ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്. മാര്‍ഗാല പോലീസ് സ്റ്റേഷനാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സെബ ചൗധരിക്കെതിരായ പരാമര്‍ശങ്ങളിലാണ് ഇമ്രാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കോടതിയലക്ഷ്യ കേസില്‍ ഇമ്രാന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ് വാറണ്ട്. ആഗസ്റ്റ് 23ന് നടത്തിയ റാലിയിലാണ് ഇംറാന്‍ കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയത്. കസ്റ്റഡിയില്‍ താന്‍ പീഡനത്തിനിരയായെന്ന് റാലിക്കിടെ ഇമ്രാന്‍ പറഞ്ഞിരുന്നു. ഇതിന് പുറമേ ജഡ്ജി സെബ ചൗധരിക്കെതിരെ ഇമ്രാന്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സെബ തനിക്കെതിരായ നടപടിക്ക് സ്വയം തയാറാവണമെന്നായിരുന്നു ഇമ്രാന്റെ പ്രസംഗം.
തന്റെ വാക്കുകള്‍ അതിരുകടന്നുവെന്ന് സത്യവാങ്മൂലത്തില്‍ ഇമ്രാന്‍ ഖാന്‍ പറയുന്നു. ഇസ്ലാമാബാദില്‍ നടന്ന പരിപാടിയിലെ പ്രസംഗത്തില്‍ പറഞ്ഞ പല കാര്യങ്ങളും പരിധി ലംഘിച്ചു. ഭാവിയില്‍ ഇതാവര്‍ത്തിക്കില്ല. കോടതിയുടെ അന്തസ്സിന് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങള്‍ തന്റെ ഭാഗത്തുനിന്നുണ്ടാകില്ല. കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങളില്‍ നിന്ന് വ്യതിചലിക്കില്ല. തന്റെ പ്രതികരണം തൃപ്തികരമാകുന്നില്ലെങ്കില്‍ മാപ്പ് പറയാനും തയ്യാറാണ് എന്നും ഇമ്രാന്‍ ഖാന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനാണ് ഇമ്രാന്‍ ഖാന്‍ മോശം പദപ്രയോഗങ്ങള്‍ നടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നു. അദ്ദേഹത്തിന്റെ പരാമര്‍ശം പുറത്ത് വന്നതിന് പിന്നാലെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇമ്രാന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ട്. എന്നാല്‍, അദ്ദേഹം അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: