വയനാട്: പുല്‍പ്പള്ളിയില്‍ ആപ്പിള്‍ കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. വാഹനങ്ങളില്‍ വില്‍പ്പന നടത്തുന്ന ആപ്പിളുകള്‍ വാങ്ങി കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവര്‍ക്ക് വയറുവേദന, തലവേദന എന്നിവ അനുഭവപ്പെട്ടു. സംഭവത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പോലീസില്‍ പരാതി നല്കി.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ തലേ ദിവസം വാങ്ങിയ ആപ്പിള്‍ മുറിച്ച് നോക്കിയപ്പോള്‍ നിറവ്യത്യാസം കണ്ടത്. ചിലര്‍ ആപ്പിള്‍ കഴിച്ചിരുന്നില്ല. മുറിച്ച് കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആപ്പിളുകള്‍ കറുപ്പും ചുവപ്പും നിറങ്ങളിലായി. പരിശോധിച്ചപ്പോള്‍ ഇവയില്‍ സൂചി കുത്തിയത് പോലുള്ള പാടുകള്‍ കണ്ടെത്തിയതായും ഇവര്‍ പറയുന്നു. മൈസൂരുവില്‍ നിന്നും എത്തിച്ച് വില്‍പ്പന നടത്തിയ ആപ്പിളുകളിലാണ് അസ്വാഭാവികത കണ്ടെത്തിയത് എന്നാണ് സൂചന. ആലത്തൂര്‍ ഭാഗത്ത് ആപ്പിള്‍ കഴിച്ചവര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഈ സാഹചര്യത്തില്‍ ആശങ്കയിലാണ് പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി, ആലത്തൂര്‍ മേഖലകളിലെ ജനങ്ങള്‍.
ചെറിയ ഗുഡ്സ് വാഹനങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്തിയവരില്‍ നിന്നാണ് പലരും ആപ്പിള്‍ വാങ്ങിയത്. അതേസമയം, ഒരുമാസമായി ആപ്പിള്‍ കേടാകാതെ ഇരിക്കുന്നുണ്ടെന്നും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. വിളവെടുപ്പു കാലമായതോടെ ജില്ലയിലെമ്പാടും വ്യാപകമായി പല തരത്തിലുള്ള ആപ്പിള്‍ വില്‍പ്പനക്ക് എത്തിച്ചിട്ടുണ്ട്. അതിനിടെ സംഭവം സംബന്ധിച്ച് ജില്ല ആരോഗ്യവകുപ്പിന് പരാതി ലഭിച്ചിട്ടില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: