പത്തനാപുരം: സിപിഐ നേതാവായ റേഷന്‍കട ഉടമയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 50 ചാക്കോളം അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ള റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു. തലവൂര്‍ പറങ്കിമാംമുകളില്‍ 26-ാം നമ്പര്‍ റേഷന്‍ കട നടത്തുന്ന സി.കെ. സുരേഷ്കുമാറിന്റെ പിടവൂര്‍ അരുവിത്തറയിലെ വീട്ടില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസ് അധികൃതര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പിടിച്ചെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഇയാള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ആറുചാക്ക് റേഷനരി പിടിച്ചെടുത്ത് ആവണീശ്വരം എഫ്സിഐ ഗോഡൗണിലേക്ക് നേരത്തെ മാറ്റിയിരുന്നു. വീണ്ടും വിവരം ലഭിച്ചതിനെ തുടര്‍ന്ന് അരുവിത്തറയിലുള്ള ഇയാളുടെ പൂട്ടിക്കിടന്ന വീട് പരിശോധിച്ചപ്പോഴാണ് റേഷന്‍ സാധനങ്ങളുടെ വന്‍ശേഖരം കണ്ടെത്തിയത്.
റേഷന്‍ കടവഴി ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനായി നല്കിയ സാധനങ്ങള്‍ മറിച്ചുവില്‍ക്കാനായി സൂക്ഷിച്ചിരിക്കുകയായിരുന്നു. സിപിഐയുടെ സജീവ പ്രവര്‍ത്തകനാണ് സി.കെ. സുരേഷ്കുമാര്‍. ഗുരുതര ക്രമക്കേടാണ് റേഷന്‍കട ഉടമ നടത്തിയെതെന്ന് സപ്ലൈഓഫീസര്‍ പറഞ്ഞു. പിടിച്ചെടുത്ത സാധനങ്ങള്‍ എഫ്സിഐ. ഗോഡൗണിലേക്ക് മാറ്റിയ ശേഷം റേഷന്‍ കട സീല്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: