ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രങ്ങളില്‍ വീണ്ടും കര്‍ശന റെയ്ഡ്.ഏട്ട് സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ പുരോഗമിക്കുകയാണ്. നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും കസ്റ്റഡിയില്‍ എടുത്തു.
കര്‍ണാടക, അസം, യുപി, മഹാരാഷ്ട്ര, ദല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ റെയ്ഡുകള്‍ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍. എന്‍ഐഎ അല്ല റെയ്ഡ് നടത്തുന്നത് എന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.
മംഗളൂരുവില്‍ നിന്ന് 10 പേരെയും ഉഡുപ്പിയില്‍ നിന്ന് മൂന്ന് പേരെയും കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകത്തില്‍ ചാമരാജ്നഗര്‍, കല്‍ബുര്‍ഗി എന്നിവിടങ്ങളിലും റെയ്ഡുകള്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച വെളുപ്പിന് മുതലാണ് റെയ്ഡുകള്‍ തുടങ്ങിയത്.
കഴിഞ്ഞ വ്യാഴാഴ്ച എന്‍ഐഎയും ഇഡിയും പിഎഫ്ഐയുടെ 93 സഥാപനങ്ങളില്‍ കര്‍ശന പരിശോധന നടത്തിയിരുന്നു. അതില്‍ 100ലധികം പിഎഫ്ഐ പ്രവര്‍ത്തകരും അറസ്റ്റിലായി. ഇവരില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും പിഎഫ്ഐ കേന്ദ്രങ്ങളില്‍ റെയ്ഡുകള്‍ നടത്തുന്നത്.
ഏതാനും വര്‍ഷത്തിനുള്ളില്‍, പോപ്പുലര്‍ ഫ്രണ്ടിനു 120 കോടി രൂപ വിദേശത്തു നിന്ന് കിട്ടിയതായും തെളിവുണ്ട്. രാജ്യത്തെ ക്രമ സമാധാനം തകര്‍ക്കാനും ഭീകര പ്രവര്‍ത്തനം നടത്താനും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതായും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: