ന്യൂദല്‍ഹി: ജനറല്‍ അനില്‍ ചൗഹാന് ഇന്ന് സംയുക്ത സൈനിക മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്- സിഡിഎസ്) ചുമതലയേറ്റു. മൂന്നു സൈനിക വിഭാഗങ്ങളുടെയും കാര്യങ്ങളില്‍ രാജ്യ രക്ഷാ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായും, സൈനിക കാര്യ വകുപ്പ് മേധാവിയെന്ന നിലയില്‍ സെക്രട്ടറി പദവിയിലും, ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി സ്ഥിരം ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിക്കും.
സംയുക്ത സൈനിക മേധാവിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്തില്‍ അഭിമാനമുണ്ടെന്ന് ചുമതലയേല്‍ക്കുന്നതിന് മുമ്പ് മാധ്യമങ്ങളുമങ്ങളോട് സംസാരിക്കവെ ജനറല്‍ ചൗഹാന് പറഞ്ഞു. പുതിയ സംയുക്ത സൈനിക മേധാവിയില്‍ മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കും സര്‍ക്കാരിനും പൗരന്മാര്ക്കും വിശ്വാസവും പ്രതീക്ഷയും ഉണ്ട്. തന്റെ കഴിവിന്റെ പരമാവധി വിനിയോഗിച്ച് ചുമതല നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികള്‍ സൈന്യം സംയുക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച് വീരമൃത്യു വരിച്ച സൈനികര്‍ക്ക് ജനറല്‍ ചൗഹാന് ആദരാഞ്ജലി അര്‍പ്പിച്ചു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര് ചൗധരി, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നാവികസേനാ വൈസ് ചീഫ് വൈസ് അഡ്മിറല്‍ എസ്എന്‍ ഘോര്‍മഡെ സായുധ സേനയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സൗത്ത് ബ്ലോക്ക് പുല്‍ത്തകിടിയില്‍ മൂന്ന് സൈനിക വിഭാഗങ്ങളുടെയും ഗാര്‍ഡ് ഓഫ് ഓണറും അദ്ദേഹം പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: