ചെന്നൈ: മദ്രാസ് ഹൈക്കോടതി അനുവദിച്ചിട്ടും വിജയദശമിയോടനുബന്ധിച്ച് ആര്‍എസ്എസ് നടത്തുന്ന പഥസഞ്ചലനത്തിന് അനുമതി നിഷേധിച്ച് തമിഴ്നാട് സര്‍ക്കാര്‍. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന പഥസഞ്ചലനത്തിന് ഡിഎംകെ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.
രാജ്യത്ത് മറ്റെല്ലാ സംസ്ഥാനത്തും സുഗമമായി നടക്കുന്ന വിജയദശമി ആഘോഷങ്ങള്‍ക്ക് തമിഴ്നാട്ടില്‍ മാത്രമാണ് വിലക്കുള്ളതെന്ന് ചൂണ്ടിക്കാട്ടി അന്‍പതിലധികം ഹര്‍ജികളാണ് മദ്രാസ് ഹൈക്കോടതിക്ക് മുന്നിലെത്തിയത്. പഥസഞ്ചലനത്തിന് അനുമതി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശവും നല്കി. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായേക്കാവുന്ന ക്രമസമാധാനപ്രശ്നങ്ങളെ പിടിവള്ളിയാക്കി ഡിഎംകെ സര്‍ക്കാര്‍ വീണ്ടും അനുമതി നിഷേധിക്കുകയായിരുന്നു.
സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനു പിന്നാലെ ആഭ്യന്തര സെക്രട്ടറി കെ ഫണീന്ദ്ര റെഡ്ഡി, പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) സി. ശൈലേന്ദ്ര ബാബു എന്നിവര്‍ക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ആര്‍എസ്എസ് കോടതിയലക്ഷ്യ ഹര്‍ജി നല്കി. മുന്‍ നിശ്ചയിച്ചപോലെ ഒക്ടോബര്‍ രണ്ടിന് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കണമെന്ന് ആര്‍എസ്എസ് കോടതിയോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: