ബെംഗളൂരു: പുരാതന കാലം മുതല്‍ ഉത്സവങ്ങള്‍ ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നുവെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ചാമുണ്ഡേശ്വരി ദേവിക്ക് ദീപം തെളിച്ചും പുഷ്പാഞ്ജലിയര്‍പ്പിച്ചും കൊണ്ട് മൈസൂരു ദസറ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ദസറയില്‍ കര്‍ണാടകയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ച മുര്‍മു വൈവിധ്യങ്ങളുടെ സാന്നിധ്യം ഇന്ത്യയുടെ ആദരവ് ഉയര്‍ത്തുന്നുവെന്നും പറഞ്ഞു.
കര്‍ണാടകയുടെ ആത്മീയ പൈതൃകത്തില്‍ ബുദ്ധമതം, ജൈനമതം, ആദിശങ്കരാചാര്യ സ്ഥാപിച്ച ശൃംഗേരി മഠം എന്നിവ ഉള്‍പ്പെടുന്നു. ഇതോടൊപ്പം കലബുറഗി സൂഫി സന്യാസിമാരുടെ കേന്ദ്രമായി അറിയപ്പെടുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു. ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യാന്‍ അനുഭവ മണ്ഡപം സ്ഥാപിച്ച പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക വിപ്ലവകാരികളായ ബസവണ്ണ, അല്ലമ പ്രഭു, അക്ക മഹാദേവി എന്നിവരെയും രാഷ്‌ട്രപതി അനുസ്മരിച്ചു.
900 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വചനങ്ങളും അവര്‍ നല്‍കിയിട്ടുണ്ട്. അവ ഇന്നും ആദരിക്കപ്പെടുന്നുണ്ട്. വചനങ്ങള്‍ക്ക് സംഭാവന നല്‍കിയ 35 വനിതാ കവികളുണ്ടെന്ന് അവര്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണം പ്രസക്തമാണ്, അസുരരാജാക്കന്മാരെ കൊന്നത് സ്ത്രീ ദേവതകളാണ്. റാണി അബ്ബക്കയും റാണി ചെന്നമ്മയും വിദേശ ശക്തികള്‍ക്കെതിരെ പോരാടി. ഒനകെ ഒബവ്വയുടെ (കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ കോട്ട ആക്രമിക്കാന്‍ ശ്രമിച്ച ഹൈദരാലിയുടെ സൈനികരെ വധിച്ച) ധീരത ഇവിടെയുള്ള ആളുകള്‍ ഓര്‍ക്കുന്നു. അവയെല്ലാം സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. ഇന്ന് സ്ത്രീകളെ കൂടുതല്‍ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു.
രാജ്യത്തെ മുഴുവന്‍ സോഫ്‌റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ വ്യവസായ മേഖലകളിലെ വിദേശ നിക്ഷേപത്തിന്റെ 55 ശതമാനവും ആകര്‍ഷിക്കാന്‍ കര്‍ണാടകയ്‌ക്ക് കഴിഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ഹബ്ബായി ബെംഗളൂരു മാറി. പ്രാഥമിക വിദ്യാഭ്യാസത്തില്‍ 100 ശതമാനം എന്റോള്‍മെന്റ് ഉണ്ടെന്നും അവര്‍ പറഞ്ഞു. മഴക്കെടുതിയെക്കുറിച്ച് പരാമര്‍ശിച്ച മുര്‍മു സര്‍ക്കാര്‍ ഈ സാഹചര്യം കൈകാര്യം ചെയ്യുന്നുണ്ടെന്നും പറഞ്ഞു.
ഇന്ത്യയുടെ രാഷ്‌ട്രപതിയായി ചുമതലയേറ്റ ശേഷം മുര്‍മു സന്ദര്‍ശിക്കുന്ന ആദ്യ സംസ്ഥാനമാണ് കര്‍ണാടകയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തോളെ ചെറിയ രീതിയില്‍ നടത്തിയിരുന്ന ദസറ ഇക്കുറി വലിയ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടാടുന്നത്. ദസറയുടെ വിപുലമായ ആഘോഷത്തിനായി നഗരം അലങ്കരിച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ വ്യാവസായിക പ്രദര്‍ശനം, ചലച്ചിത്രമേള, പുഷ്പ പ്രദര്‍ശനം, ഭക്ഷ്യമേള, നാടന്‍ കുസ്തി മത്സരം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. മൈസൂര്‍ കൊട്ടാരം ദീപാലങ്കാരം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ആരാധനയും ദസറ ആഘോഷങ്ങളും തിങ്കളാഴ്ച മുതല്‍ ഒമ്പത് ദിവസം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: