തിരുവനന്തപുരം: കഴക്കൂട്ടം പുല്ത്തകിതിടി സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ ക്രിക്കറ്റ് പ്രേമികളില്‍ അധികം പേരും പ്രാര്‍ത്ഥിച്ചു, ദക്ഷിണാഫ്രിക്ക റണ്‍സ് അടിക്കണേ എന്ന്. തുടരെ തുടരെ വിക്കറ്റ് വീണപ്പോളായിരുന്നു ഇന്ത്യന്‍ ആരാധാകരുടെ എതിരാളികള്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന. ബാറ്റിംഗ് പിച്ചെന്ന് വിലയിരുത്തപ്പെട്ട ഗ്രൗണ്ടില്‍ ഇഷ്ടതാരങ്ങളുടെ ബാറ്റില്‍ നിന്ന് റണ്‍ ഒഴുകുന്നത് കാണാനാണ് എത്തിയത്. പന്തടിവീരന്മാരെയല്ല പന്തേറുകാരെയാണ് കളം പിന്തുണയ്ക്കുന്നതെന്ന് ആദ്യ മൂന്ന് ഓവര്‍ എറിഞ്ഞപ്പോള്‍ തെളിഞ്ഞു. 5 ദക്ഷിണാഫ്രിക്കന്‍ താരങ്ങളും കൂടാരം കയറി. വമ്പനടിക്കാരായ തെംബെ ബാവുമയും ഡേവിഡ് മില്ലറും ട്രിസ്റ്റിന് സ്റ്റബ്സും ക്വിന്റന്‍ ഡികോക്കും റിലി റൂസോയും റണ്ണടിക്കാനാകെ കളംവിട്ടു. റണ്‍ മഴയക്കു പകരം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്ന്മാരുടെ കണ്ണീര് തുള്ളികളാണ് പിച്ചില്‍ വീണത്.
രാഹൂലിന്റേയും കോലിയുടേയും സൂര്യകുമാറിന്രേയും ഒക്കെ ബാറ്റില്‍ നിന്ന സിക്സറുകളും ബൗണ്ടറികളും ഒഴുകുന്നത് മനസ്സില്‍ കണ്ട് എത്തിയ കാണികളും മനസ്സില്‍ ‘ഇങ്ങനെയെങ്കില്‍ അവര്ക്കടിക്കാന് റണ്‍സ് ഇല്ലല്ലോ എന്ന ചിന്തയായി’. ഇനി വരുന്നവരെങ്കിലും കുറച്ച് റണ്‍സ് അടിക്കണമെന്ന പ്രാര്‍ത്ഥനയും.
പ്രാര്‍ത്ഥന അല്പമെങ്കിലും കേട്ടത് കേശവ് മഹാരാജും ഐഡന്‍ മാര്‍ക്രവും ആണ്.അവര്‍ അടിച്ച ഓരോ ബൗണ്ടറിക്കും കാണികള്‍ ആര്‍ത്തിരമ്പി. 24 പന്തില്‍ 25 റണ്‍സ് എടുത്ത മാര്‍ക്രവും അര്‍ദ്ധ സെഞ്ച്വറിക്ക് തൊട്ടരികെ എത്തിയ മഹാരാജും(41) ദക്ഷിണാഫ്രിക്കയെ നാണക്കേടില്നിന്ന രക്ഷിക്കുന്നത് കണ്ടപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ കയ്യടിച്ചു.
മത്സരത്തിന് മുമ്പ് റണ്‍ ഒഴുകുമെന്ന പറഞ്ഞ പിച്ചില്‍ രണ്ടു ടീമുകളുകളെയും ഏറ്റവും ശക്തരായ ബാറ്റര്‍മാര്‍ വരെ വെള്ളം കുടിക്കുന്ന അവസ്ഥ ട്വന്റി 20 ക്രിക്കറ്റിന്റെ ചടുല താളത്തിലേക്ക് മത്സരം കടക്കാതിരിക്കാന്‍ കാരണമായി. റണ്ണൊഴുകും പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത് എന്നായിരുന്നു മത്സരത്തിന് മുമ്പ് ക്യൂറേറ്റര്‍ പറഞ്ഞിരുന്നത്. 180ലേറെ റണ്‍സ് പിറക്കാന്‍ സാധ്യതയുള്ള ബാറ്റിംഗ് പിച്ച് എന്നായിരുന്നു പ്രവചനം.
മത്സരം തുടങ്ങി ആദ്യ ഓവറുകളില്‍ തന്നെ ഈ പ്രവചനം അപ്പാടെ പാളുന്ന തരത്തിലായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം.പിച്ചില്‍ നിന്ന് നല്ല ബൗണ്‍സും സ്വിംഗും ലഭിച്ചത് ഇന്ത്യന്‍ പേസര്‍മാരെ കൂടുതല്‍ അപകടകാരികളാക്കി. മറുപടി ഇന്നിംഗ്സിലെ ആദ്യ ഓവറുകളില്‍ പിച്ചിനെ മനസിലാക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാരും പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: