ഷാജന് സി.മാത്യു
മലയാള സിനിമയിലെ മികച്ച നവരാത്രി ഗാനമായ ‘കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി ഗുണദായിനിസര്വശുഭകാരിണി’ എന്ന ഗാനം പിറന്നത് വിധിനിശ്ചയപ്രകാരമെന്നു കരുതാം. പാട്ടുണ്ടായത് ‘നീലക്കടമ്പ്’ എന്ന സിനിമയ്ക്കു വേണ്ടി. പുറത്തിറങ്ങാത്ത സിനിമയാണിതെന്ന് രേഖകളില്‍ കാണാം. എന്നാല്‍, കൂടുതല്‍ അന്വേഷണത്തില്‍ വ്യക്തമാവുന്നു, പുറത്തിറങ്ങിയില്ലെന്നു മാത്രമല്ല, ഒരു സീന്‍പോലും ഷൂട്ട് ചെയ്യുകപോലും ചെയ്തിട്ടില്ല.
എന്നാല്‍ കസെറ്റിറങ്ങി. ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായി. ‘കുടജാദ്രി…’ സര്‍വകാല ഹിറ്റും. ഗാനരചയിതാവായ കെ. ജയകുമാര്‍ പങ്കുവയ്ക്കുന്നതും ഈ വിധിനിശ്ചയമാണ്. ‘ഇത് എനിക്കീ പാട്ടെഴുതാന്‍വേണ്ടി മാത്രം തുടങ്ങിയ സിനിമയാണെന്നു തോന്നിപ്പോവുന്നു. പാട്ടു പുറത്തിറങ്ങി നാല് പതിറ്റാണ്ടാവാന് പോകുന്നു. ഇന്നും ലോകത്തിന്റെ ഏതു കോണില്‍ച്ചെന്നാലും മലയാളികള്‍ ഈ ഗാനത്തിന്റെ രചയിതാവായി എന്നെ ആദ്യം തിരിച്ചറിയുന്നു. കഥാപാത്രത്തിന്റെ പ്രാര്‍ഥന എല്ലാ മലയാളികളുടേതുമായി മാറുകയായിരുന്നു.’
മൂന്നു പ്രാര്‍ഥന
കുടജാദ്രിയിലെ വിദ്യയുടെ അമ്മയോടുള്ള മൂന്നു പ്രാര്‍ഥനയാണ് ഈ ഗാനം. ഒന്ന്. അജ്ഞതയില്നിന്നുള്ളമോചനം. അതാണ്
‘കാതര ഹൃദയ
സരോവര നിറുകയില്‍
ഉദയാംഗുലിയാകൂ’
എന്ന പ്രാര്‍ഥന. രണ്ടാമതു ചോദിക്കുന്നതു ദുഃഖത്തില്‍നിന്നുള്ള മോചനമാണ്.
‘അഴലിന്റെ ഇരുള് വന്നു
മൂടുന്ന മിഴികളില്‍
നിറകതിര്‍ നീ ചൊരിയൂ
ജീവനില്‍ സൂര്യോദയം തീര്‍ക്കൂ.’
മൂന്നാമത്തേതാണ് സര്‍വോല്‍കൃഷ്ടം. അതു ഹൃദയത്തില്‍ കരുണ നിറയ്ക്കാനുള്ള അപേക്ഷയാണ്.
‘ഒരു ദുഃഖബിന്ദുവായ്
മാറുന്ന ജീവിതം
കരുണമയാമാക്കൂ
ഹൃദയം സൗപര്‍ണികയാക്കൂ’
സാധാരണ കവികള്‍ ദൈവത്തിന്റെ കരുണയ്ക്കായി പ്രാര്‍ഥിക്കുമ്പോള്‍ ഇവിടെ സ്വന്തം ഹൃദയം കരുണാമയമാക്കണമേ എന്ന അര്‍ഥനയാണു കവി നടത്തുന്നത്. അങ്ങനെ എന്നും അലിവൊഴുകുന്ന ഒരു സൗപര്‍ണികയായി തന്നെ രൂപാന്തരപ്പെടുത്താനുള്ള എന്ന യാചന. ഒടുവിലത്തെ ഈ വരികളിലൂടെയാണ് ഈ ഗാനം കാലാതീതമാവുന്നത്. പ്രത്യേകിച്ച് വിഭാഗീയതയുടെ ആസുരതകള്‍ ഉറഞ്ഞുകൊള്ളുന്ന ഇക്കാലത്ത്. വിദ്യകൊണ്ട് മനുഷ്യമനസ്സുകളില്‍ നിറയേണ്ട ഏറ്റവും വലിയ ഗുണം കരുണയാവണമെന്ന ഓര്‍മപ്പെടുത്തല്‍.
അറിവിലും ആനന്ദത്തിലും വലുതാണു കരുണയാല്‍ കൃപാപൂര്‍ണമായ ഹൃദയമെന്നു കവി വിശ്വസിക്കുന്നു. എഴുത്തുകാരന്റെ മനോരസഞ്ചാരപഥങ്ങളുടെ അദ്ഭുതം കൂടിയാണ് ഈ ഗാനം.
കുടജാദ്രി കാണാതെ!
ഈ പാട്ട് എഴുതുമ്പോള്‍ കെ. ജയകുമാര്‍ കുടജാദ്രിയോ മൂകാംബിക ക്ഷേത്രമോ കണ്ടിട്ടില്ല എന്നു വിശ്വസിക്കാന്‍ പറ്റുമോ? സങ്കല്പ്പത്തില്നിന്നുപോലും ഇത്ര വലിയ അനുഭവം പകരാന്‍ കലാകാരന്മാര്ക്കു കഴിയും.
രചനയുടെ ആത്മാവ് ഉള്‍ക്കൊണ്ട് രവീന്ദ്രന് മാസ്റ്റര്‍ നല്കിയ ഈണവും ഈ ഗാനത്തെ കാലാതിവര്‍ത്തിയാക്കി. ഹൃദയസൗഖ്യത്തിന്റെ രാഗമായ ‘രേവതി’ തന്നെ ഈ പാട്ടിനായി രവീന്ദ്രന് തിരഞ്ഞെടുത്തു.
ചിത്രയെ ഉദ്ദേശിച്ച്
ഒരു കൗതുകം കൂടിയുണ്ട്: കുടജാദ്രിയില്‍… എന്ന ഗാനം ചിത്ര മാത്രം പാടാന്‍ ഉദ്ദേശിച്ച് എഴുതിയതാണ്. സിനിമയുടെ തിരക്കഥ അനുസരിച്ച് അതിലെ നായികയുടെ പ്രാര്‍ഥനയാണ് ഈ ഗാനം.
നീലക്കടമ്പിലെ ‘ദീപം കയ്യില്‍…’ എന്ന ഗാനം പാടാന്‍ വന്ന യേശുദാസ് സ്റ്റുഡിയോയില്‍ നേരത്തെ റിക്കോര്‍ഡ് ചെയ്തു വച്ചിരുന്ന ചിത്രയുടെ ‘കുടജാദ്രി’ കേട്ട് ഇഷ്ടപ്പെട്ട് തനിക്കു കൂടി പാടണമെന്നു രവീന്ദ്രനോട് ആവശ്യപ്പടുകയായിരുന്നു. അങ്ങനെയാണ് ‘നീലക്കടമ്പി’ന്റെ കാസെറ്റില്‍ യേശുദാസിന്റെ ട്രാക്ക് സ്ഥാനം പിടിച്ചതും ഹിറ്റായതും. സൂക്ഷ്മമായി കേട്ടാല്‍ രണ്ട് ആലാപനവും വളരെ വ്യത്യസ്തമാണെന്നു കാണാം. യേശുദാസിന്റെ കുടജാദ്രി പ്രതിഭയില്‍നിന്നു ജന്മമെടുക്കുമ്പോള് ചിത്രയുടേതു ഹൃദയത്തില്‍ പിറക്കുന്നു.
ദുഃഖിതന്റെ പ്രാര്‍ഥന
മലയാളത്തിലെ മറ്റൊരു മികച്ച നവരാത്രി ഗാനമായ ‘സൗപര്ണികാമൃത വീചികള്‍….’ സൃഷ്ടിച്ചതും ജയകുമാര്‍-രവീന്ദ്രന് കൂട്ടുകെട്ടാണെന്ന കൗതുകമുണ്ട്. ഈ ഗാനം പിറന്നതിനെപ്പറ്റി ജയകുമാര്‍ പറയുന്നു:
‘കിഴക്കുണരും പക്ഷി എന്ന ചിത്രത്തിന്റെ സംവിധായകനായ വേണു നാഗവള്ളി വലിയ മൂകാംബികാ ഭക്തനായിരുന്നു. ശ്ലോകം പോലെ ഒരു മൂംകാംബികാ പ്രാര്‍ഥന വേണം എന്നാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്. ഇതു ഞാന്‍ മൂംകാംബിക സന്ദര്‍ശിച്ചശേഷം എഴുതിയ ഗാനമാണ്.’
കുടജാദ്രിയില്‍… നിന്നു വ്യത്യസ്തമായ ഭാവം ഗാനത്തിനു നല്കാന് ജയകുമാറിനു കഴിഞ്ഞു. ഏകാകിയുടെയും ദുഃഖിതന്റെയും പ്രാര്‍ഥനയാണിത്. കരിമഷി പടരുന്ന കല്‍വിളക്കായി തീര്‍ന്ന ജീവിതം അമ്മയുടെ പാദാരവിന്ദങ്ങള്‍ തേടുന്നു. കല്‍വിളക്കില്‍ കനകാങ്കുരങ്ങള്‍ വിരിയാനായി. ഇരുളുന്ന അപരാഹ്നം, സ്വരദലം കൊഴിയും മണ്‍വീണ, കരിമഷി പടരുന്ന കല്‍വിളക്ക് തുടങ്ങിയ ഇമേജുകളും കവി കൊണ്ടുവരുന്നു.
വ്യത്യസ്ത ഭാവതലങ്ങളിലൂടെ കടന്നുപോകുമ്പോഴും ഇരു പാട്ടിലെയും പ്രാര്‍ഥന ഒന്നാണ്. ‘ഉള്‍ക്കണ്ണുകളില്‍ പ്രകാശം ചൊരിയുക.’ അതുകൊണ്ടാണ് അജ്ഞതയുടെ ഇരുള് പടരുമ്പോഴെല്ലാം നാം ഈ രണ്ടു ഗാനവും നാം ഓര്‍മിക്കുന്നത്.
ചെമ്പൈയും മണി അയ്യരും!
വയലിനില്‍ ചൗഡയ്യയും മൃദംഗത്തില്‍ പാലക്കാട് മണി അയ്യരും അകമ്പടി സേവിക്കുന്ന സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഒരു കച്ചേരി ആസ്വദിച്ചാലോ ഈ നവരാത്രിക്ക്? മൂവരും കടന്നുപോയതിനാല്‍ ഇതു സങ്കല്പ്പ സൗന്ദര്യമായി അവശേഷിക്കുകയേ ഉള്ളൂ. പക്ഷേ, ഈ സംഗീതശില്പ്പത്തിന്റെ സൗന്ദര്യം വര്‍ണിക്കുന്ന ഒരു നവരാത്രി ഗാനം പകരം അനുഭവിക്കാം.
ഭീം സിങ്ങിന്റെ സംവിധാനത്തില്‍ 1977ല്‍ പുറത്തിറങ്ങിയ ‘നിറകുടം’ എന്ന സിനിമയില്‍ ബിച്ചു തിരുമലയുടെ രചനയില്‍ ജയവിജയന്മാരുടെ സംഗീതത്തില്‍ യേശുദാസ് പാടിയ
‘നക്ഷത്രദീപങ്ങള്‍ തിളങ്ങി,
നവരാത്രി മണ്ഡപമൊരുങ്ങി…’
നവരാത്രി മണ്ഡപത്തില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ നടത്തുന്ന കച്ചേരിയാണ് പാട്ടിന്റെ വിഷയം. അകമ്പടി സേവിക്കുന്നതു ചൗഡയ്യയും പാലക്കാട് മണി അയ്യരും. ഇവര്‍ മൂവരും ഒന്നിക്കുന്ന അനുഭൂതി ആസ്വാദകരിലേക്കു പകരുന്നതില്‍ സംഗീതസംവിധായകര്‍ നടത്തിയ പ്രയത്നമാണ് ഇന്നും ഈ പാട്ട് ആസ്വാദ്യമായിരിക്കുന്നതിന്റെ രഹസ്യം.
അനവദ്യസുന്ദരമായ ഈ ഗാനം സിനിമയ്ക്കുവേണ്ടി ഉണ്ടാക്കിയതല്ല എന്നതാണു രസകരം. സംഗീതസംവിധായകരായ ജയവിജയന്മാരിലെ ജയന് ആ കഥ പറയുന്നു. ‘സംഗീതസംവിധാനവും സംഗീതപഠനവുമായി ഞങ്ങള്‍ ചെന്നൈ മൈലാപ്പൂരിലെ വൃന്ദാവന്‍ ലോഡ്ജില്‍ താമസിക്കുന്ന കാലം. ഒരു ദിവസം ഗാനരചയിതാവ് ബിച്ചു തിരുമല ഞങ്ങളെ കാണാന്‍ വന്നു. പ്രസിദ്ധമായ കബാലീശ്വര ക്ഷേത്രം ഞങ്ങള്‍ താമസിക്കുന്നതിന്റെ സമീപമായിരുന്നു. അവിടെ ഒന്നു തൊഴുതിട്ടു വരാമെന്നു പറഞ്ഞു ബിച്ചു പോയി. കവിതകള്‍ എഴുതുന്ന ഡയറി ഞങ്ങളുടെ മുറിയില്‍ വച്ചിട്ടാണ് അദ്ദേഹം തൊഴാന്‍ പോയത്. ഞങ്ങള്‍ ആ ഡയറി എടുത്തു കവിതകളിലൂടെ കണ്ണോടിച്ചു. അതിലൊരു കവിതയിലെ
‘ചെമ്പടതാളത്തില്‍
ശങ്കരാഭരണത്തില്‍
ചെമ്പൈ വായ്പാട്ടു പാടി’
എന്ന വരികളില്‍ കണ്ണുടക്കി. അന്നു ഞങ്ങള്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഗുരുനാഥനെപ്പറ്റിയുള്ള പരാമര്‍ശം കണ്ടപ്പോള്‍ കൗതുകമായി. ‘നക്ഷത്രദീപങ്ങള്‍ തിളങ്ങി…’ എന്നു തുടങ്ങുന്ന ആ കവിത അപ്പോള്‍ത്തന്നെ ഞങ്ങള്‍ രണ്ടാളുംകൂടി ട്യൂണ്‍ ചെയ്തു. ബിച്ചു തിരുമല തിരിച്ചുവന്നപ്പോള്‍ ഞങ്ങള്‍ കവിത പാടിക്കേള്‍പ്പിച്ചു. അദ്ദേഹം വിസ്മയിച്ചുപോയി. ഏതെങ്കിലും സിനിമയില്‍ സന്ദര്‍ഭം വരികയാണെങ്കില്‍ ഉപയോഗിച്ചുകൊള്ളാന്‍ പറഞ്ഞ് ബിച്ചു പോയി.
തമിഴിലെ ‘ബാഗപ്പിരുവിനൈ’ എന്ന സിനിമ ‘നിറകുടം’ എന്ന പേരില്‍ ഭീംസിങ് എന്ന സംവിധായകന് മലയാളത്തിക്ക് റീമേക്ക് ചെയ്യാന്‍ ആലോചിക്കുന്ന സമയമായിരുന്നു അത്. ഞങ്ങളെയാണ് സംഗീതസംവിധാനം ഏല്‍പ്പിച്ചിരുന്നത്. ഒരു കച്ചേരിയുടെ സന്ദര്‍ഭം അതിലുണ്ടായിരുന്നു. ഞങ്ങള്‍ പല പാട്ടു കേള്‍പ്പിച്ചിട്ടും ഭീംസിങ്ങിന് ഇഷ്ടപ്പട്ടിരുന്നില്ല. നക്ഷത്രദീപങ്ങള്‍… അദ്ദേഹത്തെ പാടിക്കേള്പ്പിച്ചാലോ എന്നു ഞങ്ങള്‍ക്കു ചിന്ത മുളച്ചു. നേരെ ഭീംസിങ്ങിന്റെ വീട്ടിലേക്കു പോയി. പാടിത്തീര്ന്നതേ അദ്ദേഹം ഭാര്യയേയും മക്കളേയും വിളിച്ചു. ‘ദാ, ഗംഭീരമായൊരു പാട്ട്. വന്നു കേള്‍ക്കൂ’ എന്നു പറഞ്ഞു. അവരെ കേള്‍പ്പിക്കാന്‍ ഞങ്ങള്‍ക്കു വീണ്ടും പാടേണ്ടി വന്നു.
ധാരാളം സ്വരങ്ങള്‍ പാടാനുള്ളതുകൊണ്ട് ഗായകനായി യേശുദാസ് അല്ലാതെ മറ്റൊരാളെ ആലോചിക്കുകപോലും ചെയ്തില്ല. അങ്ങനെയാണു ‘നക്ഷത്രദീപങ്ങള്‍ തിളങ്ങി…’ എന്ന കവിത യാദൃച്ഛികമായി സിനിമയില്‍ വരുന്നതും ഹിറ്റാവുന്നതും’ സിനിമയിലെ മറ്റു പാട്ടുകളുടെ രചനയും സ്വാഭാവികമായി ബിച്ചുവിനു ലഭിച്ചു.
സര്വോത്കൃഷ്ടമായാണ് ജയവിജയ ഈ പാട്ട് കംപോസ് ചെയ്തതും റിക്കോര്‍ഡ് ചെയ്തതും. ദക്ഷിണേന്ത്യന്‍ വയലിന് വിസ്മയമായ ചൗഡയ്യയെപ്പറ്റിയുള്ള വര്ണനയ്ക്കുശേഷം അദ്ദേഹത്തിന്റെ തനതുശൈലിയിലുള്ള വയലിന് ആലാപനം ഉള്‍പ്പെടുത്തി. ചൗഡയ്യതന്നെയാണോ ഇതു വായിക്കുന്നതെന്ന് നാം സംശയിച്ചുപോകും.
അദ്ദേഹത്തിന്റെ ശിഷ്യന് കേശവ റാവുവിനെക്കൊണ്ടാണ് ആ ഭാഗം ചെയ്യിപ്പിച്ചത്. പൂര്‍ണതയ്ക്കായി ചൗഡയ്യയുടേതുപോലെ ഏഴു തന്ത്രിയുള്ള പ്രത്യേക വയലിന് ഉണ്ടാക്കിയാണ് അതു വായിച്ചത്.
പാലക്കാട് മണി അയ്യരെപ്പറ്റി പറയുന്ന ഭാഗത്ത് അദ്ദേഹത്തിന്റെ പ്രശസ്തമായ ‘ചൊല്ക്കെട്ടാ’ണ് ചേര്‍ത്തിരിക്കുന്നത്. പ്രഗത്ഭമൃദംഗ വിദ്വാന് ഗുരുവായൂര്‍ ദൊരെയെക്കൊണ്ടാണ് മണിയുടെ ശൈലിയില്‍ ഇതു വായിപ്പിച്ചെടുത്തത്. ഒരുപാടു പ്രത്യകതകളുള്ള ഈ ഗാനത്തിന്റെ റിക്കോര്‍ഡിങ്ങില്‍ പരമാവധി ശ്രദ്ധ പുലര്‍ത്തി ജയവിജയ. ചെന്നൈയിലെ ഏറ്റവും മികച്ച സൗണ്ട് എന്‍ജിനിയര്‍ കോടീശ്വരറാവു ജെമിനി സ്റ്റുഡിയോയിലാണ് ഈഗാനം ആലേഖനം ചെയ്തത്.
ജയവിജയന്മാരുടെ കഠിനാധ്വാനം ഫലമണിഞ്ഞു. 45 വര്‍ഷം കഴിഞ്ഞിട്ടും നിത്യസുന്ദരമായി നില്‍ക്കുകയാണ് ഈ നവരാത്രി ഗാനം. ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് ആരാണെന്നോ? സാക്ഷാല്‍ യേശുദാസ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: