കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിയെടുക്കാതെ സംരക്ഷണം ഒരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മറ്റ് സംസ്ഥാനങ്ങള്‍ നിരോധിക്കപ്പെട്ട രാജ്യദ്രോഹ സംഘടനക്കെതിരെ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ തണുപ്പന്‍ സമീപനം സ്വീകരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിനെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കരുതെന്നാണ് മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ പറഞ്ഞതെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടിന്റെയും അവിഹിതസഖ്യത്തിന്റെയും പ്രത്യുപകാരമാണിതെന്ന് ഉറപ്പാണ്. നിയമപ്രകാരം മതി നടപടിയെന്നാണ് പിണറായി വിജയന് പറയുന്നത്. രാജ്യത്തെ നിയമപ്രകാരമാണ് ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ റെയിഡ് നടത്താനോ പിടിച്ചെടുക്കാനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്ന സിപിഎം അഖിലേന്ത്യാ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും നിലപാടിനോട് ഇത് ചേര്‍ത്ത് വായിക്കേണ്ടതാണ്. സിപിഎമ്മിന്റെ ഈ നിലപാടിനൊപ്പമാണ് പിണറായി സര്‍ക്കാരുമെന്ന് വ്യക്തമായിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് മതഭീകരവാദികളാണെന്ന് പറഞ്ഞത് സിപിഎമ്മിന്റെ തന്നെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്ച്യുതാനന്ദനായിരുന്നു.
എന്നാല്‍ ഇന്ന് പിണറായി വിജയനിലെത്തുമ്പോള്‍ സിപിഎം പൂര്‍ണമായും മതഭീകരവാദികള്‍ക്ക് കീഴടങ്ങിക്കഴിഞ്ഞു. രാജ്യത്തെ ഭരണഘടന അനുസരിച്ചല്ല സിപിഎം ഫ്രാക്ഷന് അനുസരിച്ചാണ് സംസ്ഥാന ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നതിന്റെ പ്രത്യക്ഷ ഉദ്ദാഹരണമാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരായ മൃദു സമീപനമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: