ന്യൂദല്‍ഹി: അത് അത്യപൂര്‍വ കാഴ്ചയായിരുന്നു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള സുപ്രീംകോടതി ജഡ്ജിമാരും അഭിഭാഷകരും കോടതി മുറിയില്‍ വാദമുഖങ്ങള്‍ നിരത്തുന്നു. എതിര് ഭാഗത്തുള്ളവര്‍ അതു ഖണ്ഡിക്കുന്നു. ജഡ്ജിമാര്‍ ചോദ്യങ്ങളുന്നയിക്കുന്നു. അങ്ങനെ രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നടക്കുന്നത് എന്താണെന്നു പുറത്തുള്ളവര്‍ നേരിട്ടു കണ്ടു.
ചരിത്രത്തിലാദ്യമായാണ് സുപ്രീംകോടതിയിലെ നടപടിക്രമങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്തത്. സുപ്രീംകോടതിയിലെ മൂന്നു ഭരണഘടനാ ബെഞ്ചുകളിലെ മൂന്നു കേസുകളുടെ വാദങ്ങളാണ് തത്സമയം കാണിച്ചത്. മഹാരാഷ്ട്രയിലെ യഥാര്‍ഥ ശിവസേന ഏതെന്നു സംബന്ധിച്ച ഉദ്ധവ് താക്കറെ, ഏകനാഥ് ഷിന്‍ഡെ വിഭാഗങ്ങളുടെ തര്‍ക്കമായിരുന്നു ഒന്ന്. സാമ്പത്തിക സംവരണം സംബന്ധിച്ചതായിരുന്നു മറ്റൊന്ന്. കോടതി നടപടികള്‍ യൂട്യൂബിലൂടെയാണ് സംപ്രേഷണം ചെയ്തത്. ശിവസേനാക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലിന്റെ വാദങ്ങളാണു കാണിച്ചത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചാണു വാദം കേട്ടത്. ഭരണഘടന 10-ാം ഷെഡ്യൂള്‍ പ്രകാരം സ്പീക്കര്‍, ഗവര്‍ണര്‍ എന്നിവരുടെ അധികാരങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചത്.
തത്സമയ സംപ്രേഷണത്തിന് കോടതി ഉടന്‍ സ്വന്തമായ പ്ലാറ്റ്ഫോമൊരുക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് വിളിച്ചു ചേര്‍ത്ത യോഗത്തിലാണു തീരുമാനമുണ്ടായത്. 2018ല്‍ ഇതു സംബന്ധിച്ചു വിധി വന്നെങ്കിലും നാലു വര്‍ഷത്തിനു ശേഷമാണ് കോടതി നടപടികള്‍ തത്സമയം കാണിക്കുന്നത്. ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകിട്ടു ചേര്‍ന്ന ഫുള്‍കോര്‍ട്ട് യോഗത്തിലാണ് സുപ്രീംകോടതിയിലെ 30 ജഡ്ജിമാര്‍ ഏകകണ്ഠേന തീരുമാനമെടുത്തത്. ആഗസ്ത് 26ന് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന എന്‍.വി. രമണയുടെ വിരമിക്കലുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി ആദ്യമായി തത്സമയ സംപ്രേഷണം നടത്തുന്നത്. എന്‍.വി. രമണയുടെ അവസാന വിധി പ്രസ്താവനകളുടെ വെബ് കാസ്റ്റ്, പോര്‍ട്ടലിലൂടെ സംപ്രേഷണം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: