്ചായത്തിലെ ശ്രീരാമന്‍ചിറയെന്ന 900 പറ പാടശേഖരത്തിലാണ് ചിറകെട്ടോണത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. ഒരു കാലത്ത് ഈ പ്രദേശത്തിന്റെ മുഴുവന്‍ ശുദ്ധജലത്തിന്റെ ആവശ്യം നികത്തിയിരുന്നത് ശ്രീരാമന്‍ചിറയായിരുന്നു.
നമ്മുടെ ആചാരങ്ങള്‍ പലപ്പോഴും പ്രകൃതിസംരക്ഷണത്തിനുള്ള സംവിധാനങ്ങളാണെന്നത് പലപ്പോഴും നാം കാണാതെപോകുന്ന സത്യമാണ്. കാവുകളും കുളങ്ങളും ചിറകളുമെക്കെയുമായി ബന്ധപ്പെട്ട് പലരീതിയിലുമുള്ള ആചാരങ്ങള്‍ നമ്മുടെ സമൂഹ ജീവിതത്തിന്റെ ഭാഗമായിരുന്നു.
ഇവിടെ പ്രസാദ കഞ്ഞി വിതരണം ശബരീ സല്‍ക്കാരം എന്ന പേരിലാണ് നടത്തപ്പെടുന്നത്. ഇടക്കാലത്ത് നിന്നുപോയ ചിറകെട്ടോണത്തിന്റെ ആചാരങ്ങള്‍ 2013 ലാണ് വീണ്ടുമാരംഭിച്ചത്. പക്ഷേ മഹാമാരി അതില്‍ കരിനിഴല്‍ വീഴ്‌ത്തി. വീണ്ടും ഒരു നാടിന്റെ കാര്‍ഷികസംസ്‌കാരത്തിന്റെയും പ്രകൃതിസംരക്ഷണത്തിന്റെയും ഏകതയുടെയും പ്രതീകമായി ചിറകെട്ടോണം ആഘോഷിക്കപ്പെടുകയാണ്. തൊള്ളായിരം പറ വിധമുള്ള മൂന്നു പാടശേഖരങ്ങള്‍ വടക്കേയറ്റത്ത് ശ്രീരാമന്‍ചിറ, നടുക്ക് പെരിങ്ങോട്ടുകര പാടം, തെക്ക് കണ്ണന്‍ചിറ എന്നിങ്ങനെയാണ്. ഇതില്‍ ശ്രീരാമന്‍ചിറയ്‌ക്കും പെരിങ്ങോട്ടുകര പാടത്തിനുമിടയില്‍ കെട്ടുന്ന ചിറ രാമായണത്തിലെ സേതുബന്ധനത്തെ ഓര്‍മിപ്പിക്കുന്നതാണ്.
ശ്രീരാമഭഗവാനെ ചിറകെട്ടാന്‍ സഹായിച്ച അണ്ണാറക്കണ്ണന്റെ കഥയും ഇവിടേക്കു കടന്നുവരുന്നുണ്ട്. ആ ഓര്‍മ്മയില്‍ ചിറകെട്ടുമഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങള്‍ ഒരുപിടി മണ്ണ് ചിറയില്‍ സമര്‍പ്പിക്കുന്നു. ഇവര്‍ക്ക് തൃപ്രയാര്‍ ദേവസ്വം വക ദക്ഷിണയുമുണ്ട്. ആദ്യകാലങ്ങളില്‍ ദക്ഷിണ നെല്ല് ആയിരുന്നെങ്കില്‍ ഇന്നത് പണമാണ്.
കന്നിമാസത്തില്‍ കെട്ടുന്ന ചിറ തുലാമാസത്തില്‍ പെയ്യുന്ന ശുദ്ധമായ മഴവെള്ളത്തെ ശ്രീരാമന്‍ചിറയില്‍ ശേഖരിക്കുന്നു. നവംബറോടുകൂടി തൃപ്രയാര്‍ ക്ഷേത്രത്തിനോടു ചേര്‍ന്നൊഴുകുന്ന തീവ്രാനദി (കാനോലി കനാല്‍) യിലേക്ക് കടലില്‍നിന്ന് ഉപ്പുവെള്ളം കയറും. പ്രദേശത്തെ മറ്റു ജലസ്രോതസുകളിലും ഉപ്പുരസം കലരും. ഈ സമയത്ത് സ്വഭാവികമായ ഭൂമിയുടെ ചെരിവ് പടിഞ്ഞാറോട്ടായതിനാല്‍ പടിഞ്ഞാറു നിന്നു ഭൂമിക്കടിയിലൂടെ കയറിവരുന്ന ഉപ്പുവെള്ളത്തിന്റെ ഒഴുക്കിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നുവെന്നതും ആ പ്രദേശത്തെ കൃഷിക്കാവശ്യമാകുന്ന ശുദ്ധജലം പ്രദാനം ചെയ്യാന്‍ സാധിക്കുന്നതുമാണ് ശ്രീരാമന്‍ചിറകെട്ടോണത്തിന്റെയും ശ്രീരാമന്‍ചിറയിലെ ശുദ്ധജലസംഭരണത്തിന്റെയും ജനകീയവും കാര്‍ഷികവുമായ പ്രാധാന്യം.
താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന മുന്നൂറോളം ഏക്കര്‍ നെല്‍കൃഷിയുടെയും ഏകദേശം പതിനാറു കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന കരപ്രദേശത്തിന്റെയും കൃഷിക്കും മറ്റുമാവശ്യങ്ങള്‍ക്കുമുള്ള ശുദ്ധജല വിതരണത്തിന്റെ കേന്ദ്രബിന്ദുവാകുന്നത് ശ്രീരാമന്‍ചിറയില്‍ സംഭരിക്കുന്ന തുലാവര്‍ഷവെള്ളമാണ്.
ഈ വര്‍ഷവും കന്നിമാസത്തിലെ തിരുവോണനക്ഷത്രവും ദശമിതിഥിയും ചേര്‍ന്നു വരുന്ന വിജയദശമിയുടെയന്ന് ചിറകെട്ടോണം സമുചിതമായി ആഘോഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: