കൊച്ചി : കലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കലൂരില്‍ നടന്ന ഗാനമേളയ്ക്കിടയിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എറണാകുളം പള്ളുരുത്തി സ്വദേശി രാജേഷിനെയാണ് കലൂരില്‍ അര്‍ദ്ധരാത്രി കുത്തിക്കൊന്നത്. ഒന്നര മാസത്തിനുള്ളില്‍ കൊച്ചി നഗരമധ്യത്തിലുണ്ടായ ആറാമത്തെ കൊലപാതകമാണ് ഇത്.
ശനിയാഴ്ച രാത്രി കലൂര്‍ സ്റ്റേഡിയത്തിന് സമീപം സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയും ലേസര്‍ഷോയുമുണ്ടായിരുന്നു. ഈ ലേസര്‍ ഷോയിലെ ലൈറ്റ് ഓപ്പറേറ്ററായിരുന്നു കൊല്ലപ്പെട്ട 24 വയസുകാരനായ രാജേഷ്. ഗാനമേളയ്ക്കിടെ രണ്ട് പേര് പരിപാടി കാണാനെത്തിയ പെണ്‍കുട്ടിയോട് അപമര്യാദമായായി പെരുമാറി. ഇത് സംഘടകര്‍ ചോദ്യം ചെയ്തു.
രാജേഷ് അടക്കമുള്ളവര്‍ ചേര്‍ന്ന് പ്രശനമുണ്ടാക്കിയ രണ്ട് പേരെയും ഗാനമേള കാണുന്നത് വിലക്കി പുറത്താക്കി. ഇതില്‍ അമര്‍ഷം പൂണ്ട ഇരുവരും പരിപാടി കഴിഞ്ഞതിന് ശേഷം തിരിച്ചെത്തി സംഘാടകരെ ആക്രമിക്കുകയായിരുന്നു. പ്രതികളിലൊരാള്‍ കല്ലുകൊണ്ട് തലയ്ക്കടിയ്ക്കാന്‍ ശ്രമിച്ചത് രാജേഷിന്റെ സുഹൃത്തുക്കള്‍ തടഞ്ഞു. ഈ സമയം മുപ്പത് വയസ് പ്രായം തോന്നിക്കുന്ന താടിയുള്ള ഒന്നാം പ്രതി കയ്യില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള കത്തികൊണ്ട് രാജേഷിനെ തുരുതുരാ കുത്തുകയായിരുന്നു.
രാജേഷിനെ സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൃത്യത്തിന് ശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: