എം.എന്‍. ശ്രീരാമന്‍
ബസ് പോസ്റ്റോഫീസ് ജംഗ്ഷന്‍ കഴിഞ്ഞപ്പോഴാണ് ആ പെണ്‍കുട്ടി എന്റരുകില്‍ ഒഴിവുള്ള സീറ്റില്‍ വന്നിരുന്നത്. നല്ല ധൃതിയിലും സമ്മര്‍ദ്ദത്തിലുമാണ് അവളെന്ന് എനിക്ക് മനസ്സിലായി. അവളുടെ നെഞ്ചിടിപ്പിന്റെ താളക്രമങ്ങള്‍ എന്റെ വലതുകൈയിലൂടെ എന്നിലേക്കും പ്രവേശിക്കുന്നു. നെറ്റിയിലും മൂക്കിലും വിയര്‍പ്പ് തുള്ളിയിട്ടുതുടങ്ങിയിരിക്കുന്നു. മേല്‍ച്ചുണ്ടിന്റെ മേലിലും നനവുണ്ട്. സീറ്റില്‍ ഇരുന്നപാടെ തിടുക്കത്തില്‍ത്തന്നെ ബാഗില്‍ ഇരുന്ന ചെറിയ പേഴ്‌സിനുള്ളിലെ മൊബൈല്‍ എടുത്ത് ഡയല്‍ ചെയ്തു. അപ്പുറം ഫോണ്‍ അറ്റന്റ് ചെയ്തു.
-അമ്മേ, ഞാന്‍ സിറ്റിയില്‍ എത്തീട്ടൊ..
-ഉം…സൂക്ഷിക്കണം, മോളെ? കാലുകൊണ്ട് ഒട്ടും വയ്യാഞ്ഞിട്ടാ..അല്ലേല്‍ അമ്മേം മോളുടെ കൂടെ വരേണ്ടതാ..
-അത് കുഴപ്പോല്യ, അമ്മേ..ഇനി കരിങ്ങാലിക്കാട് എത്തണം..എനിക്ക് ഒട്ടും അറിയാത്ത സ്ഥലാ..
-ആരോടെങ്കിലും ചോദിച്ച് നോക്കൂ..
-ചോദിക്കാം, അമ്മേ..ഞാനിനി അവിടെ എത്തീട്ടേ അമ്മയെ വിളിക്കൂ..
-അത് മതി..
അവള്‍ ഫോണ്‍ കട്ട് ചെയ്ത്, എന്നെ നോക്കി. അവള്‍ എന്നെ നോക്കുന്നുണ്ടെന്ന് ഞാനറിഞ്ഞെങ്കിലും ദൃഷ്ടി അങ്ങോട്ട് തിരിച്ചില്ല. അതുകൊണ്ടുതന്നെ മടിയോടെയാണ് എന്നെ വിളിച്ചത്.
-അങ്കിളേ..
ഞാന്‍ കണ്ണുകളടച്ചു. ഉള്ളിന്റെ ഉള്ളിലിരുന്ന് ആരോ എന്നെ വിളിച്ചു, അങ്കിളേ… കണ്‍പീലികളില്‍ പെട്ടെന്ന് പരന്ന ഈര്‍പ്പത്തോടെ ഞാന്‍ ആ കുട്ടിയെ നോക്കി.
-എന്ത്യേ മോളെ?
അവള്‍ക്കെന്തോ ആ ശബ്ദത്തില്‍ സുരക്ഷയുടെ കര സ്പര്‍ശനം കിട്ടി.
-അങ്കിളേ, ഈ കരിങ്ങാലിക്കാട് എവിടെയാണ്?
-ഇവിടുന്ന് ഏഴ് കിലോമീറ്ററുണ്ട്..
-അവിടത്തെ വില്ലേജ് ഓഫീസ് അങ്കിളറിയ്യൊ?
-ഉവ്വ്. എന്തേലും കാര്യം അവിടെയുണ്ടൊ?
-ഉണ്ട്..അങ്കിള് അവിടെ പോവാറുണ്ടൊ?
-പോവാറുണ്ട്..എന്താ കാര്യം..പറയൂ..
-ഞാന്‍ ആദ്യായിട്ട് ജോലിക്ക് കയറുന്നത് അവിടെയാ, അങ്കിളേ..
വാക്കുകളുടെ ഒടുവില്‍ ശബ്ദം ഇടറിയോ എന്ന സംശയം. ഞാന്‍ നോക്കുമ്പോള്‍ അവളുടെ മുഖം ദുഃഖപൂ
രിതമായിരിക്കുന്നു. കണ്ണുകള്‍ നിറഞ്ഞുവന്നിരിക്കുന്നു. തൊണ്ട ഹൃദയത്തെപ്പോലെ സ്പന്ദിക്കുന്നു. ഞാന്‍ പതിയെ ചോദിക്കുന്നു,
-എന്തേ കുട്ടി വിഷമിക്കുന്നേ?
-ഇല്ല, അങ്കിളേ..എന്റെ അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോയതാ..
-കുട്ടിക്ക് അച്ഛനില്ലേ?
-ഉണ്ടോന്ന് അറിയില്ല..എനിക്ക് മൂന്ന് വയസ്സുള്ളപ്പൊ വീട് വിട്ടുപോയതാ..
-എന്തായിരുന്നു അച്ഛന്റെ പേര്?
-കാര്‍ത്തികേയന്‍..
-മോളുടെ പേരൊ?
-എന്റെച്ഛന് ഇഷ്ടപ്പെട്ട പേരാ..കാര്‍ത്തിക..
-അതെങ്ങനെ അറിഞ്ഞു, അച്ഛന് ഇഷ്ടപ്പെട്ടതാണെന്ന്?
-അച്ഛന്‍ അമ്മയോട് പറയുമായിരുന്നു..പെങ്കൊച്ചാണെങ്കി കാര്‍ത്തികേന്ന് വിളിക്കണംന്ന്..
-എന്തിനാ അച്ഛന്‍ നിങ്ങളെയൊക്കെ വിട്ട് പോയത്?
അതിനുള്ള മറുപടി നിശ്ശബ്ദതയായിരുന്നു. പക്ഷേ, ആ നിശ്ശബ്ദത നീണ്ട നിലവിളിയാണെന്ന് എന്റെ കണ്ണുകളിലും കര്‍ണ്ണങ്ങളിലും പെട്ടെന്നുതന്നെ ദൃശ്യപ്പെട്ടു. കര്‍ചീഫ് മുഖത്ത് നിവര്‍ത്തി, മുഖം മറച്ച് അവളിരുന്നു. എനിക്കും കുറ്റബോധം തോന്നി, അങ്ങനെ ചോദിക്കണ്ടായിരുന്നു..
പിന്നീടെപ്പോഴൊ ശ്വാസഗതി സാധാരണമായപ്പോള്‍ കാര്‍ത്തിക എന്നോട് പറഞ്ഞു,
-അറിയില്ല, അങ്കിളേ..ഇന്നായിരുന്നെങ്കി അച്ഛനെ ഞാന്‍ വിടുമായിരുന്നില്ല..
ഞാന്‍ അറിയാതെ ചിരിച്ചുപോയി.
-ഇന്നാണെങ്കി ഒരച്ഛനും മോളെപ്പോലുള്ള കുട്ടിയെ ഇട്ടിട്ടുപോവാന്‍ കഴിയില്ല..ആണുങ്ങള്‍ അത്രേം ക്രൂരരല്ല, മോളെ..
അവളുടെ മുഖം ജിജ്ഞാസമായി.
-ആണൊ? അങ്കിളാണെങ്കി വീട്ടീന്ന് ഇറങ്ങിപ്പോവ്വൊ? അങ്കിളിന്റെ മകള്‍ക്ക് ഇപ്പൊ എത്ര വയസ്സുണ്ട്?
ഞാന്‍ വീണ്ടും ചിരിച്ചു. അറിയാതെ അവളുടെ ശിരസ്സില്‍ കൈവച്ചു. അവളത് തടഞ്ഞില്ല; പക്ഷെ, ഞാന് കൈ പിന്‍വലിച്ചു.
-അങ്കിളിന് മകളില്ല, കുട്ടീ..
-അയ്യൊ, അതെന്താ?
-അങ്കിള്‍ വിവാഹം കഴിച്ചിട്ടില്ല..
അവള്‍ക്ക് അത്ഭുതം.
-അങ്കിളിന്റെ മുടിയൊക്കെ നരച്ച് തുടങ്ങിയല്ലൊ..ഒരമ്പത്തിയഞ്ച് വയസ്സായിട്ടില്ലെ?
എനിക്ക് രസം തോന്നി.
-കൃത്യമാണല്ലൊ മോളുടെ കണക്ക്..
അവള്‍ നന്ദിസൂചകമായി ചിരിച്ചു.
-അങ്കിളെന്താ വിവാഹം കഴിക്കാതിരുന്നെ?
-അങ്കിളിന് ആരേം ഇഷ്ടപ്പെട്ടില്ല..അതോണ്ടാ വിവാഹം കഴിക്കാതിരുന്നെ..
ഉം..എന്ന മട്ടില് അവള്‍ ചിരിച്ചു,
-നൊണ..ഈ ആണുങ്ങള് വാ തുറന്നാ നുണയേ പറയൂ..
ഞാന്‍ പക്ഷേ, ആ ചോദ്യത്തിന്റെ ചിറകുകളില്‍ കൊരുക്കപ്പെട്ടിരുന്നു.
-ഞാന്‍ സത്യം പറയട്ടെ..
-ആ..പറയണമല്ലൊ..
-മരണം..ഓരോ ജനനവും ഓരോ മരണമാണ്..ഞാനായിട്ട് ഒരു മരണത്തെ സൃഷ്ടിക്കില്ല എന്നുറച്ച തീരുമാനമായിരുന്നു, എനിക്ക്..ജനിച്ചതുകൊണ്ട് മാത്രം ജിവിക്കുന്നവനാണ് ഞാന്‍..
അവളെന്നെ അന്തംവിട്ട് നോക്കി.
-അങ്കിള് എത്ര വരെ പഠിച്ചു?
-ഞാന്‍ സ്‌കൂളില്‍ പോയിട്ടില്ല, മോളെ..
-അങ്കിളിന്റെ പേര്?
-ആരും എന്നെ പേര് വിളിക്കാറില്ല..
ങേ???..അവളെന്നെ നോക്കി.
ബസ് അപ്പോഴേയ്‌ക്കും സ്റ്റാന്റിലെത്തി. അവള്‍ക്കിറങ്ങണം; കരിങ്ങാലിക്കാട്ടിലേക്കുള്ള ബസ്സില്‍ കയറണം. അവള്‍ എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ ചോദിച്ചു,
-ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ?
-എന്താ?
-ഞാന്‍ മോളുടെ കൂടെ കരിങ്ങാലിക്കാട്ടിലേക്ക് വന്നാല്‍ മോള് അങ്കിളിനെ ചീത്ത പറയ്യൊ?
അവള്‍ ഒരു നിമിഷം നിശ്ശബ്ദയായി നിന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞുവന്നു. എന്റെ കൈയ്യില്‍ അവള്‍ പിടിച്ചു..
കരിങ്ങാലിക്കാട്ടിലേക്കുള്ള ബസ്സിലും ഞങ്ങള്‍ ഒരേ സീറ്റില്‍ത്തന്നെ ഇരുന്നു. കാര്‍ത്തിക തുടര്‍ച്ചയായി പറഞ്ഞുതുടങ്ങി.
-ആദ്യായിട്ട് എഴുതിയ പിഎസ്സിസി പരിക്ഷയില്ത്തന്നെ എനിക്ക് സെലക്ഷന്‍ കിട്ടി. കരിങ്ങാലിക്കാട് വില്ലേജ് ഓഫീസില് ക്ലര്‍ക്കായിട്ട്..
-മിടുക്കി..മടി കൂടാതെ ജോലിക്ക് വരണം; ശമ്പളം സൂക്ഷിക്കണം; അമ്മയെ സംരക്ഷിക്കണം; നല്ലൊരു പയ്യനെ കണ്ടുപിടിച്ച് വിവാഹം കഴിക്കണം..
-ബാക്കി എല്ലാവരും വിവാഹം കഴിക്കണം..അങ്കിളിന് വിവാഹം കഴിക്കാന്‍ പറ്റില്ല., അല്ലെ?
ആ ചോദ്യത്തിന് മറുപടി പറയാതെ ഞാന്‍ മറ്റൊരുചോദ്യം ചോദിച്ചു.
-അമ്മയുടെ അതേ മുഖച്ഛായയല്ലെ മോള്‍ക്ക്?
അവള്‍ ഒരു നിമിഷം എന്നെ തറപ്പിച്ച് നോക്കി.
-അതെങ്ങനെ അങ്കിളറിഞ്ഞു?
-എനിക്കറിയാം..മോളുടെ അമ്മ സുന്ദരിയാണ്.
അവള്‍ ചിരിച്ചു. എന്നിട്ട് വാട്‌സപ്പിലെ അമ്മയുടെ പ്രൊഫൈല്‍ ചിത്രം അവള്‍ എന്നെ കാണിച്ചു.
-ഇതാണ് എന്റെ അമ്മ..
ഞാന്‍ പറഞ്ഞത് സത്യമായിരുന്നു. നാല്‍പ്പത്തിയഞ്ച് കഴിഞ്ഞിട്ടും സുന്ദരിയായ സ്ത്രീ. ഞാനവളോട് ചോദിച്ചു,
-സത്യമല്ലെ, അങ്കിള് പറഞ്ഞത്?
അവളുടെ മുഖം ആകെ കലുഷിതമായിരുന്നു. സമാശ്വാസിപ്പിക്കുന്ന മട്ടില്‍ ഞാന്‍ പറഞ്ഞു.
-ഒന്നുറപ്പാ; അച്ഛന്റെ സ്വഭാവമല്ല, മോള്‍ക്ക്..അമ്മയുടെ സ്വഭാവവും സൗന്ദര്യവും..
ഒന്ന് നിര്‍ത്തിയിട്ട് ഞാന്‍ വീണ്ടും തുടര്‍ന്നു.
-ഒരു കാര്യം ഉറപ്പാ..മോളുടെ അമ്മയുടെ കുറ്റം കൊണ്ടായിരിക്കില്ല അച്ഛന്‍ വീട് വിട്ടുപോയത്..
അവളുടെ മുഖം പതിയെ പതിയെ തെളിഞ്ഞു വന്നു..ഒപ്പം ആ പുഞ്ചിരിയും..
കരിങ്ങാലക്കാട് ബസ്റ്റോപ്പില്‍ ഇറങ്ങി; ഞങ്ങള്‍ വില്ലേജ് ഓഫീസിലേക്ക് നടന്നു. ഓഫീസിന്റെ വരാന്തയില്‍ കയറി, വില്ലേജ് ഓഫീസറുടെ മുന്നില്‍ ഹാജരാവുന്നതിന് മുന്നേ കാര്‍ത്തിക പെട്ടെന്ന് എന്റെ കാല്‍ തൊട്ടു. വിറങ്ങലിച്ചപോലെ നിന്ന ഞാന്‍ അറിയാതെ അവളുടെ തലയില്‍ കൈവച്ചു..
ജോലിയില്‍ കയറി. പിറ്റേന്നു മുതല്‍ വന്നാല്‍ മതി എന്ന വില്ലേജ് ഓഫീസറുടെ നിര്‍ദ്ദേശത്താല്‍ ഞങ്ങള്‍ നഗരത്തിലേക്ക് തിരിച്ചു..
ഒന്നിച്ചിരിക്കാനുള്ള സീറ്റ് ഇത്തവണ കിട്ടിയില്ല. നെല്‍പ്പാടവും അങ്ങകലെ ഇളം നീലനിറത്തില്‍ ആകാശത്തോട് അലിഞ്ഞുകിടക്കുന്ന മലനിരകളും നിറയെ ഓളങ്ങളുമായി ഒഴുകുന്ന അരുവിയും കണ്ട് കണ്ട് പോകെ, ഞാന്‍ അറിയാതെ ഉറക്കത്തിലേക്ക് വീണു..കളഞ്ഞുപോയ ഒരു പുസ്തകമാണ് എന്റെ ജീവിതം എന്ന് ആരോ എന്നോട് പറഞ്ഞു. ആ ആള്‍ക്ക് ഇരുണ്ട നിറമാണ്. മുടി വളര്‍ന്ന് താഴോട്ട് കിടക്കുന്നു. മീശയും അങ്ങനെത്തന്നെ. പുസ്തകങ്ങള്‍ക്ക് മൂല്യമേറുന്നത് അവ വായിച്ചു മനസ്സിലാക്കാനാവുന്ന കൈത്തലങ്ങളെ കിട്ടുമ്പോഴാണ്..നിന്നെ ഒരാള്‍ കാത്തിരിപ്പുണ്ട്..ഞാനറിയാതെ കണ്ണുകള്‍ തുറന്നു..
ബസ് മുന്നോട്ടുതന്നെ പോയിക്കൊണ്ടിരുന്നു..
സ്റ്റാന്റില്‍ ഇറങ്ങി, കാര്‍ത്തികയ്‌ക്ക് പോകേണ്ട ബസ് അവളെന്നെ കാണിച്ചുതന്നു. ഞാന്‍ പറഞ്ഞു,
-മോളേ പൊയ്‌ക്കോളൂ..ടെന്‍ഷനില്ലാതെ കരിങ്ങാലിക്കാട് എത്താന്‍ പറ്റിയല്ലൊ, അല്ലെ?
ഉവ്വ് എന്ന് അവള്‍ തലയാട്ടി. അവളുടെ മുഖം പക്ഷെ, സങ്കടം കൊണ്ട് വിതുമ്പി വന്നു.
-സത്യം പറയൂ, അങ്കിള് എന്തിനാ എന്റെ കൂടെ വന്നെ? ഞാനാരാ അങ്കിളിന്റെ?
-വിവാഹം കഴിച്ചിരുന്നെങ്കി എന്റെ മോളുടെ അതേ പ്രായായിരിക്കും മോള്‍ക്ക്..എനിക്ക് മോളുടെ ടെന്‍ഷന്‍ മനസ്സിലായി..അതോണ്ടാ അങ്കിള് കൂടെ വന്നെ..പിന്നെ, അങ്കിളിന് പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലല്ലൊ..ദൈവാധീനം കൊണ്ടാ മോള്‍ക്ക് അങ്കിളിനെ കാണാന്‍ പറ്റിയെ..ഒരു വിഷമവും ഇല്ലാതെ ഓഫീസില്‍ എത്താന്‍ പറ്റിയില്ലെ?
അവള്‍ ദീര്‍ഘമായി നിശ്വസിച്ചു.
-എനിക്ക് അങ്കിളിന്റെ ഫോണ്‍ നമ്പര്‍ വേണം..
-അങ്കിളിന് ഫോണ്‍ നമ്പറൊ ഫോണോ ഇല്ല. ആധാര്‍ കാര്‍ഡ് ഇല്ല.. റേഷന്‍ കാര്‍ഡ് ഇല്ല.. അങ്കിളിന് ആരും ഇല്ല, മോളെ..
-അങ്കിളിന് എല്ലാവരും ഉണ്ട്. അങ്കിളിന് ഞാന്‍ ഫോണ്‍ മേടിച്ച് തരും.. ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ശരിയാക്കിത്തരും.. എന്റെ ഓഫീസില്‍ അങ്കിള്‍ ഇടയ്‌ക്കിടെ വരണം.. ആദ്യ ശമ്പളം കിട്ടുമ്പൊ എനിക്ക് അങ്കിളിനെ കാണണം..
എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. എന്റെ ചിരി സങ്കടത്തിന്റെ താളത്തിലേക്ക് അനുക്രമമായി ലയിച്ചു. ചുണ്ടുകള്‍ അറിയാതെ വിറയ്‌ക്കുന്നു. കണ്ണുകളുടെ കോണുകളില്‍ ഒരു പുകച്ചില്‍. ഞാന്‍ പറയാന്‍ ശ്രമിച്ചു.
-അങ്കിളിനെ ഇനി കാണില്ല, മോളെ..അങ്കിളിന്റെ ഫോട്ടൊ പത്രത്തില്‍ കാണുമ്പൊ അങ്കിളിന്റെ ബോഡി ഏറ്റെടുത്ത് പൊതുശ്മശാനത്തില്‍ മോള് സംസ്‌കരിച്ചാല്‍ മാത്രം മതി..മരിച്ചുകിടക്കുന്ന അങ്കിളിനെ ആരും അനാഥന്‍ എന്ന് വിളിക്കരുത്..
അത് കേള്‍ക്കെ പിടിച്ചുനില്‍ക്കാനാവാതെ പൊട്ടിക്കരഞ്ഞുകൊണ്ട് കാര്‍ത്തിക എന്നെ കെട്ടിപ്പിടിച്ചു. കരച്ചിലിനിടയില്‍ അവളെന്നെ അച്ഛാ..എന്ന് വിളിച്ചപോലെ എനിക്ക് തോന്നി..
പ്രതികരിക്കാൻ ഇവിടെ എഴുതുക: