ന്യൂദല്‍ഹി: രാഹുല്‍ ഒരു ഫ്യൂഡല്‍ പ്രഭുവിനെപ്പോലെ ജോഗിങ്ങും സെലിബ്രേഷനുമായൊക്കെ നടക്കുന്ന ഒരാളാണെന്നും എന്തിനോടെങ്കിലും ഗൗരവത്തോടെ പെരുമാറുന്നതായി തോന്നിയിട്ടില്ലെന്നും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അധ്വാനിക്കാതെ അധികാരത്തിലെത്താമെന്ന ധാരണയാണ് രാഹുലിനെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
രണ്ട് പതിറ്റാണ്ടിലേറെ കോണ്‍ഗ്രസിലുണ്ടായിരുന്ന ആളാണ് ഞാന്‍. ഈ രീതി തിരുത്തിയില്ലെങ്കില്‍ വടക്കുകിഴക്കന്‍ മേഖല പൂര്‍ണമായും നഷ്ടമാകുമെന്ന് ഞാന്‍ അവരോട് അന്ന് പറഞ്ഞതാണ്. അതൊന്നും ശ്രദ്ധിക്കാനുള്ള പക്വത രാഹുലിനില്ല. ഒരു യജമാനഭാവത്തിലാണ് അന്നൊക്കെ അദ്ദേഹം പെരുമാറിയത്.
ഭാരത് ജോഡോ യാത്ര പോലും അവര്‍ സീരിയസായല്ല നടത്തുന്നത്. രാഹുലിന് അതുകൊണ്ട് എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. ഒരു മീറ്റിങ്ങ് പോലും പൂര്‍ത്തിയാക്കാന്‍ താല്‍പ്പര്യമുള്ള ആളല്ല അദ്ദേഹം. ജനാധിപത്യത്തില്‍, പാര്‍ലമെന്ററി ഉത്തരവാദിത്തമില്ലാതെ, പാര്‍ട്ടി ഉത്തരവാദിത്തമില്ലാതെ, ജനങ്ങളോട് പ്രതിബദ്ധതയില്ലാതെ ആരെങ്കിലും അധികാരം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ഏറ്റവും അപകടകരമാണ്, ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
രാഹുലും സോണിയയുമൊക്കെ വോട്ട് തേടി പാവങ്ങളെ കാണും. എന്നാല്‍ പാവപ്പെട്ടവര്‍ അവരുടെ വീട്ടിലേക്ക് വരുമോ? സോണിയയും രാഹുല്‍ ഗാന്ധിയും ഒരേ ഡൈനിംഗ് ടേബിളില്‍ പാവങ്ങള്‍ക്കൊപ്പം അത്താഴം കഴിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കോണ്‍ഗ്രസ് സോണിയാ പരിവാറിന് മാത്രം പ്രാധാന്യമുള്ള ഒരു ആവാസവ്യവസ്ഥയാണ്, കോണ്‍ഗ്രസില്‍ ചേരുന്നവര്‍ സോണിയാ കുടുംബത്തിന്റെ വിധേയരാവുകയാണ് ഫലത്തില്‍ ചെയ്യുന്നത്, ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: