പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ യുഎപിഎ നിയമപ്രകാരം നിരോധിച്ചതിലൂടെ വെളിപ്പെട്ടിരിക്കുന്നത് സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും ദേശവിരുദ്ധ മുഖം കൂടിയാണ്. ദേശവിരുദ്ധ പ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനവും നടത്തിയതിന്റെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിരോധിച്ച പോപ്പുലര്‍ഫ്രണ്ടിന്റെ സഹായത്തിനെത്തിയിരിക്കുകയാണ് സിപിഎം. നിരോധനത്തെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ആദ്യംതന്നെ രംഗത്തുവന്നിരുന്നു. നിരോധനം അപ്രായോഗികമാണെന്നും, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും പാര്‍ട്ടി പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവനയും വന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നിരോധനത്തെ അനുകൂലിക്കുന്നില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ സിപിഎം പങ്കുചേര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ ദല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപത്തെ വിമര്‍ശിക്കാനും സിപിഎം തയ്യാറായില്ല. കലാപകാരികള്‍ക്കൊപ്പമായിരുന്നു ഈ പാര്‍ട്ടി. ഇതിന്റെ തുടര്‍ച്ചയാണ് നിരോധനമേര്‍പ്പെടുത്തിയിട്ടും പോപ്പുലര്‍ ഫ്രണ്ടിനൊപ്പം തന്നെ സിപിഎം നില്‍ക്കുന്നത്. രാജ്യത്തിനകത്തും പുറത്തും പോപ്പുലര്‍ ഫ്രണ്ട് നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതിന് ഉപയോഗിച്ച ചില ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കുകയും ചെയ്തു. സിപിഎം ഇപ്പോഴും പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നില്‍ക്കുന്നത് അവിശുദ്ധ സാമ്പത്തിക ഇടപാടുകള്‍ ഉള്ളതുകൊണ്ടാണെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്.
പോപ്പുലര്‍ ഫ്രണ്ട് ഭീകരസംഘടനയാണെന്നും, സമൂഹത്തില്‍ മതവിഭാഗീയതയും അസ്ഥിരതയും സൃഷ്ടിക്കുകയാണ് അവരെന്നും അറിഞ്ഞുകൊണ്ടുതന്നെ സഖ്യം സ്ഥാപിക്കുകയായിരുന്നു സിപിഎം. പോപ്പുലര്‍ ഫ്രണ്ടിന്റെ അണികളില്‍ ഒരു വിഭാഗം സിപിഎമ്മുകാരാണ്. ഇടതുമുന്നണിക്ക് തുടര്‍ഭരണത്തിന് അവസരം ലഭിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയുണ്ടായിരുന്നു. ഇക്കാര്യം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ തെരഞ്ഞെടുപ്പിനു മുന്‍പും പിന്‍പും പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പു നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സിപിഎമ്മിനും ഇടതുമുന്നണിക്കും ഒപ്പമായിരുന്നു പോപ്പുലര്‍ ഫ്രണ്ട്. ഇവര്‍ ഒരുമിച്ചാണ് പല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഭരിക്കുന്നത്. മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കകത്തുനിന്നുപോലും കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടും ഈ ഭീകരവാദികളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറായില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാക്കളുമായി സിപിഎം നേതാക്കള്‍ക്ക് ഗാഢസൗഹൃദമാണുള്ളത്. ഇതുകൊണ്ടൊക്കെയാണ് കേരളം പോപ്പുലര്‍ ഫ്രണ്ടിന്റെ സുരക്ഷിത താവളമായി തുടര്‍ന്നതും, കോടതി വിധികള്‍ പോലും മാനിക്കാതെ അവര്‍ക്ക് ഇവിടെ അക്രമാസക്ത ഹര്‍ത്താലുകളും മറ്റും നടത്താന്‍ കഴിയുന്നതും. നിരോധനം നിലവില്‍ വന്നിട്ടും പോപ്പുലര്‍ ഫ്രണ്ടിനോട് സിപിഎം കാണിക്കുന്ന ആഭിമുഖ്യം ജനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.
നിരോധിക്കപ്പെട്ടവയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷനും അതിന്റെ കേരള ഘടകവുമുണ്ട്. ഈ സംഘടനയുടെ മറവിലാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിയമവിരുദ്ധ മാര്‍ഗത്തിലൂടെ പണം സ്വരൂപിച്ചതെന്നും ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ഈ സംഘടനയുടെ ദേശീയ വൈസ് ചെയര്മാന് ഇടതുമുന്നണി ഘടകകക്ഷിയായ ഐഎന്‍എല്ലിന്റെ അധ്യക്ഷന്‍ പ്രൊഫ. മുഹമ്മദ് സുലൈമാനാണ്. ഐഎന്‍എല്ലിന്റെ മന്ത്രിയായ അഹമ്മദ് ദേവര്‍കോവിലിനും പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരിക്കുന്നു. ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉന്നയിച്ച ഈ ആരോപണം വലിയ ചര്‍ച്ചാ വിഷയമായിട്ടും ഐഎന്‍എല്ലിനെ മുന്നണിയില്‍ നിലനിര്‍ത്താനും, അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിയായി തുടരാനും സിപിഎം അനുവദിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഇതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. അതിനു പകരം പോപ്പുലര്‍ ഫ്രണ്ടിനെയും മറ്റും നിരോധിച്ചതിന്റെ പേരില്‍ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഭീകരവാദികളുടെ അനുഭാവം നേടാനും, ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. നിരോധനത്തെത്തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും ഓഫീസുകള്‍ അടച്ചുപൂട്ടുമ്പോള്‍ കേരളം ഭരിക്കുന്നവര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. രാജ്യതാല്‍പ്പര്യത്തിന് എതിരാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇസ്ലാമിക ഭീകരവാദികളുടെ ഇടതുപക്ഷ ദല്ലാളുകളെ തുറന്നുകാണിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: