ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 29നും 30നും ഗുജറാത്ത് സന്ദര്‍ശിക്കും. സപ്തംബര്‍ 29നു രാവിലെ 11നു സൂറത്തില്‍ 3400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്യും. തുടര്‍ന്ന് പ്രധാനമന്ത്രി ഭാവ്നഗറില്‍ 5200 കോടി രൂപയിലധികം വരുന്ന ഒന്നിലധികം വികസന സംരംഭങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിക്കും.
വൈകുന്നേരം ഏഴിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി 36ാം ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യും. രാത്രി 9ന് അഹമ്മദാബാദിലെ ജിഎംഡിസി ഗ്രൗണ്ടില്‍ നടക്കുന്ന നവരാത്രി ഉത്സവത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. സപ്തംബര്‍ 30നു രാവിലെ 10.30നു ഗാന്ധിനഗര്‍മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്നു കാലുപുര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അദ്ദേഹം ട്രെയിനില്‍ യാത്ര ചെയ്യും. പകല്‍ 11.30നു പ്രധാനമന്ത്രി അഹമ്മദാബാദ് മെട്രോ റെയില്‍ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്യും.
കാലുപുര്‍ സ്റ്റേഷനില്‍നിന്നു ദൂരദര്ശന് കേന്ദ്രം മെട്രോ സ്റ്റേഷനിലേക്കു പ്രധാനമന്ത്രി മെട്രോയില്‍ സഞ്ചരിക്കും. ശേഷം അഹമ്മദാബാദിലെ അഹമ്മദാബാദ് എജ്യുക്കേഷന്‍ സൊസൈറ്റിയില്‍ നടക്കുന്ന പൊതുചടങ്ങില്‍ പ്രധാനമന്ത്രി അഹമ്മദാബാദ് മെട്രോ പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യും. വൈകിട്ട് പ്രധാനമന്ത്രി അംബാജിയില്‍ 7200 കോടി രൂപയുടെ വിവിധ പദ്ധതികള്‍ തറക്കല്ലിടുകയും സമര്‍പ്പിക്കുകയും ചെയ്യും.
വൈകുന്നേരം അംബാജി ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തിയ ശേഷം ഗബ്ബര്‍ തീര്‍ഥത്തിലെ മഹാ ആരതിയിലും അദ്ദേഹം പങ്കെടുക്കും. വിപുലമായ ഈ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ലോകോത്തര അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും നഗരത്തിന്റെ ചലനക്ഷമത വര്‍ധിപ്പിക്കുന്നതിനും ബഹുതലസമ്പര്‍ക്കസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയാണു പ്രതിഫലിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: