ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി നടത്തിയ രാഷ്‌ട്രീയനാടകങ്ങളില്‍ മുഖം നഷ്ടമായി കോണ്‍ഗ്രസ്. കൂടിയാലോചനകളുടെ പേരില്‍ പല നേതാക്കളെയും ദല്‍ഹിയിലേക്ക് വിമാനത്തില്‍ വിളിച്ചുവരുത്തിയായിരുന്നു ചര്‍ച്ച. നേതാക്കള്‍ക്ക് ഈ കൂടിയാലോചനകള്‍ക്ക് എത്തിച്ചേരാന്‍ ഉപയോഗിച്ച വിമാനടിക്കറ്റുകള്‍ക്ക് തന്നെ കോടികളാണ് ചെലവാക്കിയത്.
അശോക് ഗെഹ്ലോട്ട്, കെ.സി. വേണുഗോപാല്‍, സച്ചിന്‍ പൈലറ്റ്, ദ്വിഗ്വിജയ് സിങ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.കെ. ആന്‍റണി തുടങ്ങി നേതാക്കളുടെ ഒരു നീണ്ട നിരയെത്തന്നെ സോണിയാഗാന്ധി ദല്‍ഹിയ്‌ക്ക് വിളിച്ചുവരുത്തിയിരുന്നു.അശോക് ഗെഹ്ലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനും സച്ചിന്‍പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാനുമുള്ള സോണിയയുടെ തന്ത്രം അശോക് ഗെഹ്ലോട്ടും അനുയായികളും പൊളിച്ചപ്പോള്‍ തന്നെ സംഘടനയേക്കാള്‍ സ്വന്തം അധികാരക്കസേരകള്‍ക്ക് ദാഹിച്ചുനടക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍ എന്ന കാര്യമാണ് ജനങ്ങള്‍ മനസ്സിലാക്കിയത്. ഭാരത് ജോഡോ യാത്ര എന്ന പേരില്‍ ഇന്ത്യയെ ഒരുമിപ്പിക്കാന്‍ യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധിക്ക് സ്വന്തം പാര്‍ട്ടിയിലെ രണ്ട് നേതാക്കളെ യോജിപ്പിക്കാന്‍ പോലും കഴിവില്ല എന്ന് ഭാരതം കണ്ടു.
തന്റെ മുഖ്യമന്ത്രിക്കസേര വിട്ടുകൊടുത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് മാറാന്‍ അശോക് ഗെഹ്ലോട്ട് തയ്യാറാവാത്തത് സോണിയയെപോലും ഞെട്ടിച്ചു. കൂടുതല്‍ വരുമാനമാര്‍ഗ്ഗമുള്ള മുഖ്യമന്ത്രിക്കസേര തന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷപദവിയേക്കാള്‍ മെച്ചമെന്ന് പരിചയസമ്പന്നനായ ഗെഹ്ലോട്ടിനെ പോലെ മറ്റൊരാള്‍ക്കും അറിയില്ല. ദ്വിഗ്വിജയ് സിംഗിനെ സര്‍വ്വസമ്മതനായ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പല കോണ്‍ഗ്രസ് നേതാക്കളും എതിര്‍ത്തു. ഒടുവിലാണ് സോണിയയ്‌ക്ക് 100 ശതമാനവും വിശ്വസിക്കാവുന്ന ഖാര്‍ഗെയെ എത്തിച്ചത്. മറ്റൊരു റബ്ബര്‍ സ്റ്റാമ്പായിരിക്കും ഖാര്‍ഗെ.
ശശി തരൂര്‍ പണ്ട് ഐക്യരാഷ്‌ട്രസഭയില്‍ സെക്രട്ടറി ജനറല്‍ പദവിക്ക് വേണ്ടി മത്സരിച്ച അതേ ദുര്‍വിധിയാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നേരിടുന്നത്. കോണ്‍ഗ്രസില്‍ അധ്യക്ഷപദവിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുറവിളി കൂട്ടിയ ജി-23 എന്ന കോണ്‍ഗ്രസ് വിമത പക്ഷം തഴഞ്ഞതോടെ തരൂരിന്റെ കോണ്‍ഗ്രസിലെ രാഷ്‌ട്രീയഭാവി തന്നെ ഇരുളടഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് മത്സരിക്കുന്നതിന് ഒരു ദാര്‍ശനിക പരിവേഷം നല്‍കി തരൂര്‍ മാധ്യമങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചെങ്കിലും അതിപ്പോള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി. ഹൈക്കമാന്‍റും ജി-23 എതിരാവുമ്പോള്‍ തരൂരിന് എത്ര വോട്ട് കിട്ടും എന്ന് കണ്ടറിയണം. പൊതുവെ കോണ്‍ഗ്രസ് അധ്യക്ഷ പദവി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് പ്രതിനിധി മൃഗീയ ഭൂരിപക്ഷത്തിന് ജയിക്കുന്ന പതിവ് ഇക്കുറിയും ആവര്‍ത്തിക്കുമെന്നുറപ്പ്. കാരണം ഹൈക്കമാന്‍റിന്റെ പ്രതിനിധിയായി സീനിയര്‍ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരുന്നതോടെ തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം പാഴായതുപോലെ ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: