ബംഗളൂരു: വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് യാതൊരു നിര്‍ദ്ദേശം ഇല്ലാതിരുന്നിട്ടും മുഹമ്മദ് നബിയെ കുറിച്ച് രഹസ്യമായി ഉപന്യാസ മത്സരം സംഘടിപ്പിച്ച ഗദഗ് ജില്ലയിലെ സര്‍ക്കാര്‍ സ്കൂള്‍ ഹെഡ്മാസ്റ്ററെ സസ്പെന്‍ഡ് ചെയ്തു. ഗദഗ് താലൂക്കിലെ നാഗാവിയിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകന് അബ്ദുള്‍ മുനാഫ് ബിജാപൂരിനെയാണ് പൊതുവിദ്യാഭ്യാസ അഡീഷണല്‍ കമ്മീഷണര്‍ സിദ്രാമപ്പ എസ്.ബിരാദാര്‍ സസ്പെന്‍ഡ് ചെയ്തത്.
പ്രധാനാധ്യാപകനെതിരെ ഹിന്ദു സംഘടന പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്. നാഗവി ഗവണ്മെന്റ് ഹൈസ്കൂളിലാണ് സംഭവം. എട്ടാം ക്ലാസില്‍ പഠിക്കുന്ന 43 വിദ്യാര്‍ഥികള്‍ക്ക് മുഹമ്മദ് നബിയെക്കുറിച്ചുള്ള പുസ്തകം നല്കിയ ശേഷം മറ്റ് അധ്യാപകരോടും വകുപ്പുകളോടും പറയാതെ പ്രധാനാധ്യാപകന് ഉപന്യാസ മത്സരം സംഘടിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. പ്രഥമാധ്യാപകന് അബ്ദുള്‍ മുനാഫ് കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കുകയും 5000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഉപന്യാസ മത്സരം സംഘടിപ്പിക്കുകയായിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതിനാലാണ് സസ്പെന്‍ഡ് ചെയ്തതെന്ന് ഉത്തരവില്‍ പറയുന്നു,
‘ഉപന്യാസമത്സരം നടത്തി 5000 രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മതം അടിച്ചേല്‍പ്പിക്കാന്‍ സ്കൂളിലെ പ്രധാനാധ്യാപകന് ശ്രമിക്കുന്നതായി മനസ്സിലായി. 5000 രൂപ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഉപന്യാസങ്ങള്‍ എഴുതാന്‍ പ്രേരിപ്പിച്ചത്. വിദ്യാര്‍ത്ഥികളെ മതം മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. അതുകൊണ്ടാണ് താന്‍ ശ്രീരാമസേന പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. പ്രവാചകന് മുഹമ്മദ് നബിയെ കുറിച്ച് ഒരു ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശം എന്താണെന്ന് തനിക്കറിയണമെന്നും രക്ഷിതാവായ ശരണപ്പ ഗൗഡ ഹപ്ലദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: