പൂനെ: നിയന്ത്രിത സ്ഫോടനത്തിലൂടെ പൂനെയിലെ പാലവും തകര്‍ന്ന് മണ്ണടിഞ്ഞു. 1990 കളുടെ അവസാനം മുംബൈ – ബെംഗളുരു ഹൈവേയില്‍ നിര്‍മിച്ച ചാന്ദ്നി ചൗക്കിലെ പാലമാണ് ഞായറാഴ്ച പുലര്‍ച്ചെ തകര്‍ത്തത്. ചാന്ദ്നി ചൗക്കിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകര്‍ത്തത്.
മരടിലും നോയിഡയിലും നിയമ വിരുദ്ധമായി നിര്‍മിച്ച കെട്ടിടങ്ങള്‍ തകര്‍ത്തത് പോലെ നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് പാലവും തകര്‍ത്തത്. 600 കിലോ സ്ഫോടക വസ്തുവാണ് നിയന്ത്രിത സ്ഫോടനത്തിനായി ഉപയോഗിച്ചത്. പാലം തകര്‍ക്കുന്നതിന്റെ ഭാഗമായി വാഹനഗതാഗതം വിലക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു. പ്രദേശത്ത് 144ലും പ്രഖ്യാപിച്ചിരുന്നു. ഇനി തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ പ്രദേശത്ത് നിന്ന് മാറ്റും.
എന്നാല്‍ പാലത്തിന്റെ ഒരു ഭാഗം ഇപ്പോഴും തകര്‍ന്നുവീഴാതെ നില്‍ക്കുന്നുണ്ട്. കോണ്‍ക്രീറ്റ് മാറ്റിയെന്നും അതിന്റെ സ്റ്റീല്‍ ബാറുകള്‍ മാത്രമാണ് മാറ്റാനുള്ളതെന്നും എഡിഫിസ് കമ്പനി പ്രതികരിച്ചു. സ്റ്റീല്‍ ബാറുകള്‍ മാറ്റിയാല്‍ ബാക്കിയുള്ളവയും താഴെ വീഴുമെന്നും പാലത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച സ്റ്റീലിന്റെ ഗുണനിലവാരം തങ്ങള്‍ ഉദ്ദേശിച്ചതിലും മികച്ചതായിരുന്നുവെന്നും അറിയിച്ചു.
മുംബൈയിലെ എഡിഫിസ് എന്‍ജിനിയറിങ് കമ്പനിയും ദക്ഷിണാഫ്രിക്കന്‍ കമ്പനി ജെറ്റ് ഡെമോളിഷനും ചേര്‍ന്നാണ് കൊച്ചിയിലെ മരടിലെ ഫ്ളാറ്റുകളും നോയിഡയിലെ ഇരട്ട കെട്ടിടങ്ങളും തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: