തിരുവനന്തപുരം: തീവ്രമായ നിലപാടുകള്‍ വച്ചുപുലര്‍ത്തുകയും രാഷ്ട്രീയ എതിരാളികള്‍ക്കെതിരായി അക്രമാസക്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരു സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യെന്ന് സിപിഎം പിബി. ഈ തീവ്രമായ രീതികളെ സിപിഎം എക്കാലത്തും ശക്തമായി എതിര്‍ക്കുകയും പിഎഫ്ഐയുടെ അക്രമ പ്രവര്‍ത്തനങ്ങളെ അപലപിക്കുകയും ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും, യുഎപിഎ പ്രകാരം ഒരു നിയമവിരുദ്ധ സംഘടനയായി പിഎഫ്ഐയെ പ്രഖ്യാപിക്കുന്നത് ഈ പ്രശ്നത്തിനുള്ള പോംവഴിയല്ല. നിരോധനമെന്നത് ഫലവത്തായ ഒരു നടപടിയല്ല എന്നത് ആര്‍എസ്എസിന്റെയും മാവോയിസ്റ്റുകാരുടെയും കാര്യമെടുത്താല്‍ത്തന്നെ വ്യക്തമാകുന്നതാണ്. നിയമവിരുദ്ധമോ അക്രമാസക്തമോ ആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴെല്ലാം പിഎഫ്ഐക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കര്‍ശനമായ നടപടിയുണ്ടാകണം. വിഭാഗീയതയുടെയും ഭിന്നിപ്പിന്റെയും പ്രത്യേയശാസ്ത്രം കൈമുതലായുള്ള പോപ്പുലര്‍ ഫ്രണ്ടിനെ തുറന്നുകാട്ടുകയും രാഷ്ട്രീയമായി എതിര്‍ക്കുകയും വേണം.
ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ ഇത്തരത്തിലുള്ള വര്‍ഗീയ ശക്തികളെയെല്ലാം തന്നെ രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കണം. ഇത്തരം വര്‍ഗീയ ശക്തികളെ പ്രതിരോധിച്ചുകൊണ്ട് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷജനാധിപത്യ സ്വഭാവം നിലനിര്‍ത്തുക എന്നതായിരിക്കണം ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞയെടുത്തുകൊണ്ട് അധികാരത്തിലേറിയവരുടെ പ്രധാന കടമയെന്നും സിപിഎം പിബി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: