അഹമ്മദാബാദ്: ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ സദസ്സില്‍ നിന്നും കുപ്പിയേറ്. രാജ്കോട്ടിലെ ഗര്‍ബയില്‍ ഞായറാഴ്ച നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് കുടിവെള്ളബോട്ടില്‍ കൊണ്ട് ഏറിഞ്ഞത്. പക്ഷെ ഭാഗ്യത്തിന് കെജ്രിവാളിന്റെ തലയ്‌ക്ക് മുകളിലൂടെ പോയി വാട്ടര്‍ ബോട്ടില്‍ തറയില്‍ വീഴുകയായിരുന്നു. ഒരു പൊതുറാലിയ്‌ക്കിടെയായിരുന്നു സംഭവം.
ആരാണ് വാട്ടര്‍ബോട്ടില്‍ എറിഞ്ഞതെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഇതുവരെ ആം ആദ്മി നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. രണ്ട് ദിവസത്തെ പര്യടനത്തിനായാണ് അരവിന്ദ് കെജ്രിവാള്‍ ഗുജറാത്തില്‍ എത്തിയത്.
“കെജ്രിവാളിനെ ലാക്കാക്കിയാണ് കുപ്പി എറിഞ്ഞതെന്ന് കരുതുന്നു. പക്ഷെ അല്‍പം വ്യത്യാസത്തില്‍ കെജ്രിവാളിന്റെ തലയ്‌ക്ക് മുകളിലൂടെ കുപ്പി പോവുകയായിരുന്നു”- ആം ആദ്മി മാധ്യമ കോര്‍ഡിനേറ്റര്‍ സുകന്‍രാജ് പറഞ്ഞു.
ആം ആദ്മിയുടെ തന്ത്രപരമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഗുജറാത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഓട്ടോറിക്ഷക്കാരന്റെ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതുള്‍പ്പെടെയുള്ള ആസൂത്രിതമായ പിആര്‍ പരിപാടികളിലൂടെ സാധാരണക്കാരുടെ വോട്ട് പിടിക്കാനുള്ള തന്ത്രങ്ങളാണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നത്.
കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാളിനെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം നല്‍കിയ ഓട്ടോക്കാരന്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് വെളിപ്പെട്ടത് അരവിന്ദ് കെജ്രിവാളിന്റെയും ആം ആദ്മിയുടെയും പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: