കുണ്ടറ: ജില്ലയിലെ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലൊന്നായ കുണ്ടറയില്‍ പാലരുവി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പന്ത്രണ്ടോളം ട്രയിന്‍ സര്‍വീസുകള്‍ നടത്തുന്ന പുനലൂര്‍ കൊല്ലം പാതയില്‍ പാലരുവി എക്സ്പ്രസ് ഒഴികെ എല്ലാം കുണ്ടറയില്‍ നിര്‍ത്തുന്നുണ്ട്.
കൊവിഡിന് മുമ്പുവരെ കുണ്ടറയില്‍ നിര്‍ത്തിയിരുന്നു. പിന്നീട് സ്റ്റോപ്പുകള്‍ പുനക്രമീകരിച്ചുള്ള പട്ടികയിലാണ് കുണ്ടറ ഒഴിവായത്. തിരുനെല്‍വേലി മുതല്‍ പാലക്കാട് വരെ സര്‍വീസ് നടത്തുന്ന ട്രയിന്‍ തിരുനെല്‍വേലിക്കുള്ള യാത്രയില്‍ 11.45ഓടെയും പാലക്കാട്ടേക്കുള്ള യാത്രയില്‍ പുലര്‍ച്ചെ നാലിനുമാണ് കുണ്ടറ വഴി കടന്നുപോകുന്നത്.
ടെക്നോപാര്ക്കുള്പ്പെടെ വിവിധ സ്ഥാപനങ്ങള്‍ക്കും കുണ്ടറയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും എറണാകുളം, തമിഴ്നാട് ഭാഗങ്ങളില്‍ പോകുന്നവര്‍ക്കും ആശ്രയിക്കാവുന്ന ട്രെയിനാണ് പാലരുവി.
കുണ്ടറയില്‍ വരുമാനം കുറവായതിനാലാണ് സ്റ്റോപ്പ് നിര്‍ത്തലാക്കിയെന്നാണ് റെയില്‍വെ ഉദ്യോഗസ്ഥരുടെ വിശദീകരണം. ട്രെയിനു സ്റ്റോപ്പ് അനുവദിക്കുന്നതില്‍ എംഎല്‍എ, എംപി, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഇടപെടണമെന്നാണ് യാത്രക്കാരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: