തിരുവനന്തപുരം: ഭാരതീയ സംസ്കാരത്തിന്റെ ആധാര മൂല്യങ്ങളില്‍ ത്യാഗവും സേവനവും ആണ് മുഖ്യമെന്ന് പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ് ഭവാനന്ദ അഭിപ്രായപ്പെട്ടു. ശാസ്തമംഗലം ശ്രീ രാമകൃഷ്ണാശ്രമം പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വേദോപനിഷത്തുകളിലൂടെയാണ് ഭാരതീയ സംസ്കാരം നിത്യ നൂതനവും ചിര പുരാതനവുമായി നിലകൊള്ളുന്നത്. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സേവനത്തിന്റെയും ഉദ്ഘോഷമാണ് വേദോപനിഷത്തുകള്‍. അവനവനെ അറിയുവാനാണ് വേദങ്ങള്‍ പഠിപ്പിക്കുന്നത്. ലോകം ഭാരതത്തെ മാതൃകയാക്കുന്നത് ത്യാഗോജ്വലമായ സേവന ദൗത്യത്തെയാണ് . ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് നമ്മുടേത്. പ്രത്യാശയുടെ സന്ദേശമാണത്. ഭാരതത്തെ അറിയണമെങ്കില്‍ വിവേകാനന്ദ സാഹിത്യം പഠിക്കുകയാണ് എളുപ്പം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാമി ഗോലോകാ നന്ദ ആമുഖ പ്രഭാഷണം നടത്തി. സ്വാമി വിവലാനന്ദയുടെ ‘ സനാതന ധര്‍മ്മ എക്സ്പ്ലൈന്‍ഡ് ‘ ഡോക്ടര്‍ പി കെ നാരായണപിള്ളയുടെ ‘ധര്‍മ്മ സാഗര ആന്‍ഡ് വിശ്വഭാനു’ സ്വാമി സ്വ പ്രഭാനന്ദ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കേനോപ നിഷത്ത് ശങ്കര ഭാഷ്യ ‘ തുടങ്ങിയ പുസ്തകങ്ങള്‍ പ്രൊഫസര്‍ ഗീതാ ലക്ഷ്മി, ഡോക്ടര്‍ ശാരദാമ്മ, നീലി നാഗസ്വാമി മുന്‍ ഡിജിപി സെന്‍കുമാര്‍ തുടങ്ങിയവര്‍ ഏറ്റുവാങ്ങി. മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന് നായര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാമി മോക്ഷവ്ര താനന്ദ പുസ്തക പരിചയം നടത്തി. സ്വാമി സ്വ പ്രഭാ നന്ദ സ്വാമി യോഗവ്രതാനന്ദ സ്വാമി അജിതേശാനന്ദ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: