സിപിഎമ്മിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും രാഷ്‌ട്രീയ പ്രതിയോഗികളുടെ ആക്രമണങ്ങള്‍ക്കുമുന്നിലും സധൈര്യം മുന്നില്‍ നില്‍ക്കുന്ന നേതാവ്. കണ്ണൂര്‍ രാഷ്‌ട്രീയത്തിന്റെ ശൈലിയുമായി അരങ്ങുവാണ കോടിയേരി ബാലകൃഷ്ണന്‍ എന്ന സിപിഎം നേതാവ് ഒരിക്കലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്നില്ല. ഒരു കാലത്ത് പാര്‍ട്ടിയുടെ തീവ്രമുഖമായിരുന്നു കോടിയേരി. രാഷ്‌ട്രീയത്തിലെ എതിര്‍ചേരിയില്‍പെട്ടവരെ ലക്ഷ്യം വച്ച് പാടത്ത് പണി വരമ്പത്ത് കൂലി എന്ന പ്രസ്താവനയും പോലീസ് സ്റ്റേഷനില്‍ ബോംബുണ്ടാക്കുമെന്ന തരത്തിലുള്ള ആഹ്വാനവുമൊക്കെ നടത്തിയ അതേ കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായപ്പോള്‍ പോലീസിനെ ജനകീയ പോലീസാക്കിയ സൗമ്യനായ രാഷ്‌ട്രീയനേതാവായി.
പാര്‍ട്ടിയുടെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തലയുയര്‍ത്തി പാര്‍ട്ടിയെ പ്രതിരോധിച്ച കോടിയേരി ബാലകൃഷ്ണന്‍ തലകുനിക്കേണ്ടിവന്നിട്ടുള്ളതും തളര്‍ന്നിട്ടുള്ളതും മക്കളുയര്‍ത്തിയ വിവാദങ്ങള്‍ക്കുമുന്നില്‍ മാത്രമാണ്. തന്നെ അലട്ടിയ അര്‍ബുദത്തേക്കാള്‍ അദ്ദേഹത്തെ തളര്‍ത്തിയത് മക്കള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍. ഏറ്റവുമൊടുവില്‍ മൂത്തമകന്‍ ബിനോയി കോടിയേരിയുടെ വിവാഹേതരബന്ധം കോടതി കയറിയതും ഇളയമകന്‍ ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിക്കല്‍ല്‍കേസില്‍ ബെംഗളൂരുവില്‍ ജയിലിലായപ്പോഴും കോടിയേരിയെ അത് ശാരീരികമായ തളര്‍ച്ചയിലുപരിയായി മാനസികമായി തകര്‍ത്തു.
പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ പിണറായിയുടെ രണ്ടാം വരവിന് പ്രതിബന്ധം ആവുമോ എന്ന സംശയമുയര്‍ന്നപ്പോള്‍ അത് ഉയര്‍ത്താവുന്ന അലയൊലികള്‍ ആദ്യം തിരിച്ചറിഞ്ഞത് കോടിയേരി തന്നെയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് താല്‍ക്കാലികമായി പടിയിറങ്ങിയതിനു പിന്നില്‍ മക്കളുയര്‍ത്തിയ വിവാദങ്ങള്‍ തന്നെയായിരുന്നു. കോടിയേരി യുഗം അവിടെ അവസാനിച്ചുവെന്നു കരുതിയ സ്വന്തം സഖാക്കളെ പോലും അദ്ദേഹം വിസ്മയിപ്പിച്ചത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ട ചുമതല ഏറ്റെടുത്ത് പാര്‍ട്ടിക്കു തിളങ്ങുന്ന നേട്ടം കൈവരിച്ചു നല്‍കിയായിരുന്നു. ജില്ലയിലെ 14 ല്‍ 13 സീറ്റുകളും ഇടതുമുന്നണി നേടിയപ്പോള്‍ ഒരിക്കല്‍കൂടി കോടിയേരി പാര്‍ട്ടിയിലെ ഏറ്റവും തലയെടുപ്പുള്ള നേതാവായി. അനാരോഗ്യം ഉണ്ടെങ്കിലും പാര്‍ട്ടിയെ വീണ്ടും കോടിയേരിയുടെ കൈയിലേല്‍പ്പിച്ച് അര്‍ഹമായ അംഗീകാരം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയടക്കമുള്ള തീരുമാനം വീണ്ടും പാര്‍ട്ടി സെക്രട്ടറി കസേരയിലെത്തിച്ചു. ഒടുവില്‍ അര്‍ബുദത്തിന്റെ അവസാനഘട്ടത്തിലാണെന്ന തിരിച്ചറിവില്‍ ആ പാര്‍ട്ടി കസേരയില്‍ നിന്നും തലകുനിക്കാതെ യാത്രപറഞ്ഞ് ആശുപത്രികിടക്കയിലേക്ക്. നിത്യവിശ്രമത്തിലേക്ക്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: