ഏതാനും ദിവസങ്ങളായി രാജ്യമെങ്ങും പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്ന സംഘടന മുമ്പെങ്ങുമില്ലാത്തവിധം ചര്‍ച്ച ചെയ്യപ്പെടുകയാണല്ലോ. ദേശീയ അന്വേഷണ എജന്‍സി (എന്‍ഐഎ) പോപ്പുലര്‍ഫ്രണ്ടിന്റെ ഓഫീസുകള്‍ റെയ്ഡ് ചെയ്യപ്പെട്ടതും കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അതിന്റെ മുന്‍നിര നേതാക്കളെ രാജ്യസുരക്ഷാനിയമം ഉപയോഗിച്ച് അറസ്റ്റുചെയ്യുകയും ചെയ്തതാണ് ഇപ്പോഴത്തെ ചര്‍ച്ച ചൂടുപിടിച്ചതിന്റെ തുടക്കം. റെയ്ഡിനും അറസ്റ്റിനും തൊട്ടുപിന്നാലെ കേന്ദ്രസര്‍ക്കാര്‍ പിഎഫ്ഐയെ നിരോധിക്കുകയും ചെയ്തു.
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സ്ഥാവരജംഗമവസ്തുക്കള്‍ കണ്ടുകെട്ടാന്‍ തീരുമാനിച്ചു. അതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. പിഎഫ്ഐയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് അനുബന്ധസംഘടനകള്‍ക്കും ഈ നിരോധനം ബാധകമാക്കി. എസ്ഡിപിഐ എന്ന രാഷ്ട്രീയസംഘടന ഒഴിച്ച് റിഹാബ് ഇന്ത്യ ഫൗണ്ടേഷന് (ആര്‍ഐഎഫ്), ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന് (എന്‍സിഎച്ച്ആര്‍ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്, റിഹാബ് ഫൗണ്ടേഷന്‍കേരള എന്നിവയാണ് അനുബന്ധമായി നിരോധിക്കപ്പെട്ടത്.
നിരോധനത്തിലേക്ക് നയിച്ചത്
രാജ്യത്ത് നിലനില്‍ക്കുന്ന ഭരണഘടനയെയും ജനാധിപത്യത്തെയും വകവയ്ക്കാതെയുള്ള പ്രവര്‍ത്തനവും തദ്വാരാ പ്രത്യേക മതവിഭാഗത്തെ വര്‍ഗീയമായി വേര്‍തിരിച്ച് തീവ്രവാദത്തിലേക്കും ഭീകരപ്രവര്‍ത്തനത്തിലേക്കും നയിക്കാന്‍ പിഎഫ്ഐ ആസൂത്രിതതമായി ശ്രമിച്ചു എന്നതാണ് നിരോധിക്കാനുള്ള പ്രധാനകാരണമായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയായി മാറിയ പിഎഫ്ഐ നേരത്തെ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി നിരോധിക്കപ്പെട്ട സിമി, ജമാ അത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ്, ഐഎസ് എന്നിവയുമായി ബന്ധം സ്ഥാപിച്ചെന്നുമുള്ള അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലും നിരോധനത്തിന് കാരണമായി. രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശങ്ങളില്‍ നിന്ന് പണം കൈപ്പറ്റിയ സംഘടന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടുകയും നിരവധി അരുംകൊലകള്‍ നടത്തുകയും ചെയ്തതായും നിരോധനത്തിന്റെ കാരണമായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് മുമ്പും പല സംഘടനകളും നിരോധിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പലതും രാജ്യത്തെ പരമോന്നത കോടതിയില്‍ പോയി തങ്ങളുടെ നിരപരാധിത്വം തെളിവുസഹിതം ചൂണ്ടിക്കാട്ടി നിരോധനത്തില്‍ നിന്ന് പ്രവര്‍ത്തനസ്വാതന്ത്ര്യം നേടി എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അങ്ങനെ അല്ലാത്ത പല സംഘടനകളും ഇന്നും നിരോധനത്തില്‍ തുടരുന്നുമുണ്ട്. സിമി, മാവോയിസ്റ്റു സംഘടനകള്‍ തുടങ്ങിയവ ഉദാഹരണം. പക്ഷേ രാജ്യം മുമ്പെങ്ങും കണ്ടിട്ടില്ലാത്തവണ്ണം കേന്ദ്രസര്‍ക്കാര്‍ സര്‍വസന്നാഹങ്ങളോടും കൂടി പിഎഫ്ഐ ആസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തുകയും ഇത്രയധികം നേതാക്കളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അറസ്റ്റു ചെയ്യുകയും ചെയ്തത് നിസ്സാരമല്ല. അതാണ് ചൂടേറിയ മാധ്യമചര്‍ച്ചയ്ക്ക് ഉള്‍പ്പെടെ കാരണമായിരിക്കുന്നത്.
ലഭ്യമായ വിവരങ്ങള്‍ വച്ച് നമുക്ക് പിഎഫ്ഐയുടെ ആശയാടിത്തറ, ലക്ഷ്യം, ആവിര്‍ഭാവം, പ്രവര്‍ത്തനശൈലി, വളര്‍ച്ച തുടങ്ങിയവ വിലയിരുത്താം. ഏതൊരു സംഘടനയും പ്രവര്‍ത്തിക്കുന്നത് ഒരു നിയതമായ ആശയത്തിന്റെ അടിത്തറയിലായിരിക്കും. ഇവിടെ പിഎഫ്ഐയുടെ ആശയം എന്താണെന്ന് പരിശോധിക്കുന്നതിന് മുമ്പ് അവരുടെ ലക്ഷ്യം എന്താണെന്ന് നോക്കാം. അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വത്കരിക്കപ്പെട്ടവരുടെയും മോചനം ആണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ പറയുന്നു. ആരാണ് അടിച്ചമര്ത്തവപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും. പിഎഫ്ഐയുടെ ദൃഷ്ടിയില് ഭാരതത്തിലെ മുസ്ലിങ്ങള്‍ ആണ് അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും. പേരിന് പിന്നാക്ക വിഭാഗങ്ങളായ പട്ടികജാതി പട്ടികവര്‍ഗക്കാരെയും അവര്‍ ഈ ശ്രേണിയില്‍ ഉള്‍പ്പെടുത്താറുണ്ട്. അത് പൊതുസമൂഹത്തിന്റെയും അധികൃതരുടെയും കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് വഴിയേ സമര്ഥിക്കാം.
പക്ഷേ യഥാര്‍ഥത്തില്‍ ഇവര്‍ ലക്ഷ്യം വയ്ക്കുന്നത് ഇതൊന്നുമല്ല. ലോകത്തിലേറ്റവും വലിയ ജനാധിപത്യസംവിധാനം അതിന്റെ എല്ലാ സംശുദ്ധിയോടും നിലനില്‍ക്കുന്നത് ഭാരതമണ്ണിലാണെന്ന് ലോകം സാക്ഷ്യപ്പെടുത്തുന്നു. പിന്നെ ആരാണ് ഇവിടെ അടിച്ചമര്ത്തപ്പെട്ടിരിക്കുന്നതെന്ന ചോദ്യത്തിന് നേരെചൊവ്വെ ഇക്കൂട്ടര്‍ മറുപടി പറയാറില്ല. അതിനാല്‍ തന്നെ ഇവരുടെ ലക്ഷ്യം അതല്ലെന്ന് വ്യക്തം. ഘോരഘോരം വായ്ത്താരി മുഴക്കുമെങ്കിലും ദരിദ്രരെയും സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് ഒതുക്കപ്പെട്ടവരെയും ക്രിയാത്മകമായി കൈപിടിച്ചുയര്‍ത്ത് മുഖ്യധാരയിലെത്തിക്കാനുള്ള സര്‍ഗാത്മക പ്രവൃത്തികളൊന്നും ഉണ്ടായ നാള് മുതല്‍ ഇന്നുവരെ പിഎഫ്ഐ നടത്തിയിട്ടില്ലെന്ന് അവരുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാം. പിന്നെ എന്താണ് അവരുടെ ലക്ഷ്യം ?
സംഘടനയുടെ ലക്ഷ്യം അവര്‍ പുറത്തു പറയുന്നതോ പ്രചരിപ്പിക്കുന്നതോ അല്ല. അതിലേക്ക് എത്തണമെങ്കില്‍ പിഎഫ്ഐയുടെ ആവിര്‍ഭാവവും പ്രവര്‍ത്തനശൈലിയും വളര്‍ച്ചയും കൃത്യമായി പഠിച്ച് തലനാരിഴ കീഴി പരിശോധിക്കണം. പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ അഥവാ പിഎഫ്ഐ ഭാരതത്തില്‍ രൂപീകരിക്കപ്പെടുന്നത് രാജ്യതലസ്ഥാനമായ ന്യൂദല്‍ഹിയില്‍ 2006 നവംബര്‍ 22നാണ്. ഹിന്ദുദേശീയതയ്ക്ക് ബദലായി മുസ്ലിങ്ങളെ രാഷ്ട്രീയമായി സംഘടിപ്പിക്കുക ആണ് സംഘടനയുടെ ഉദ്ദേശ്യലക്ഷ്യമായി അന്ന് പ്രഖ്യാപിച്ചത്. കേരളത്തിലെ എന്‍ഡിഎഫ്, കര്‍ണാടകയിലെ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി (കെഡിഎഫ്), തമിഴ്നാട്ടിലെ മനിത നീതി പാസറൈ (എംഎന്‍പി) എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പിഎഫ്ഐക്ക് രൂപം കൊടുത്തത്. ആന്ധ്രാപ്രദേശിലെ അസോസിയേഷന് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, ഗോവയിലെ സിറ്റിസണ്‍ ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യല്‍ ആന്റ് എജ്യുക്കേഷണല്‍ സൊസൈറ്റി, പശ്ചിമബംഗാളിലെ നാഗരിക് അധികാര്‍ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോംഗ് സോഷ്യല്‍ ഫോറം എന്നിവ പിന്നീട് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗമായി. നിരോധിക്കപ്പെട്ട സിമി(സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഫോര്‍ ഇന്ത്യ)യുടെ പല നേതാക്കളും പിഎഫ്ഐയുടെ നേതൃസ്ഥാനത്ത് ഉണ്ടെന്ന വിവരം അക്കാലത്ത് തന്നെ രഹസ്യാന്വേഷണ വിഭാഗം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പോപ്പുലര്‍ഫ്രണ്ടിന് കേരളത്തിലാണ് കൂടുതല്‍ വേരോട്ടവും ശക്തിയും ഉണ്ടായിരുന്നത്. അവരുടെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐ രാഷ്ട്രീയപ്പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതും കേരളത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: