നിലപാടുകളും നിശ്ചയദാര്‍ഢ്യവുമുള്ള രാഷ്ട്രീയക്കാരന്. അതായിരുന്നു ആര്യാടന് മുഹമ്മദ്. ചന്തമുള്ളവനെ നോക്കി അപ്പാ എന്നു വിളിക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ലായിരുന്നു. മലപ്പുറം ജില്ലയിലെ ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്ന ആര്യാടന് എന്നും ലീഗ് ചിന്തിക്കുന്നതിന് നേരെ എതിരായിരുന്നു. മാര്‍ക്സിസ്റ്റുകാരും ലീഗുകാരും എതിര്‍ത്താലും നിയമസഭയിലെത്താന്‍ അദ്ദേഹത്തിനായി. അതും എട്ടു തവണ. 4 തവണ മന്ത്രിയുമായി. കലാശാല വിദ്യാഭ്യാസമോ ക്യാമ്പസ് രാഷ്ട്രീയമോ ഇല്ലാത്ത ആര്യാടന് അതുള്ളവരെ നിഷ്പ്രഭരാക്കി.
നിലമ്പൂര്‍ ഗവ.മാനവേദന് ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. ട്രേഡ് യൂണിയന് പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തി. 1959ല്‍ വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്. 1960ല്‍ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1962വണ്ടൂരില്‍ നിന്ന് കെപിസിസി അംഗം. 1969ല്‍ മലപ്പുറം ജില്ല രൂപവല്‍ക്കരിച്ചപ്പോള്‍ ഡിസിസി പ്രസിഡന്റായി. 1978മുതല്‍ കെപിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
1965ലും, 67ലും നിലമ്പൂരില്‍ നിന്ന് നിയസഭയിലേക്ക് മത്സരിച്ചെങ്കിലും കെ.കുഞ്ഞാലിയോട് തോറ്റു. 1969ല്‍ ജൂലൈ 28ന് കുഞ്ഞാലി വധകേസില്‍ പ്രതിയായി ജയില്‍വാസം. ഹൈക്കോടതി കുറ്റവിമുക്താനാക്കി. 1977ല്‍ നിലമ്പൂരില്‍ നിന്ന് നിയസഭയിലെത്തി. 1980ല്‍ എ ഗ്രൂപ്പ് ഇടതുമുന്നണിയില്‍. പൊന്നാനിയില്‍ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. ആ വര്‍ഷം എംഎല്‍എ ആകാതെ ഇടതുമുന്നണി മന്ത്രിസഭയില്‍ വനം -തൊഴില്‍ മന്ത്രിയായി.
തുടര്‍ന്ന് ആര്യാടന് വേണ്ടി സി.ഹരിദാസ് നിലമ്പൂരില്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്, മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ചു. 1982ല്‍ ടി.കെ.ഹംസയോട് തോല്‍ക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് 1987മുതല്‍ 2011വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും ആര്യാടനായിരുന്നു ജയം. 1995ല്‍ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍ ടൂറിസം മന്ത്രിയായി. 2005ലും, 2001ലും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു.
1980ല്‍ തൊഴില്‍ മന്ത്രിയായിരിക്കെ തൊഴില്‍രഹിത വേതനവും, കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പാക്കി. 2005ല്‍ വൈദ്യുതി മന്ത്രിയായിരിക്കെ ആര്‍ജിജിവൈ പദ്ധതിയില്‍ മലയോരങ്ങളില്‍ വൈദ്യുതി എത്തിച്ചു. 2011ല്‍ മലബാറില്‍ പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ പദ്ധതികള്‍ നടപ്പാക്കി. ഉള്‍വനത്തില്‍ ആദിവാസികള്‍ കോളനികളിലും വൈദ്യുതി എത്തിക്കാനും അദ്ദേഹം മുന്‍കൈ എടുത്തു.
കേരള രാഷ്ട്രീയത്തില്‍ ആര്യാടന് ബദല്‍ ആര്യാടന് മാത്രം. രാഷ്ട്രീയ യാത്രയിലും ഇടപെടലുകളിലും തുടങ്ങി പ്രസംഗത്തില്‍ വരെയുണ്ട് ഈ ആര്യാടന് ടച്ച്. ആര്യാടന്റെ ഓരോ രാഷ്ട്രീയ നീക്കത്തിലും എതിരാളികള്‍ക്കുപോലും നേരിട്ട് ആദ്യം മനസ്സിലാവാത്ത അപ്രതീക്ഷിത മാനങ്ങള്‍ പിന്നീട് കൈവരാറുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ കാച്ചാംകുറിശ്ശി കേശവന്റെ തലയെടുപ്പും ആനച്ചന്തവും കരുത്തുമുണ്ടായിരുന്നു ആ ആര്യാടന് ശൈലിക്ക്. എംഎല്‍എ കെ.കുഞ്ഞാലിയെ വെടിവച്ചു കൊന്ന കശ്മലനെന്ന മുദ്ര കുത്തി ജയിലിലടച്ചു. ആ സിപിഎമ്മുകാര്‍ തന്നെ ആര്യാടനുവേണ്ടി വോട്ടുപിടിക്കാനും വിജയിപ്പിക്കാനും മുന്നിട്ടിറങ്ങിയതിലെ പാപ്പരത്വവും പാപക്കറയും കഴുകിക്കളയാന്‍ അവര്‍ക്കായിട്ടില്ല.
1977ല്‍ നിലമ്പൂരില്‍നിന്ന് നിയമസഭയിലെത്തിയതോടെ ആര്യാടനൊപ്പം ഇടതു സ്വാധീനമേഖലയായിരുന്ന നിലമ്പൂരിന്റേയും ചരിത്രം മാറുകയായിരുന്നു. കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായിരുന്ന നിലമ്പൂരും മലപ്പുറത്തിന്രെ മലയോര മേഖലയും ആര്യാടന്റെ പ്രഭാവത്തിലാണ് കോണ്‍ഗ്രസ് സ്വാധീന മേഖലയാവുന്നത്. മുന്നണിയും സ്വന്തം പാര്‍ട്ടി സംവിധാനവും ഒന്നും നോക്കാതെ പറയാനുളളത് ആരോടും വെട്ടിത്തുറന്ന് പറയാനുളള ആര്‍ജവമാണ് ആര്യാടനെ വ്യത്യസ്തനാക്കിയത്. ആര്യാടന് എയ്യുന്ന അമ്പ് ഒരുപക്ഷെ ചെന്നു പതിക്കുക നേരിട്ടായിരിക്കില്ല. ആര്യാടന് തന്നെ ലക്ഷ്യമിട്ട മറ്റാര്ക്കെങ്കിലുമാവും. രാഷ്ട്രീയ യാത്രയിലും ഇടപെടലുകളിലും തുടങ്ങി പ്രസംഗത്തില്‍ വരെയുണ്ട് ഈ ആര്യാടന് ടച്ച്. ആര്യാടന്റെ ഓരോ രാഷ്ട്രീയ നീക്കത്തിലും എതിരാളികള്‍ക്കുപോലും നേരിട്ട് ആദ്യം മനസ്സിലാവാത്ത അപ്രതീക്ഷിത മാനങ്ങള്‍ പിന്നീട് കൈവരാറുണ്ട്.
ആര്യാടന് ഉയര്‍ത്തിക്കൊണ്ടു വരുന്ന വിഷയങ്ങള്‍ രാഷ്ട്രീയ കേരളം സശ്രദ്ധം വീക്ഷിക്കുമായിരുന്നു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയിരുന്ന രാഷ്ട്രീയ തന്ത്രജ്ഞനാണ് ഓര്‍മയാകുന്നത്. ഒപ്പം കേരള രാഷ്ട്രീയത്തിന് നഷ്ടമാകുന്നത് കറകളഞ്ഞ മതേതര വാദിയെയും. മത തീവ്രവാദത്തെ ശക്തിയുക്തം എതിര്‍ക്കുന്ന നിലപാടായിരുന്നു ആര്യാടന്റേത്. 2003ലെ മാറാട് കലാപത്തില്‍ അത് തെളിഞ്ഞതാണ്. 8 മത്സ്യത്തൊഴിലാളികളെ മാറാട് കടപ്പുറത്ത് വെട്ടിവീഴ്ത്തിയതിനെ ശക്തമായി അപലപിച്ച ആര്യാടന് ഈ വിഷയത്തില്‍ സിപിഎം സെക്രട്ടറി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും സ്വീകരിച്ച നിലപാടിനെ അനുകൂലിച്ചിരുന്നില്ല. വിഷയത്തില്‍ ശക്തമായി ഇടപെട്ട് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടാനും ആര്യാടന് മുതിര്‍ന്നു. ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് അയോദ്ധ്യാ വിഷയത്തിലെ ആര്യാടന്റെ നിലപാട്. ഹിന്ദുവികാരം മാനിക്കപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
നിയമസഭയിലെ ചര്‍ച്ചകളും ചടുലമായ നീക്കങ്ങളും എന്നെന്നും സ്മരിക്കപ്പെടും. ബജറ്റ് പ്രസംഗത്തില്‍ മാത്രമല്ല ബില്ലുകളുടെ ചര്‍ച്ചകളും മാതൃകാപരമാണ്. നിലമ്പൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ തേക്കിനെക്കുറിച്ചാണ് ഓര്‍മ്മ വരിക. പ്രായം കൂടുംതോറും കാതല്‍ കൂടുന്ന ഇനമാണ് തേക്ക്; ആര്യാടനെപ്പോലെ. കൊണ്ടുംകൊടുത്തും പൊരുതി വളര്‍ന്ന രാഷ്ട്രീയ അനുഭവങ്ങളുടെ കരുത്തായിരുന്ന ആര്യാടന് മുഹമ്മദിനെ എന്നും പാര്‍ട്ടിക്ക് ആവശ്യമായിരുന്നു. രാഷ്ട്രീയ എതിരാളികളോടും കൂടെയുള്ളവരോടും സ്വീകരിക്കുന്ന സമയോചിത നിലപാടാണ് അനിഷേധ്യ നേതാവായി ആര്യാടനെ വളര്‍ത്തിയത്.”മലബാറിന്റെ സുല്‍ത്താന്‍’ എന്നാണ് കോണ്‍ഗ്രസിലെ പുതുതലമുറ ആര്യാടന് മുഹമ്മദിനെ വിളിക്കുന്നത്.
പ്രസംഗപീഠത്തില്‍ മുന്നിലേക്കു മാത്രമല്ല, രണ്ടു വശങ്ങളിലേക്കും ആവശ്യമെങ്കില്‍ പിന്നിലേക്കും നോക്കിയാണ് സംസാരിക്കുക. കണ്ണിനു കണ്ണെന്ന നയം ലോകത്തെ അന്ധമാക്കും എന്ന ഗാന്ധിജിയുടെ ഉദ്ധരണി വായിച്ചാണ് ആര്യാടന് ഓരോ ദിവസവും മുറിക്കു പുറത്തിറങ്ങുന്നത്. പ്രശ്നങ്ങള്‍ കേട്ട് പരിഹാരം ഉറപ്പുനല്‍കുന്നതാണ് ആര്യാടനെ ജനങ്ങളുടെ പ്രിയങ്കരനാക്കിയത്. പരാതിക്കിടയാക്കിയവരോട് ആദ്യം മയത്തിലും പിന്നെ കര്‍ക്കശസ്വരത്തിലുമാണ് സംസാരിക്കുക. പ്രസംഗിക്കുമ്പോഴുമുണ്ട് ഈ കയറ്റിറക്കങ്ങള്‍. അതുതന്നെയാണ് ആര്യാടനെ ആര്യാടനാക്കി നിലനിര്‍ത്തുന്നത്. എല്ലാവരോടും തികഞ്ഞ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആര്യാടന് ബിജെപിയിലെ പി.പി. മുകുന്ദനുമായുള്ള സൗഹൃദം എടുത്തു പറയേണ്ടതുതന്നെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: